ബ്രിസ്ബെനിലെ നാടകപ്രേമികളുടെ കയ്യടി നേടാൻ ‘കായേനിന്റെ അവകാശികൾ’ നാളെ അരങ്ങിലെത്തും
ബ്രിസ്ബെൻ: വേറിട്ടതും പുതുമ നിറഞ്ഞതുമായ അവതരണത്തിലൂടെ ആസ്വാദക മനസിൽ ഇടം നേടാൻ നവരസ സണ്‍ഷൈന്‍ കോസ്റ്റിന്റെ മൂന്നാമത് നാടകമായ ‘കായേനിന്റെ അവകാശികള്‍’ നാളെ അരങ്ങിലെത്തും.
ശനിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 5മണിക്ക് കലൗൻഡ്ര ആർഎസ്എൽ ഫങ്ഷൻ സെന്റർ ഹാളിലാണ് നാടകാസ്വാദകരുടെ കയ്യടി നേടാൻ കായേനിന്റെ അവകാശികളെത്തുക.
സിനിമാറ്റിക് ഡ്രാമയാണ് എന്നതാണ് ഈ നാടകത്തിന്റെ പ്രധാന സവിശേഷത. സിനിമയ്ക്ക് സമാനമായ അനുഭവം നാടക വേദിയിൽ കാണികൾക്ക് സമ്മാനിക്കാൻ ലക്ഷ്യമിട്ടുള്ള പരീക്ഷണാവതരണം കൂടിയാണ് കായേനിന്റെ അവകാശികളെങ്കിലും നാടകത്തിന്റെ തനിമ നഷ്ടപ്പെടാതെയാണ് അവതരണമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
പരമ്പരാഗത ശൈലിയിൽ നിന്ന് വേറിട്ട അവതരണമെങ്കിലും രംഗപടത്തിൽ മാറ്റം വരുത്താതെയാണ് നാടകം കാണികൾക്ക് മുൻപിൽ അവതരിപ്പിക്കപ്പെടുന്നത്. ആദ്യാവസാനം വരെ കാണികളിൽ ഉദ്വേഗവും ആകാംക്ഷയും നിറക്കുന്ന കായേനിന്റെ അവകാശികൾ കുറ്റാന്വേഷണ നാടകമാണ്.
കാണികൾക്ക് നാടകത്തെയും അണിയറ പ്രവർത്തകരെയും പരിചയപ്പെടുത്തുന്നതിനായി നാടകത്തിന് മുന്നോടിയായുള്ള ചടങ്ങ് നടനും നിര്‍മ്മാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവുമായ ജോയ് കെ. മാത്യു ഉദ്ഘാടനം ചെയ്യും.
സണ്‍ഷൈന്‍ കോസ്റ്റ് സെന്റ്. മേരീസ് ഇടവക വികാരി ഫാ.ടിജോ പുത്തന്‍പറമ്പിൽ അധ്യക്ഷത വഹിക്കും. നാടകത്തിന്റെ സംവിധായകനായ ലെവിൻ ജോബോയ്, നർത്തകി ഡോ.ചൈതന്യ, മമ്മൂട്ടി ഫാൻസ് വെൽഫയർ അസോസിയേഷൻ പി. ആർ. ഒ., റോബർട്ട് കുര്യാക്കോസ്, സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ പ്രസിഡന്റ് ജോർജ് തോമസ്, സൺഷൈൻ കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ്‌റോയ് സിറിയക്ക് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ലെവിൻ ജോബോയ് (രചന, സംവിധാനം), ക്ലൈവ് ഫെർണാണ്ടസ് (റിക്കാർഡിങ്, മിക്സിങ് ), ബിജു പൈനാടത്ത് (സംഗീതം, ഇമ്മാനുവൽ സൗണ്ട് റൂം, ചാലക്കുടി), റോണി പറവക്കൽ, സജി റോഡ്രിഗസ് (കലാസംവിധാനം), തോമസ് കാഞ്ഞിരപ്പള്ളി(രംഗപടം) ബിബിൻ ലൂക്കോസ് (ശബ്ദവും വെളിച്ചവും) എന്നിവരാണ് അണിയറ പ്രവർത്തകർ.
പ്രിൻസ് പുന്നൂസ്, ഫ്രാൻസി ജോൺ, ജോബിഷ് ലൂക്ക, ടെസ്സ് ജോബിഷ്, ആന്റോയ്നെറ്റ് ക്ലൈവ്, മിഥുൻ ജയിംസ്, ജോയ് പുതുപ്പറമ്പിൽ, ചാർളി മാത്യു, അനൂപ് അറക്കൻ, അനൂപ് വർഗീസ്, ലിയോ, ബിബിൻ ലൂക്കോസ്, പൗലോസ്, സ്മൈൽ മാത്യു, തിയോ തോംസൺ, റോബി പുതുശേരി, സിജി, പ്രതീഷ് പോൾ,സഞ്ജു തോമസ്, ട്രോം ജോസഫ് എന്നിവരാണ് അരങ്ങത്തെത്തുന്നത്.