NSWൽ കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു

ന്യൂ സൗത്ത് വെയിൽസിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. രണ്ടാഴ്ച മുൻപ് 200 ൽ താഴെയായിരുന്ന പ്രതിദിന കേസുകളുടെ എണ്ണം ഇപ്പോൾ 800 ൽ കൂടിയിരിക്കുകയാണ്.

ന്യൂ സൗത്ത് വെയിൽസിൽ രണ്ടാഴ്ചകൾക്ക് മുൻപ് റിപ്പോർട്ട് ചെയ്ത 179 പ്രാദേശിക രോഗബാധ എന്ന കുറഞ്ഞ പ്രതിദിന നിരക്കിൽ നിന്ന് പുതിയ രോഗബാധയുടെ എണ്ണം 804 ലേക്കാണ് ഉയർന്നിരിക്കുന്നത്. ഒരു പുതിയ കൊവിഡ് മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട് എട്ട് മണിവരെയുള്ള 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്ത കണക്കുകളാണിത്. 

ഇതിന് മുൻപ് ഒക്ടോബർ രണ്ടിനായിരുന്നു ന്യൂ സൗത്ത് വെയിൽസിൽ സമാനമായ ഉയർന്ന പ്രതിദിന നിരക്ക് രേഖപ്പെടുത്തിയത്.  814 കേസുകളാണ് അന്ന് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്നലെ 504 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

സംസ്ഥാനത്ത് കൊറോണവൈറസ് ഒമിക്രോൺ കേസുകളിലും വർദ്ധനവുണ്ട്. ആകെ 85 കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  

ന്യൂ സൗത്ത് വെയിൽസിൽ വാക്‌സിനേഷൻ സ്വീകരിക്കാത്തവർക്കും നാളെ മുതൽ കൂടുതൽ ഇളവുകൾ നടപ്പിലാക്കാനിരിക്കെയാണ് കേസുകളുടെ എണ്ണത്തിലുള്ള വർദ്ധനവ്. 

ഇന്നലെ റിപ്പോർട്ട് ചെയ്ത 504 കേസുകളിൽ നിന്ന് 804 ലേക്കുള്ള കുതിപ്പ് ആശങ്കക്ക് കാരണമാകുന്നതായി ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് പറഞ്ഞു. 

എന്നാൽ വാക്‌സിനേഷൻ സ്വീകരിക്കാത്തവർക്ക് പ്രഖ്യാപിച്ചിരുന്ന ഇളവുകൾ നടപ്പിലാക്കാൻ തന്നെയാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 

ഡിസംബർ 15 ന് ഇളവുകൾ നടപ്പിലാകുന്നതോടെ വാക്‌സിനേഷൻ സ്വീകരിക്കാത്തവർക്കും വാക്‌സിൻ സ്വീകരിച്ചവർക്കും തുല്യമായ ഇളവുകളായിരിക്കും ബാധകം. 

എല്ലാവർക്കും ബാധകമായ കൂടുതൽ ഇളവുകൾ ബുധനാഴ്ച മുതലാണ് സംസ്ഥാനത്ത് പ്രാബല്യത്തിൽ വരിക.

കെട്ടിടത്തിനകത്ത് മിക്ക വേദികളിലും മാസ്ക് നിർബന്ധമായിരിക്കില്ല, ഒരു ചതുരശ്ര മീറ്ററിൽ രണ്ടു പേർ എന്ന നിബന്ധന എടുത്ത് മാറ്റും, രോഗ വ്യാപനത്തിന് സാധ്യത കൂടുതലുള്ള ഇടങ്ങളിൽ മാത്രമായിരിക്കും QR കോഡ് ചെക്ക് ഇൻ വേണ്ടി വരിക തുടങ്ങിയ ഇളവുകളാണ് നടപ്പിലാക്കുന്നത്.

രോഗബാധയുടെ നിരക്ക് കൂടിയിട്ടുണ്ടെങ്കിലും ആശുപത്രികളിൽ അഡ്മിറ്റാകുന്നവരുടെ നിരക്ക് കുറഞ്ഞു നിൽക്കുന്നു എന്നത് ആശ്വാസകരമാണെന്ന് ആരോഗ്യ അധികൃതർ പറഞ്ഞു. നിലവിൽ 168 പേർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. 21 പേർ തീവൃ പരിചരണ വിഭാഗത്തിലാണ്.

ബൂസ്റ്റർ ഡോസിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിവ് കുറവ് 

ഇതുവരെ വാക്‌സിനേഷൻ സ്വീകരിക്കാത്തവർ വാക്‌സിൻ സ്വീകരിക്കുന്നതിനായി മുന്നോട്ട് വരണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. വാക്‌സിനേഷൻ ഒഴിവാക്കുന്നവർ ആരോഗ്യ രംഗത്തുള്ളവരുടെ പ്രവർത്തനങ്ങളെ അവഗണിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.

പൊതുജനത്തിന് ബൂസ്റ്റർ ഡോസുകളുടെ പ്രാധാന്യത്തെക്കുറിച്ച് ധാരണ കുറവാണെന്നും ബ്രാഡ് ഹസാഡ് ആശങ്ക പ്രകടിപ്പിച്ചു. രണ്ട് ഡോസ് മാത്രം മതിയാകും എന്നാണ് മിക്കവരും കരുതുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ആളുകൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കടപ്പാട്: SBS മലയാളം

Exit mobile version