ആശുപത്രി ജീവനക്കാരുടെ കുറവ് കുട്ടിയുടെ മരണത്തിലേക്കു നയിച്ചതായി കൊറോണര്‍
പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ചികിത്സ ലഭിക്കാതെ ഏഴു വയസുകാരി മരിച്ച സംഭവത്തില്‍, അന്നേ ദിവസം ആശുപത്രിയില്‍ മതിയായ ജീവനക്കാരില്ലായിരുന്നുവെന്ന് കൊറോണര്‍.
പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ജീവനക്കാരുടെ ക്ഷാമം മൂലം ബാലികയുടെ ജീവന്‍ രക്ഷിക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതായും കേസ് അന്വേഷിക്കുന്ന കൊറോണര്‍ നിരീക്ഷിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മൂന്നിന് കടുത്ത പനിയുമായി ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച മലയാളി ബാലിക ഐശ്വര്യ അശ്വത് മണിക്കൂറുകള്‍ക്കകം മരണത്തിനു കീഴടങ്ങുകയായിരുന്നു.
സംഭവത്തില്‍ കൊറോണറുടെ അന്വേഷണം പുരോഗമിക്കവേ, ആശുപത്രി ജീവനക്കാര്‍ നേരിടുന്ന കടുത്ത ജോലി സമ്മര്‍ദത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു.
ഐശ്വര്യയുടെ മരണദിവസം രാത്രി ആശുപത്രിയില്‍ മതിയായ ജീവനക്കാരുണ്ടായിരുന്നില്ലെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നതായി ഡെപ്യൂട്ടി സ്റ്റേറ്റ് കൊറോണര്‍ പറഞ്ഞു.
പനി ബാധിച്ച ഐശ്വര്യ രണ്ടു മണിക്കൂറിലധികമാണ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാനായി കാത്തിരുന്നത്. അടിയന്തര ചികിത്സ വേണമെന്ന് മാതാപിതാക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടും ജീവനക്കാര്‍ ഗൗരവത്തോടെ എടുത്തില്ല.
ഐശ്വര്യയുടെ നില എത്രത്തോളം ഗുരുതരമാണെന്ന് തിരിച്ചറിയുന്നതില്‍ ജീവനക്കാര്‍ പരാജയപ്പെട്ടതായും അതു മനസിലാക്കിയപ്പോഴേക്കും രക്ഷിക്കാനാകാത്ത വിധം കുട്ടി ഗുരുതരാവസ്ഥയിലായതായും തെളിവുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഐശ്വര്യയെ പരിചരിച്ച നഴ്‌സിനെ മറ്റു ജോലികള്‍ക്കും വിളിച്ചതിനാല്‍ കുട്ടിയെ വേണ്ടവിധം നിരീക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും വിചാരണവേളയില്‍ വെളിപ്പെട്ടിട്ടുണ്ട്.
ഐശ്വര്യയുടെ ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, താപനില എന്നിവ ക്രമാതീതമായി ഉയരുന്നതും വേദനകൊണ്ട് പുളയുന്നതും നിരീക്ഷിച്ചിട്ടും നഴ്‌സ് ഗുരുതരാവസ്ഥ മനസിലാക്കിയില്ല.
വെള്ളിയാഴ്ച നടന്ന സാക്ഷി വിസ്താരത്തിനിടെയാണ് ഡെപ്യൂട്ടി സ്റ്റേറ്റ് കൊറോണറായ സാറ ലിന്റണ്‍ സുപ്രധാനമായ ഈ നിരീക്ഷണങ്ങള്‍ പങ്കുവച്ചത്.
ഐശ്വര്യയുടെ മരണദിവസം രാത്രി ആശുപത്രിയില്‍ ആവശ്യത്തിന് മതിയായ ജീവനക്കാരില്ലെന്നതിന് മതിയായ തെളിവുകളുണ്ടെന്ന് അവര്‍ പറഞ്ഞു.
ജോലിഭാരത്താല്‍ ഐശ്വര്യയുടെ രോഗാവസ്ഥയുടെ കാഠിന്യം തിരിച്ചറിയാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. അത്യാഹിത വിഭാഗത്തില്‍ രണ്ടു മണിക്കൂറോളം കാത്തിരുന്ന ഐശ്വര്യയുടെ ആരോഗ്യനില വഷളാകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൊറോണര്‍ പരിശോധിച്ചു.
ഇന്‍ക്വസ്റ്റിന്റെ ഓരോ ദിവസവും ഹാജരായ ഐശ്വര്യയുടെ മാതാപിതാക്കളായ അശ്വത് ചവിട്ടുപാറയുടെയും പ്രസീത ശശിധരന്റെയും സഹനശക്തിയെ ലിന്റണ്‍ പ്രത്യേകം പരാമര്‍ശിച്ചു.
കൊച്ചു പെണ്‍കുഞ്ഞിനാണ് ജീവന്‍ നഷ്ടമായത്. നാമെല്ലാവരും അതിനെക്കുറിച്ച് ചിന്തിക്കുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന് സാറ ലിന്റണ്‍ പറഞ്ഞു.
ആശുപത്രി ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നും മകളെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ അവഗണിച്ചതായും ദമ്പതികള്‍ ആരോപിച്ചു.
കോവിഡ് ആരോഗ്യരംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നത് ഉള്‍പ്പെടെ ആശുപത്രികള്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ലിന്റണ്‍ നിരീക്ഷിച്ചു.
എന്നാല്‍ ഐശ്വര്യയുടെ മരണത്തിന് മാസങ്ങള്‍ക്ക് മുന്‍പുതന്നെ നഴ്സുമാര്‍ ജോലിഭാരം സംബന്ധിച്ച ആശങ്ക ഉന്നയിച്ചിരുന്നതിനാല്‍ മാറ്റങ്ങള്‍ നേരത്തെ വരുത്താമായിരുന്നില്ലേ എന്ന് കോടതി ചോദിച്ചു.
ഐശ്വര്യയുടെ കുടുംബത്തിന് വേണ്ടി വാദിക്കുന്ന ടിം ഹാമണ്ട്, കുട്ടിയെ രക്ഷിക്കാന്‍ സാധിക്കുമായിരുന്ന മൂന്ന് നിര്‍ണായക അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതായി കോടതിയില്‍ ബോധിപ്പിച്ചു.
നഴ്സുമാരുടെ ജോലിഭാരം കണക്കിലെടുത്ത് അവര്‍ക്ക് പ്രതികൂലമായ വിധി പുറപ്പെടുവിക്കരുതെന്ന് നഴ്‌സിംഗ് യൂണിയന്‍ അഭ്യര്‍ഥിച്ചു.