എമിറേറ്റ്സ് വിമാനസർവീസുകൾ പുനരാരംഭിക്കുന്നു

മൂന്ന് പ്രധാന ഓസ്ട്രേലിയൻ നഗരങ്ങളിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവച്ച നടപടി എമിറേറ്റ്സ് എയർലൈൻസ് പിൻവലിക്കുന്നു. അടുത്തയാഴ്ച മുതൽ സിഡ്നി, മെൽബൺ, ബ്രിസ്ബൈൻ നഗരങ്ങളിലേക്ക് വീണ്ടും സർവീസ് തുടങ്ങും.

കഴിഞ്ഞയാഴ്ചയാണ് മൂന്ന് പ്രധാന ഓസ്ട്രേലിയൻ നഗരങ്ങളിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവയ്ക്കാൻ ദുബായ് ആസ്ഥാനമായ വിമാനക്കമ്പനിയായ എമിറേറ്റ്സ് തീരുമാനിച്ചത്.

ഓസ്ട്രേലിയയിലേക്കുള്ള യാത്രക്കാർക്ക് കൂടുതൽ പരിധി ഏർപ്പെടുത്തുകയും, വിമാനജീവനക്കാർക്ക് ക്വാറന്റൈൻ നിബന്ധനകൾ കർശനമാക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു ഇത്.

ഇതോടെ, പെർത്തിലേക്ക് ആഴ്ചയിൽ നടത്തുന്ന രണ്ടു സർവീസുകൾ മാത്രമായിരുന്നു ബാക്കി.

അനിശ്ചിതകാലത്തേക്ക് സർവീസുകൾ നിർത്തിവയ്ക്കുന്നു എന്നായിരുന്നു എമിറേറ്റ്സ് അധികൃതരുടെ പ്രഖ്യാപനം.

ഓസ്ട്രേലിയയിലേക്ക് മടങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പേരെ പ്രതിസന്ധിയിലാക്കിയ തീരുമാനമായിരുന്നു ഇത്. എമിറേറ്റ്സിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, 20 പുതിയ ചാർട്ടർ വിമാനങ്ങൾ കൂടി ഏർപ്പെടുത്തുമെന്ന് ഓസ്ട്രേലിയൻ സർക്കാരും പ്രഖ്യാപിച്ചു.

എന്നാൽ, ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ തീരുമാനം പിൻവലിക്കാനാണ് എമിറേറ്റ്സ് തീരുമാനിച്ചത്.

ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ കാരണം സർവീസ് നടത്തുന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞതായെന്നും, അതിനാലാണ് സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കഴിഞ്ഞയാഴ്ച തീരുമാനിച്ചതെന്നും എമിറേറ്റ്സ് വ്യക്തമാക്കി.

വിമാനത്തിൽ കയറുന്നതിന് 48 മണിക്കൂറിന് മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്നും, അതുമുതൽ യാത്ര തുടങ്ങും വരെ ഐസൊലേഷനിൽ കഴിയണമെന്നുമുള്ള വ്യവസ്ഥ ഓസ്ട്രേലിയയിലേക്ക് വരുന്ന വിമാനജീവനക്കാർക്കും ബാധകമാക്കിയിരുന്നു.

ഓസ്ട്രേലിയയിലെത്തിയ ശേഷം ഇവർക്ക് വീണ്ടും പരിശോധന നടത്തുകയും, ഹോട്ടൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്യും.

യാത്രയുടെ 48 മണിക്കൂർ മുമ്പ് തുടങ്ങുന്ന ഈ ബബ്ളിൽ, തിരിച്ച് ദുബായിലെത്തുന്നതു വരെ ജീവനക്കാർ തുടരേണ്ടിവരുന്നത് ജീവനക്കാർക്കും, സ്ഥാപനത്തിനും പ്രയാസകരമാണ് എന്നാണ് എമിറേറ്റ്സ് അധികൃതർ ചൂണ്ടിക്കാട്ടിയത്.

എന്നാൽ സാഹചര്യം മനസിലാക്കി ജോലി ചെയ്യാൻ ജീവനക്കാർ തയ്യാറായെന്നും, അതിനാൽ വീണ്ടും സർവീസുകൾ തുടങ്ങുകയാണെന്നും കമ്പനി അറിയിച്ചു.

സിഡ്നിയിലേക്കുള്ള സർവീസുകൾ ജനുവരി 25 തിങ്കളാഴ്ചയും, മെൽബണിലേക്കുള്ളത് 27 ബുധനാഴ്ചയും, ബ്രിസ്ബൈനിലേക്ക് 28 വ്യാഴാഴ്ചയും പുനരാരംഭിക്കും.

ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്താനായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് ഫെഡറൽ സർക്കാർ വ്യക്തമാക്കുന്നത്.

ഇന്ത്യയിലുള്ളവരുടെ രജിസ്ട്രേഷനാണ് ഏറ്റവുമധികം വർദ്ധിക്കുന്നത്.

കടപ്പാട്: SBS മലയാളം

Exit mobile version