കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവരുടെ ജനനസ്ഥലവും ഭാഷാ വിവരങ്ങളും ശേഖരിക്കും

കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവരുടെ ജനനസ്ഥലം (രാജ്യം), വീട്ടിൽ സംസാരിക്കുന്ന ഭാഷ എന്നീ വിവരങ്ങൾ സർക്കാർ ശേഖരിക്കും. വാക്സിൻ സ്വീകരണത്തോടുള്ള വ്യത്യസ്ത സമൂഹങ്ങളുടെ പ്രതികരണം അറിയുന്നതിനാണ് ഓസ്ട്രേലിയൻ ആരോഗ്യവകുപ്പിന്റെ തീരുമാനം.

കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുവാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു.വാക്സിൻ വിതരണത്തോട്, വ്യത്യസ്ത സമൂഹങ്ങളിലുള്ളവരുടെ പ്രതികരണം അറിയുന്നതിനായാണ് പുതിയ നടപടി.

നിലവിൽ കൊവിഡ് പോസിറ്റീവാകുന്നവരിൽ നിന്ന് ശേഖരിക്കുന്നതിന് സമാനമായ വിവരങ്ങൾ, വാക്സിൻ സ്വീകരിക്കുന്നവരിൽ നിന്നും ശേഖരിക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതു പ്രകാരം വാക്സിൻ സ്വീകരിക്കാനെത്തുന്നവർ, ജനിച്ച രാജ്യം, വീട്ടിൽ സംസാരിക്കുന്ന ഭാഷ എന്നിവ ബന്ധപ്പെട്ടവർക്ക് കൈമാറണം

വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ നിന്നും ആരോഗ്യ വിദഗ്ദ്ധരിൽ നിന്നുമുള്ള അഭ്യർത്ഥന പ്രകാരമാണ്, ഡാറ്റ ശേഖരിക്കാനുള്ള തീരുമാനം എടുത്തതെന്ന് ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു.

കഴിഞ്ഞ വർഷം വിവിധ കമ്മ്യൂണിറ്റി പ്രതിനിധികളെയും, ആരോഗ്യ വിദഗ്ദ്ധരെയും, പബ്ലിക് ഹെൽത്ത് പ്രാക്ടീഷണർമാരെയും ഉൾപ്പെടുത്തി, സർക്കാർ COVID-19 ആരോഗ്യ ഉപദേശക സമിതി രൂപീകരിച്ചിരുന്നു.

വ്യത്യസ്ത സമൂഹങ്ങളിലുള്ളവർക്ക് വാക്സിൻ വിതരണത്തോടുള്ള പ്രതികരണം, പുതിയ വിവര ശേഖരണത്തിലൂടെ മനസ്സിലാക്കാമെന്നാണ് സർക്കാർ കണക്കു കൂട്ടുന്നത്.

വാക്സിൻ വിതരണം സംബന്ധിച്ച വിവരങ്ങൾ, കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വ്യത്യസ്ത സമൂഹങ്ങളിലെത്തിക്കാൻ ഈ ഡാറ്റാ ശേഖരണം സഹായിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

എന്നാൽ പുതിയതായി ശേഖരിക്കുന്ന ഡാറ്റ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമോ വേണ്ടയോ എന്നതിൽ ആരോഗ്യ വകുപ്പ് തീരുമാനം എടുത്തിട്ടില്ല.

ആരോഗ്യ ഉപദേശക സമിതിയിൽ ചർച്ച ചെയ്ത് വിദഗ്ദ്ധാഭിപ്രായം ലഭിച്ച ശേഷമാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.

വാക്സിൻ സ്വീകരിക്കുന്നതിനോട് വ്യത്യസ്ത സംസ്കാരങ്ങളിലുള്ളവർ തമ്മില്‍ അന്തരം നില നിലനിൽക്കുന്നതായി അടുത്തിടെ പുറത്തു വന്ന പഠനങ്ങൾ സൂചിപ്പിച്ചിരുന്നു.

വാക്സിൻ സ്വീകരിക്കുന്നതിനോടുള്ള എതിർപ്പ് മറികടക്കുന്നതിനായി നിലവിൽ വിവിധ പ്രാദേശിക ഭാഷകളിലടക്കം കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാർ പ്രസിദ്ധികരിക്കുന്നുണ്ട്.

കടപ്പാട്: SBS മലയാളം

Exit mobile version