Airbnb ഉപഭോക്താക്കളെ കബളിപ്പിച്ചെന്ന് കേസ്

അവധിക്കാല വസതികൾ ബുക്ക് ചെയ്തവരെ തെറ്റിദ്ധരിപ്പിച്ചു Airbnb കൂടുതൽ തുക ഈടാക്കിയതായി പരാതി. നിരക്ക് ഈടാക്കുന്നത് അമേരിക്കൻ ഡോളറിലാണെന്ന് മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് ACCC യുടെ നിയമനടപടി.

2018 ജനുവരി മുതൽ മുതൽ 2021 ഓഗസ്റ്റ് വരെ Airbnb വഴി അവധിക്കാല വസതികൾ ബുക്ക് ചെയ്തവരെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപണം.

ഡോളർ ചിഹ്നം നൽകിയാണ് Airbnb വെബ്സൈറ്റിലും ആപ്പിലും ബുക്കിങ് നിരക്കുകൾ പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ ഈ നിരക്കുകൾ അമേരിക്കൻ ഡോളറിലാണ് ഈടാക്കിയിരുന്നത്.

അമേരിക്കൻ ഡോളർ എന്ന് വ്യക്തമാക്കാതിരുന്നത് ഉപഭോക്താക്കൾക്ക് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നാണ് ആരോപണം.

ഓസ്‌ട്രേലിയൻ ഉപഭോക്തൃ നിയമം അനുസരിച്ചു ഓസ്‌ട്രേലിയൻ ഡോളറിലാണ് രാജ്യത്തെ ഓൺലൈൻ പോർട്ടലുകളിൽ നിരക്കുകൾ പ്രദർശിപ്പിക്കേണ്ടതെന്നു ACCC നിർദ്ദേശിച്ചിട്ടുണ്ട്.

വെബ്‌സൈറ്റിൽ 500 ഡോളർ എന്ന് പ്രദർശിപ്പിച്ച അവധിക്കാല വസതികൾ ബുക്ക് ചെയ്തവരുടെ അക്കൗണ്ടിൽ നിന്ന് 700 ഓസ്‌ട്രേലിയൻ ഡോളർ ആണ് കമ്പനി ഈടാക്കിയത്. ഇതിനു പുറമെ ക്രെഡിറ്റ് കാർഡ് കമ്പനി ഈടാക്കുന്ന ഫോറിൻ എക്സ്ചേഞ്ച് ഫീസ് കൂടി നൽകേണ്ടി വന്നുവെന്ന് ACCC മേധാവി ജിനാ കാസ്-ഗോട്ടലീബ് പറഞ്ഞു. 

ഉപഭോക്താക്കൾ അമേരിക്കൻ ഡോളർ തിരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നിരക്കുകൾ അത്തരത്തിൽ പ്രദർശിപ്പിച്ചതെന്നാണ് ഇതിനെക്കുറിച്ച് പരാതിപ്പെട്ടവർക്ക് Airbnb നൽകിയ മറുപടി.

എന്നാൽ ഇത് വാസ്തവമല്ലെന്ന് ജിനാ കാസ്-ഗോട്ടലീബ് പറഞ്ഞു. 

ഇതിനകം രണ്ടായിരത്തോളം പരാതികൾ ആണ് Airbnb ക്കെതിരെ വന്നതെന്ന് പറഞ്ഞ ജിനാ അതിനിയും കൂടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.

പല പരാതികളിലും Airbnb യുടെ ഭാഗത്തു നിന്ന് നടപടികൾ ഉണ്ടാവാത്തതിനാലാണ്  നിയമനടപടിയുമായി മുന്നോട്ട് പോകേണ്ടി വന്നതെന്നും ACCC വ്യക്തമാക്കി.

അതെ സമയം സംഭവത്തെക്കുറിച്ചു അന്വേഷിക്കുമെന്നും ഇത് മൂലം കൂടുതൽ തുക നൽകേണ്ടിവന്ന ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുമെന്നും ഓസ്ട്രേലിയ-ന്യൂസീലാൻഡ് മാനേജർ സൂസൻ വീൽഡൺ അറിയിച്ചതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

Exit mobile version