ബ്രിസ്ബൈനിൽ അളവിൽ കൂടുതൽ കൊവിഡ് വാക്‌സിൻ നൽകിയ ഡോക്ടറെ മാറ്റി
ബ്രിസ്‌ബൈനിലെ ഏജ്ഡ് കെയറിൽ കഴിയുന്ന രണ്ട് പ്രായമേറിയവർക്ക് ഡോക്‌ടർ കൊവിഡ് വാക്‌സിൻറെ അധിക ഡോസ് നൽകി. ഇതേതുടർന്ന് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ഡോക്ടറെ വാക്‌സിനേഷൻ പദ്ധതിയിൽ നിന്ന് സർക്കാർ മാറ്റി നിർത്തി.
ക്വീൻസ്ലാന്റിലെ ഹോളി സ്പിരിറ്റ് കാർസൽഡൈൻ എന്ന നഴ്സിംഗ് ഹോമിൽ കഴിയുന്ന രണ്ട് പേർക്കാണ് ഡോക്ടർ ഫൈസർ വാക്‌സിന്റെ അധിക ഡോസ് നൽകിയത്.
ഏജ്ഡ് കെയറിൽ കഴിയുന്ന 88 വയസ്സുള്ള ഒരാൾക്കും 94 വയസ്സ് പ്രായമുള്ള ഒരു സ്ത്രീക്കുമാണ് ഡോക്ടർ അധിക ഡോസ് നൽകിയത്.
നിർദ്ദിഷ്ട വാക്‌സിൻ ഡോസിന്റെ നാലിരട്ടിയാണ് ഡോക്‌ടർ നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
ഇവർക്ക് ഇതുവരെ പാർശ്വഫലങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇവരെ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു.
സംഭവത്തെത്തുടർന്ന് അധിക ഡോസ് നൽകിയ ഡോക്ടറെ വാക്‌സിനേഷൻ പദ്ധതിയിൽ നിന്ന് മാറ്റി നിർത്തി.
ഡോക്ടർ തുടർച്ചയായി വാക്‌സിൻ നൽകുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തുണ്ടായിരുന്ന നഴ്‌സാണ് ഡോക്ടർക്ക് പിഴവ് സംഭവിച്ച കാര്യം തിരിച്ചറിഞ്ഞത്.
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ഡോക്ടർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി അറിയിച്ചു.
വാക്‌സിൻ നല്കുന്നവർക്കായി പരിശീലന മൊഡ്യൂളുകൾ വികസിപ്പിച്ചിട്ടുണ്ട്. ഇത് ഇവർ നിർബന്ധമായും പൂർത്തിയാക്കേണ്ടതുണ്ട്.
എന്നാൽ ഈ ഡോക്‌ടർ ഇത് പൂർത്തിയാക്കിയിട്ടുണ്ടോ എന്നും അദ്ദേഹത്തിന് ഇത് പൂർണമായും മനസിലാക്കാൻ കഴിഞ്ഞോ എന്നുമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും ഗ്രെഗ് ഹണ്ട് വ്യക്തമാക്കി.
കടപ്പാട്: SBS മലയാളം