പെർത്തിലെ ആശുപത്രിയില്‍ മരിച്ച മലയാളി പെൺകുട്ടി ഐശ്വര്യ അശ്വതിന്റെ മരണത്തിൽ, സംസ്ഥാന സർക്കാരിനും ആശുപത്രി അധികൃതർക്കുമാണ് ഉത്തരവാദിത്വമെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി ജീവനക്കാർ ചൊവ്വാഴ്ച്ച പ്രതിഷേധ റാലി സംഘടിപ്പിച്ചു.
ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ, ഓസ്‌ട്രേലിയൻ നഴ്‌സിംഗ് ഫെഡറേഷൻ, ആരോഗ്യ പ്രവർത്തകരുടെ യൂണിയൻ എന്നിവർ ചേർന്നാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
ചികിത്സ കിട്ടാതെ ഐശ്വര്യ മരിച്ചതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്റെയും ആശുപത്രിയുടെ എക്സിക്യൂട്ടീവ് ടീമിന്റേതുമാണെന്നും, ജീവനക്കാരെ ബലിയാടാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം.
പെർത്ത് ചിൽഡ്രൻസ് ആശുപത്രിയുടെ മുൻപിൽ ചൊവ്വാഴ്ച നടന്ന റാലിയിൽ നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരാണ് പങ്കെടുത്തത്.
ഐശ്വര്യയുടെ മരണത്തിൽ ആശുപത്രി ജീവനക്കാർ അന്വേഷണത്തിന് വിധേയരാവുന്നുവെന്നും, ജീവനക്കാരെ വ്യക്തിപരമായി കുറ്റപ്പെടുത്തരുതെന്നും ഇവർ ആവശ്യപ്പെട്ടു.
‘We care about Aiswarya’, ‘Our emergency departments are sick’ തുടങ്ങിയ ബാനറുകൾ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.
മാത്രമല്ല, വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ ആശുപത്രി സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഏപ്രില്‍ മൂന്നിനാണ് പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയുടെ എമര്‍ജന്‍സി വാര്‍ഡില്‍ രണ്ടു മണിക്കൂറോളം ചികിത്സ കിട്ടാതെ കാത്തിരുന്ന ശേഷം ഐശ്വര്യ അശ്വത് എന്ന ഏഴുവയസുകാരി മരിച്ചത്.
ആശുപത്രിയുടെ ഭാഗത്തു നിന്ന് കടുത്ത വീഴ്ചയാണ് സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടും അന്വേഷണം നടത്തിയ പാനൽ പുറത്തുവിട്ടിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഐശ്വര്യയുടെ ചികിത്സയിൽ നേരിട്ട് ഇടപെട്ട രണ്ട് നഴ്സുമാർക്കും ഒരു ഡോക്ടറിനും നേരെ AHPRA അന്വേഷണം നടത്തിയിരുന്നു.
എന്നാൽ ആശുപത്രി ജീവനക്കാർക്ക് നേരെ അന്വേഷണം നടത്തുന്നത് അസ്വസ്ഥതയുളവാക്കുന്ന കാര്യമാണെന്ന് AMA വെസ്റ്റേൺ ഓസ്ട്രേലിയ പ്രസിഡന്റ് ഡോ ആൻഡ്രൂ മില്ലർ പറഞ്ഞു.
പ്രതിഷേധ റാലിയിൽ ഐശ്വര്യയുടെ മാതാപിതാക്കൾ പങ്കെടുത്തില്ല. എന്നാൽ മകളുടെ മരണത്തിൽ മന്ത്രി മുതൽ നഴ്സ് വരെയുള്ളവരുടെ ഉത്തരവാദിത്വം ചോദ്യം ചെയ്യപ്പെടണമെന്നാണ് മാതാപിതാക്കൾ വിശ്വസിക്കുന്നതെന്ന് കുടുംബ വക്താവ് സുരേഷ് രാജൻ പറഞ്ഞു.
കടപ്പാട്: SBS മലയാളം