ജീവനക്കാർക്ക് കുറഞ്ഞ വേതനം നൽകി: മെൽബണിലെ കേക്ക് കടക്ക് 50,000 ഡോളർ പിഴ

മെൽബണിലെ കപ്പ് കേക്ക് കട ജീവനക്കാർക്ക് ശമ്പളം കുറച്ചു നൽകിയതായി ഫെയർവർക് ഓംബുഡ്സ്മാൻ കണ്ടെത്തി. ഇതേതുടർന്ന് 50,000 ഡോളറിനടുത്ത് കപ്പ് കേക്ക് കട പിഴ നൽകണമെന്ന് ഫെഡറൽ സർക്യൂട്ട് കോടതി ഉത്തരവിട്ടു.

മെൽബൺ നഗരത്തിലെ വില്യം സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കപ്പ് കേക്സ് സ്റ്റോർ എന്ന റീറ്റെയ്ൽ സ്റ്റോറാണ് ജീവനക്കാർക്ക് കുറഞ്ഞ വേതനം നൽകിയതായി ഫെയർവർക്ക് ഓംബുഡ്സ്മാൻ കണ്ടെത്തിയത്.

ജനുവരി 2018 മുതൽ 2019 വരെയുള്ള കാലയളവിൽ ലിറ്റിൽ കപ്പ് കേക്സ് സ്റ്റോർ നടത്തുന്ന ശ്രീ കൃഷ്ണ ഗുരു എന്ന കമ്പനി, സ്റ്റോറിലും ബേക്കിംഗ് സംവിധാനത്തിലും ജോലി ചെയ്തിരുന്നവർക്കാണ് വേതനം കുറച്ചു നൽകിയതായി കണ്ടെത്തിയത്.

ഇന്ത്യക്കാരുൾപ്പെടെയുള്ള 35 ജീവനക്കാർക്ക് 57,179.69 ഡോളർ ശമ്പളക്കുടിശ്ശിക ഉണ്ടായിരുന്നെന്നാണ് ഓംബുഡ്‌സ്മാന്റെ കണ്ടെത്തൽ.

ഇതേതുടർന്ന് 49,896 ഡോളർ പിഴയടക്കാൻ കമ്പനിയോട് ഫെഡറൽ സിർക്യൂട്ട് കോടതി ആവശ്യപ്പെട്ടു.

ശ്രീ കൃഷ്ണ ഗുരു എന്ന കമ്പനിക്ക് 41,580 ഡോളറും, കമ്പനി ഡയറക്ടർ ശ്രേയൻഷ് ധർമേഷ് ഷായ്ക്ക് 8,316 ഡോളറുമാണ് പിഴ.

ഇവിടെ ജോലി ചെയ്തിരുന്ന 10 ജീവനക്കാർ 21 വയസ്സിൽ താഴെ പ്രായമായവരാണെന്നും ഭൂരിഭാഗം പേരും ഇന്ത്യ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും ഫെഡറൽ കോടതി കണ്ടെത്തി.

കമ്പനി മനഃപൂർവം നടത്തിയ ഗൗരവകരമായ നിയമലംഘനമാണിതെന്നും, ജീവനക്കാരെ കമ്പനി ചൂഷണം ചെയ്യുകയായിരുന്നെന്നും ജഡ്ജി കാൾ ബ്ലെയ്ക് ചൂണ്ടിക്കാട്ടി.

ചെറുപ്പക്കാരായ ജീവനക്കാർക്ക് വേതനം കുറച്ചു നൽകുന്നത് ആശങ്കാജനകമാണെന്നും, ഇത്തരം പ്രവൃത്തികൾക്ക് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഫെയർവർക് ഓംബുഡ്സ്മാനിലെ സാന്ദ്ര പാർക്കർ അറിയിച്ചു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button