ഓസ്ട്രേലിയൻ അതിർത്തികൾ തുറക്കുന്നത് വൈകാമെന്ന് മുന്നറിയിപ്പ്
ആസ്ട്രസെനക്ക വാക്സിൻ നൽകുന്നതിൽ നിയന്ത്രണമേർപ്പെടുത്താനുള്ള ഓസ്ട്രേലിയൻ സർക്കാരിന്റെ തീരുമാനം രാജ്യാന്തര അതിർത്തി തുറക്കുന്നതിനെ ബാധിച്ചേക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
കൊറോണവൈറസ് ബാധ നിയന്ത്രണത്തിൽ വരികയും, വാക്സിൻ വിതരണം തുടങ്ങുകയും ചെയ്തതോടെ ഓസ്ട്രേലിയയുടെ അതിർത്തികൾ തുറക്കുന്നതിനെക്കുറിച്ച് ചർച്ചകൾ സജീവമായിരുന്നു.
2020 മാർച്ച് മുതൽ ഓസ്ട്രേലിയൻ അതിർത്തികൾ അടഞ്ഞുകിടക്കുകയാണ്.
ന്യൂസിലന്റുമായി പൂർണ യാത്രാ ബബ്ൾ തുടങ്ങാനുള്ള പ്രഖ്യാപനം രാജ്യാന്തര യാത്രകൾ തുടങ്ങുന്നതിന്റെ മുന്നോടിയാണെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
അതിർത്തികൾ തുറക്കുന്നതിനെക്കുറിച്ച് സർക്കാർ ആരോഗ്യമേഖലാ വിദഗ്ധരുടെ ഉപദേശം തേടുകയും ചെയ്തു.
എന്നാൽ, ഇതിനു പിന്നാലെയാണ് ആസ്ട്രസെനക്ക വാക്സിൻ വിതരണത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
ആസ്ട്രെസെനക്ക വാക്സിനെടുക്കുന്നവർക്ക് അപൂർവമായി രക്തം കട്ടപിടിക്കലുണ്ടാകുന്നതായി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്.
50 വയസിൽ താഴെയുള്ളവർക്ക് ആസ്ട്രസെനക്കയെക്കാൾ മുൻഗണന ഫൈസർ വാക്സിൻ നൽകുന്നതിനായിരിക്കും എന്നാണ് സർക്കാർ പ്രഖ്യാപിച്ചത്.
ഓസ്ട്രേലിയയിൽ വിതരണം ചെയ്യാനായി ഏറ്റവുമധികം പരിഗണനയിലുണ്ടായിരുന്ന വാക്സിനായിരുന്നു ആസ്ട്രസെനക്കയുടേത്. ഇതിന്റെ വിതരണം കുറയുന്നതോടെ, വാക്സിനേഷ്റെ അടിസ്ഥാനത്തിൽ രാജ്യാന്തര യാത്രകൾ അനുവദിക്കാനുള്ള നീക്കവും വൈകും എന്നാണ് മുന്നറിയിപ്പ്.
കടപ്പാട്: SBS മലയാളം