ഓസ്‌ട്രേലിയയിലെ പ്രതിദിന കൊവിഡ് ബാധ ഇതാദ്യമായി അരലക്ഷം കടന്നു. ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലും അതിവേഗമാണ് കേസുകള്‍ കുതിച്ചുയരുന്നത്.
കൊവിഡ് നിയന്ത്രണങ്ങള്‍ ഭൂരിഭാഗവും പിന്‍വലിച്ചതോടെ ഓസ്‌ട്രേലിയയിലെ പ്രതിദിന കേസുകള്‍ ഓരോ ദിവസവും കൂടുതല്‍ ഉയരുകയാണ്.
ന്യൂ സൗത്ത് വെയില്‍സില്‍ 35,054 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച ഇത് 23,131 കേസുകളായിരുന്നു.
എട്ടു കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 119 പേര്‍ ഐ സി യുവിലുള്‍പ്പെടെ, 1,491 പേര്‍ NSWല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
വിക്ടോറിയയില്‍ 17,636 പുതിയ കേസുകളും രേഖപ്പെടുത്തി. 11 മരണങ്ങളാണ് ഇവിടെയുള്ളത്.
ഇതോടെ രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം ആദ്യമായി അരലക്ഷം കടന്നു.
ചൊവ്വാഴ്ച 48,000ഓളം കേസുകളായിരുന്നു ഉണ്ടായിരുന്നത്.
വരും ദിവസങ്ങളില്‍ ഇതിലും ഉയര്‍ന്ന തോതില്‍ കേസുകള്‍ കുതിച്ചുയരുമെന്ന് NSW പ്രീമിയര്‍ ഡൊമിനിക് പെരോറ്റെ അറിയിച്ചു.
അതുകഴിഞ്ഞ് വളരെ വേഗം തന്നെ കേസുകള്‍ കുറയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഒമിക്രോണ്‍ വൈറസ് അതിവേഗം പടരുന്നുണ്ടെങ്കിലും, ഡെല്‍റ്റ വകഭേദം പോലെ അപകടകാരിയല്ല ഇതെന്നും അതിനാല്‍ സര്‍ക്കാര്‍ അമിതമായി ആശങ്കപ്പെടുന്നില്ലന്നും പ്രീമിയര്‍ പറഞ്ഞു.
കേസുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനെക്കാള്‍, PCR പരിശോധനാ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് പ്രീമിയര്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചത്.
ഏതൊക്കെ സാഹചര്യങ്ങളില്‍ PCR പരിശോധന നടത്തണം എന്ന് ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കാന്‍ ബില്‍ബോര്‍ഡുകളും മൊബൈല്‍ ഫോണ്‍ അലര്‍ട്ടുമുള്‍പ്പെടെ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രീമിയര്‍ പറഞ്ഞു.
ക്ലോസ് കോണ്‍ടാക്റ്റ് എന്ന ഗണത്തില്‍പ്പെടുകയോ, കൊവിഡ് ലക്ഷണങ്ങള്‍ കാണുകയോ, ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുകയോ ചെയ്താല്‍ മാത്രമേ PCR പരിശോധനയ്ക്കായി പോകാവൂ എന്ന് പ്രീമിയര്‍ ആവശ്യപ്പെട്ടു.
കൊവിഡ് പോസിറ്റീവായ വ്യക്തിക്കൊപ്പം ഒരേ വീട്ടിലോ താമസസ്ഥലത്തോ നാലു മണിക്കൂറില്‍ കൂടുതല്‍ കഴിഞ്ഞവര്‍ മാത്രമാണ് ക്ലോസ് കോണ്‍ടാക്റ്റ് എന്ന ഗണത്തില്‍ വരുന്നത്.
മറ്റുള്ളവര്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തിയാല്‍ മതിയെന്നും പ്രീമിയര്‍ ചൂണ്ടിക്കാട്ടി.
റാപ്പിഡ് ആന്റിജന്‍ പരിശോധനാ കിറ്റുകള്‍ സൗജന്യമായി ലഭ്യമാക്കണം എന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഇത്.
നിലവില്‍ ഫാര്‍മസികളില്‍ RAT കിറ്റുകള്‍ ലഭ്യമല്ലാത്ത സാഹചര്യമാണ്.
കടപ്പാട്: SBS മലയാളം