ഓസ്‌ട്രേലിയയിൽ കൊവിഡ് വാക്‌നേഷനായി ബുക്ക് ചെയ്യാനുള്ള സർക്കാർ വെബ്‌സൈറ്റിന് സാങ്കേതിക തടസ്സം നേരിട്ടു. ഓസ്‌ട്രേലിയൻ സർക്കാരിന്റെ ആദ്യഘട്ട വാക്‌സിനേഷൻ പദ്ധതിയുടെ (1b) ഭാഗമായുള്ള ബുക്കിംഗ് സംവിധാനത്തിനാണ് തടസ്സം നേരിടുന്നത്.
കൊവിഡ് വാക്‌സിൻ ബുക്കിംഗ് വെബ്‌സൈറ്റ് പ്രവർത്തനമാരംഭിച്ചതിന് ശേഷം ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോൾ വാക്‌സിൻ ബുക്ക് ചെയ്യാൻ ശ്രമിച്ച നിരവധി പേർക്ക് സാങ്കേതിക തടസ്സം നേരിട്ടു.
ഏറ്റവും അടുത്തുള്ള ജിപി ക്ലിനിക്കിൽ വാക്‌സിൻ സ്വീകരിക്കാനുള്ള ബുക്കിംഗ് സംവിധാനമാണ് വെബ്‌സൈറ്റ് ഒരുക്കുന്നത്.
”ഈ ക്ലിനിക്ക് പുതിയ രോഗികളെ സ്വീകരിക്കുന്നില്ല” എന്ന സന്ദേശമാണ് ഒരാൾക്ക് ലഭിച്ചത്.
ഓസ്‌ട്രേലിയൻ സർക്കാരിന്റെ ആദ്യഘട്ട വാക്‌സിനേഷൻ പദ്ധതിയുടെ (1b) ഭാഗമായുള്ള ബുക്കിംഗ് സംവിധാനത്തിനാണ് തടസ്സം നേരിടുന്നത്.
ബുക്കിംഗ് സ്വീകരിക്കാൻ കഴിയാത്ത മെൽബണിലെ അഞ്ച് ജിപി ക്ലിനിക്കുകളെ എസ് ബി എസ് ന്യൂസ് ബന്ധപ്പെട്ടു .
വാക്‌സിൻ എടുക്കാൻ ജി പി ക്ലിനിക്കുകളെ ആളുകൾ ബന്ധപ്പെടുന്നുണ്ട്. ഇവരോട് വാക്‌സിൻ ഡോസുകൾ ലഭിച്ചിട്ടില്ലെന്നും സർക്കാരിൽ നിന്നുള്ള വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നുമാണ് ഈ ക്ലിനിക്കുകൾ മറുപടി നൽകുന്നത്.
കൊവിഡ് രോഗം അപകടകരമാകാൻ സാധ്യതയുള്ള വിഭാഗത്തിലുള്ളവർക്ക് മാർച്ച് 22 മുതൽ വാക്‌സിൻ ലഭ്യമാകും. ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലധികം ജിപി ക്ലിനിക്കുകൾ വഴിയായിരിക്കും ഇത് വിതരണം ചെയ്യുക.
എഴുപത് വയസ്സിന് മുകളിൽ പ്രായമുള്ള ഓസ്ട്രലിയക്കാർ, അന്പത്തിയഞ്ചിന് മുകളിൽ പ്രായമുള്ള ആദിമ വർഗ സമൂഹത്തിലും ടോറസ് സ്ട്രെയ്റ്റ് ഐലൻഡർ വിഭാഗത്തിൽപ്പെട്ടവർ എന്നിവർ 1 b ഘട്ടത്തിൽ ഉൾപ്പെടുന്നു.
കൂടാതെ, ആരോഗ്യപരമായ പ്രശ്നങ്ങളുള്ള യുവാക്കൾ, രോഗം പിടിപെടാൻ സാധ്യതയുള്ള മേഖലകളിൽ പ്രവർത്തിക്കുന്നവർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കും ഈ ഘട്ടത്തിൽ വാക്‌സിന് അർഹതയുണ്ടാകും.
രോഗബാധ രൂക്ഷമാകാൻ സാധ്യതയുള്ള വിഭാഗത്തിനും മുൻനിരയിൽ പ്രവർത്തിക്കുന്നവർക്കും വാക്‌സിൻ ലഭ്യമാകുമെങ്കിലും ബുക്കിംഗ് ലഭിക്കാൻ പരിധി ബാധകമായിരിക്കുമെന്ന് വെബ്‌സൈറ്റ് ഉദ്‌ഘാടനം ചെയ്ത ശേഷം ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
1b ഘട്ടത്തിൽ ആറ് മില്യൺ ആളുകൾ ഉൾപ്പെടുന്നതായി ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവർക്കും ഉടനടി വാക്‌സിൻ ലഭ്യമാക്കാൻ കഴിയില്ലെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് പൂർത്തിയാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കടപ്പാട്: SBS മലയാളം