ഓസ്‌ട്രേലിയ തണുത്ത് വിറയ്ക്കുന്നു

ഓസ്‌ട്രേലിയയുടെ തെക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തണുപ്പ് കൂടുന്നു. കനത്ത മഴക്കും സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി.

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച കഠിനമായ തണുപ്പാണ് അനുഭവപ്പെട്ടത്.

മെൽബണിൽ രാവിലെ മൂന്ന് മണിക്കൂറ്‍ കൊണ്ട് താപനിലയിൽ ഏഴു ഡിഗ്രിയുടെ കുറവുണ്ടായി. രാവിലെ പത്ത് മണിക്ക് 18.7 ഡിഗ്രി താപനില ഉണ്ടായിരുന്നെങ്കിൽ മണിക്കൂറുകൾക്കകം ഇത് 11.7 ആയി കുറഞ്ഞു.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആറ് മില്ലിമീറ്റർ വരെ മഴയും രേഖപ്പെടുത്തി.

ഇനിയും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രാത്രിയിൽ ശീതക്കാറ്റിനുള്ള സാധ്യതയും ഉണ്ട്. ഇതേതുടർന്ന് താപനില ഒമ്പതായി കുറഞ്ഞേക്കുമെന്നും കാലാവസ്ഥാകേന്ദം അറിയിച്ചു.

വിക്ടോറിയയിലെയും ന്യൂ സൗത്ത് വെയിൽസിലെയും ആൽപൈൻ മേഖലയിൽമഞ്ഞു വീഴുമെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കൂടാതെ ടാസ്മേനിയയുടെ ചില ഭാഗങ്ങളിലും മഞ്ഞു വീഴ്ച പ്രവചിച്ചിട്ടുണ്ട്.

വിക്ടോറിയയിലെ മൗണ്ട് ബുള്ളറിൽ 85 കിലോമീറ്റര് വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. -7 ഡിഗ്രി തണുപ്പ് തോന്നും വിധമായിരിക്കും ആൽപൈൻ മേഖലയിലെ തണുപ്പ്.

മെൽബണിൽ ബുധനാഴ്ച അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിക്കുമെങ്കിലും തണുപ്പ് നീങ്ങുമെന്നാണ് പ്രവചനം.

ഇതിനിടെ വടക്കൻ ക്വീൻസ്‌ലാന്റിൽ ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴ തുടരുകയാണ്. കെയിൻസ് വിമാനത്താവള പരിസരത്ത് 200 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തി. വരും ദിവസങ്ങളിലും മഴ പെയ്യാനാണ് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് ഗില്ലീസ് റെയ്ഞ്ച് പ്രദേശത്ത് വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടൗൺസ്‌വിൽ, ബവൻ, മക്കായ് തീരപ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button