മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കി: ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവറെ നാടുകടത്തും

2021 സെപ്റ്റംബറിൽ അഡ്‌ലൈഡിൽ അഞ്ചു യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ കാറോടിച്ചിരുന്ന ഇന്ത്യൻ വംശജനെ ജയിൽ ശിക്ഷക്ക് വിധിച്ചു. മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച ഡ്രൈവറെ ശിക്ഷയുടെ കാലാവധിക്ക് ശേഷം നാടുകടത്തും.

അഡ്‌ലൈഡിൽ കഴിഞ്ഞ വർഷം നടന്ന കാറപകടത്തിൽ വാഹനമോടിച്ചിരുന്ന ഡ്രൈവർ അർഷ്ദീപ് സിംഗിനെ ജയിൽ ശിക്ഷക്ക് വിധിച്ചു. ശിക്ഷയുടെ കാലാവധിക്ക് ശേഷം നാടുകടത്താനും സൗത്ത് ഓസ്‌ട്രേലിയയിലെ ജില്ലാ കോടതി വിധിച്ചു.

അഞ്ചുവർഷത്തെ ജയിൽ ശിക്ഷക്കാണ് വിധിച്ചിരിക്കുന്നത്. രണ്ടര വർഷത്തേക്ക് പരോൾ അനുവദിക്കില്ല.

2021 സെപ്റ്റംബറിൽ ഒരു പാർട്ടിക്കു ശേഷം മറ്റ് അഞ്ചു പേർക്കൊപ്പം അർഷ്ദീപ് സിംഗ് ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

ഡ്യൂട്ടിയിൽ അല്ലായിരുന്ന അർഷ്ദീപ് സിംഗ് കൂട്ടത്തിൽ ഏറ്റവും കുറച്ച് മദ്യപിച്ചിരുന്നതിനാലാണ് വാഹനമോടിക്കാൻ തീരുമാനിച്ചതെന്ന് കോടതിയെ അറിയിച്ചു.

ആറുപേരെയും പരിക്കുകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മദ്യപിച്ചു വാഹനമോടിച്ചു, അമിത വേഗം തുടങ്ങി നാല് കുറ്റങ്ങൾ അർഷ്ദീപ് സിംഗ് കോടതിയിൽ സമ്മതിച്ചു.

അമിതവേഗത്തിൽ വാഹനമോടിച്ച അർഷ്ദീപ് സിംഗിനോട് വേഗത കുറയ്ക്കാൻ മറ്റുയാത്രക്കാർ ആവശ്യപ്പെട്ടതായി കോടതിയിൽ പറഞ്ഞു.

മണിക്കൂറിൽ 148 കിലോമീറ്റർ വേഗതിയിലാണ് 60 കിലോമീറ്റർ സോണിൽ ടാക്സി സഞ്ചരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞു.

21 വയസുള്ള അർഷ്ദീപ് സിംഗ് സ്റ്റുഡന്റ് വിസയിൽ 2019 ലാണ് ഓസ്‌ട്രേലിയയിലെത്തിയത്.

കടപ്പാട്: SBS മലയാളം

Related Articles

Back to top button