കുട്ടികളിൽ ബ്രോങ്കലൈറ്റിസ് രോഗം വ്യാപിക്കുന്നു
ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് (RSV) കുട്ടികളിൽ വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പിൻറെ റിപ്പോർട്ട്. ബ്രോങ്കലൈറ്റിസ് കേസുകൾ കൂടി വരുന്നതിനാൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചു.
ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ റെസ്പിറേറ്ററി സർവെലൈൻസ് റിപ്പോർട്ടിലാണ് ശ്വാസകോശത്തെ ബാധിക്കുന്ന RSV കൊച്ചു കുട്ടികളിൽ വ്യാപിക്കുന്നതായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കഴിഞ്ഞ നാലാഴ്ചക്കിടെ മാത്രം രോഗ ബാധിതരായ കുട്ടികളുടെ എണ്ണം 359 ൽ നിന്നും 621 ലേക്ക് ഉയർന്നു.
0-4 വയസ്സു വരെ പ്രായമുളള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. തണുപ്പ് കാലത്താണ് RSV മൂലമുണ്ടാകുന്ന ബ്രോങ്കലൈറ്റിസ് രോഗം കൂടുതലായി കണ്ടു വരുന്നത്.
രോഗബാധിതരായി ആശുപത്രിയിൽ എത്തിയവരിൽ 43 ശതമാനം കുട്ടികളെയും അഡ്മിറ്റ് ചെയ്തതായും ആരോഗ്യ വകുപ്പിൻറെ റിപ്പോർട്ടിൽ പറയുന്നു.
ശ്വാസനാളത്തിൽ വീക്കം ഉണ്ടാക്കുന്ന വൈറസ് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്ന് ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, വൈറസ് ഗുരുതരമാണെങ്കിലും മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് ശിശുരോഗ പകർച്ചവ്യാധി വിദഗ്ധൻ പ്രൊഫസർ ഡേവിഡ് ഐസക്ക് പറഞ്ഞു. കുട്ടികളിൽ വൈറസ് ബാധ കൂടിയിട്ടുണ്ടെന്ന് പറഞ്ഞ പ്രൊഫസർ ഐസക് റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകൾ ഇനിയും ഉണ്ടാകാമെന്നും കൂട്ടിച്ചേർത്തു.
വീടുകളിൽ രോഗം ബാധിച്ച് കഴിയുന്ന കുട്ടികളുടെ ആരോഗ്യത്തിൽ ചില മുൻകരുതലുകൾ സ്വീകരിക്കണം. കുട്ടികളുടെ ഭക്ഷണം, ശ്വസനം തുടങ്ങിയവ തുടർച്ചയായി നിരീക്ഷിക്കണമെന്നും, കുട്ടികളുടെ ചുണ്ടുകളുടെ നിറം നീലയായി മാറിയാൽ ഉടൻ ആശുപത്രിയിലെത്തിക്കണമെന്നും പ്രൊഫസർ ഡേവിഡ് ഐസക് നിർദ്ദേശിച്ചു.
കടപ്പാട്: SBS മലയാളം