വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് രാജി വച്ചു

മെൽബൺ: ഒമ്പത് വർഷത്തിന് ശേഷം ഡാനിയൽ ആൻഡ്രൂസ് വിക്ടോറിയൻ പ്രീമിയർ സ്ഥാനം രാജി വച്ചു.

ഗവൺമെന്റ് ഹൗസ് സന്ദർശിച്ച് പ്രീമിയർ സ്ഥാനവും മൾഗ്രേവിന്റെ സംസ്ഥാന സീറ്റിലെ അംഗംത്വവും രാജിവെക്കുന്നതായി പാർലമെന്റിന് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ആൻഡ്രൂസ് പ്രഖ്യാപിച്ചു.

നാളെ വൈകീട്ട് 5.00 മണി മുതൽ രാജി പ്രാബല്യത്തിൽ വരും.

“വിക്ടോറിയൻ ജനങ്ങൾ എന്നെയും ടീമിനെയും റെക്കോർഡ് അടിസ്ഥാനത്തിൽ അംഗീകരിച്ചു. ഒമ്പത് വർഷം കൊണ്ട് നേടിയ എല്ലാ കാര്യങ്ങളും ഓർത്ത് ഞാൻ അഭിമാനിക്കുന്നു. നല്ല സമയത്തും മോശമായ സമയത്തും ജനപ്രിയമായത് മാത്രമല്ല, ശരിയായത് ചെയ്യാൻ പരിശ്രമിച്ചു.” അദ്ദേഹം പറഞ്ഞു.

രാജിക്ക് ശേഷം ജീവിതം എങ്ങനെയായിരിക്കും എന്ന് ചോദിച്ചപ്പോൾ, അത് ബുദ്ധിമുട്ടുള്ള ഒരു ക്രമീകരണമാണെന്ന് ആൻഡ്രൂസ് സമ്മതിച്ചു.

എന്നാൽ കുടുംബത്തോടൊപ്പം ചെലവഴിക്കാനും ഗോൾഫ് കളിക്കാനും ആദ്യദിവസങ്ങൾ ചിലവഴിക്കും. കുറേകാലമായി വായിക്കണം എന്ന് ആഗ്രഹിച്ച പുസ്തകങ്ങൾ ഇനി വായിക്കാനും തൻ്റെ സമയത്തെ ക്രമീകരിക്കുമെന്നു അദ്ദേഹം പറഞ്ഞു.

അപ്രതീക്ഷിത രാജിയുടെ കാരണം വ്യക്തമല്ലെങ്കിലും ഇതിന് പിന്നിലെ യാഥാർത്ഥ്യം വരും ദിവസങ്ങളിൽ കൂടുതൽ വിശദമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി.

Exit mobile version