ആൽഫ്രെഡ് ചുഴലിക്കാറ്റ്: കനത്ത മഴ തുടരും, ജാഗ്രതാ നിർദേശം

ബ്രിസ്ബെൻ: ആൽഫ്രെഡ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 61കാരൻ മരണമടഞ്ഞു. കനത്ത കാറ്റിൽ സൈനിക ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 സൈനികർക്ക് പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്.
ഭീതി വിതച്ച് ചുഴലിക്കാറ്റ് കടന്നു പോയെങ്കിലും തിങ്കളാഴ്ച വരെ കാറ്റും വെള്ളപ്പൊക്കവും മഴയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ വീട്ടിനുള്ളിൽ തന്നെ തുടരണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചുണ്ട്.
വെള്ളിയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായ 61കാരന്റെ മൃതദേഹം ശനിയാഴ്ച കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. വടക്കൻ ന്യൂ സൗത്ത് വെയിൽസിലെ ഡൊറിഗോയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഇദ്ദേഹത്തിന്റെ കാർ ഒഴുകി പോയിരുന്നു.
കാറിൽ നിന്ന് രക്ഷപ്പെട്ട് സമീപത്തെ മരത്തിൽ കയറിയെങ്കിലും രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും ശക്തമായ വെള്ളപാച്ചിലിലേക്ക് ഒഴുകി പോകുകയായിരുന്നു.
ലിസ്മോറിൽ കഴിഞ്ഞ ദിവസം സൈനിക ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 സൈനികരാണ് പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. 2 പേരുടെ നില ഗുരുതരമാണ്.
ഇടുങ്ങിയ റോഡിലൂടെ രക്ഷാപ്രവർത്തനത്തിന് പോയ ട്രക്ക് കാറ്റിന്റെ ശക്തിയാൽ മറിയുകയും പിന്നാലെ മറ്റൊരു ട്രക്ക് വന്നിടിക്കുകയും ചെയ്തതോടെയാണ് അപകടത്തിന്റെ തീവ്രത കൂടിയത്.
ബ്രിസ്ബെനിൽ കനത്ത മഴയും കാറ്റും വെള്ളപ്പൊക്കവും തുടരുന്നതിനാൽ ആഘാതങ്ങളെ അതിജീവിക്കാൻ തെക്കു–കിഴക്കൻ ക്യൂൻസ്ലാൻഡും വടക്കൻ ന്യൂ സൗത്ത് വെയിൽസും പാടുപെടുകയാണ്.
ശനിയാഴ്ച രാത്രിയിൽ ബ്രിസ്ബെനിന്റെ വടക്ക് ഭാഗത്തായി തീവ്രത കുറഞ്ഞ് ഉഷ്ണമേഖലാ ന്യൂനമർദമായാണ് ആൽഫ്രഡ് കര തൊട്ടത്. തിങ്കളാഴ്ച വരെ പ്രതീക്ഷിക്കുന്നത് 700 മില്ലിമീറ്റർ വരെ മഴയാണ്. നദികൾ ഇനിയും കരകവിഞ്ഞൊഴുകുമെന്നും വെള്ളപ്പൊക്കം കനക്കുമെന്നുമാണ് മുന്നറിയിപ്പ്.
രക്ഷാപ്രവർത്തനങ്ങൾ ഊർജിതം
സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ക്യൂൻസ്ലാൻഡിന്റെ തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ കാറ്റും മഴയും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
വെള്ളപ്പൊക്കം രൂക്ഷമായ ഇടങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റോഡുകളിൽ മരം കടപുഴകി വീണും മറ്റുമുണ്ടായ ഗതാഗത തടസ്സം പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
കനത്ത കാറ്റിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണതിനെ തുടർന്ന് തെക്കു–കിഴക്കൻ ക്യൂൻസ്ലാൻഡിലും വടക്കൻ ന്യൂ സൗത്ത് വെയിൽസിലുമായി 3,00,000 വീടുകളിലും ബിസിനസ് കെട്ടിടങ്ങളിലുമാണ് വൈദ്യുതി മുടങ്ങിയത്.
ഞായറാഴ്ച ഉച്ചക്ക് ശേഷം വരെയുള്ള കണക്കനുസരിച്ച് തെക്ക് കിഴക്കൻ ക്യൂൻസ്ലാൻഡിൽ 2,72,000വും ന്യൂസൗത്ത് വെയിൽസിൽ 16,000 വീടുകളിലുമാണ് വൈദ്യുതി മുടങ്ങിയിരിക്കുന്നത്. ക്യൂൻസ്ലാൻഡിലെ 40,000 വീടുകളിൽ ഇന്ന് വൈദ്യുതി പുന:സ്ഥാപിച്ചിട്ടുണ്ട്. ടെലികോം ശൃംഖലയും തകരാറിൽ തന്നെയാണ്.
ഞായറാഴ്ച ബ്രിസ്ബെനിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായിരുന്നു.വടക്കൻ മേഖലയിലെ ഇനോഗറ ക്രീക്ക് കരകവിഞ്ഞൊഴുകിയത് മൂലം പാലങ്ങളും നടപ്പാതകളും വെള്ളത്തിൽ മുങ്ങി. ഡെയ്ബോറോയിലും കനുൻഗ്രയിലുമുള്ള ജലസംഭരണികളുടെ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് അധികൃതർ.
ബ്രെമർ, ലോഗൻ റിവേഴ്സ്, വാറിൽ ക്രീക്ക്, റിച്ച്മൗണ്ട്, ക്ലാരൻസ്, ഒറാറ നദികൾ എന്നിവിടങ്ങളിൽ ഞായറാഴ്ച വൈകിട്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുകയാണ്.
ലിസ്മോറിൽ കഴിഞ്ഞ 72 മണിക്കൂർ ആയി വെള്ളവും വൈദ്യുതിയുമില്ലാതെ ബുദ്ധിമുട്ടുന്ന താമസക്കാരുണ്ടെന്ന് ഡപ്യൂട്ടി മേയർ വ്യക്തമാക്കി. ഇവിടങ്ങളിലെ ഇവാക്യൂവേഷൻ സെന്ററുകളിൽ അറുന്നൂറോളം പേരുണ്ട്.
അതേസമയം ആൽഫ്രഡ് ചുഴലിക്കാറ്റിന്റെ പ്രത്യാഘാതം കനത്ത മഴയിലേക്ക് മാത്രമായി ചുരുങ്ങിയതായി കാലാവസ്ഥാ വിദഗ്ധൻ സ്യൂ ഓറ്റെസ് പറഞ്ഞു.
ബ്രിസ്ബെനിന്റെ വടക്ക് ആൽഫ്രഡ് കര തൊട്ടത് തെക്ക്–കിഴക്കൻ ക്യൂൻസ്ലാൻഡിലും വടക്കൻ ന്യൂ സൗത്ത് വെയിൽസിലുമായുള്ള 40 ലക്ഷത്തിലധികം വരുന്ന ജനങ്ങളെയാണ് ബാധിച്ചത്. കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ 3,000 ക്ലെയിമുകളാണ് ഇൻഷുറൻസ് കമ്പനികൾക്ക് ലഭിച്ചത്.
ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ആയിരത്തോളം സ്കൂളുകളാണ് അടച്ചത്. പൊതു ഗതാഗതവും നിർത്തലാക്കിയിരുന്നു. ഇന്ന് രാവിലെ മുതൽ തെക്കു–കിഴക്കൻ ക്യൂൻസ്ലാൻഡിലും വടക്കൻ ന്യൂ സൗത്ത് വെയിൽസിലും വ്യോമ ഗതാഗതം സാവധാനം പുന:സ്ഥാപിച്ചിട്ടുണ്ട്.
ബ്രിസ്ബെൻ, ഗോൾഡ് കോസ്റ്റ് വിമാനത്താവളങ്ങളിൽ ചെറിയ തോതിൽ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാനും റോഡുകളിൽ കുന്നുകൂടിയ മാലിന്യങ്ങൾ നീക്കാനും വീടുകളിലെ വൈദ്യുതി പുന:സ്ഥാപിക്കാനുമെല്ലാം ഇനിയും ദിവസങ്ങളെടുക്കും.