ഓസ്ട്രേലിയയുടെ കിഴക്കന്‍ മേഖലകളില്‍ നാളെ മുതല്‍ ശൈത്യമേറിയ കാലാവസ്ഥ

കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും മഞ്ഞുവീഴ്ച്ചയ്ക്കും സാധ്യത

സിഡ്‌നി: ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലകളില്‍ നാളെ മുതല്‍ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും വലിയ തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന പ്രവചനവുമായി കാലാവസ്ഥാ വകുപ്പ്.

കഠിനമായ ശൈത്യകാല കാലാവസ്ഥയാണ് വരാന്‍ പോകുന്നതെന്ന മുന്നറിയിപ്പാണ് മീറ്റിയോറോളജി ഡിപ്പാര്‍ട്ട്മെന്റ് നല്‍കുന്നത്.

ടാസ്മാന്‍ കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് വാരാന്ത്യത്തില്‍ തീരത്തേക്ക് അടുക്കുന്നതാണ് കഠിനമായ കാലാവസ്ഥയ്ക്കു കാരണമായി പറയുന്നത്.

അന്റാര്‍ട്ടിക്കയില്‍ നിന്നും തണുപ്പേറിയ കാറ്റ് വീശിത്തുടങ്ങിയതോടെ കിഴക്കന്‍ ഓസ്ട്രേലിയയില്‍ തണുത്ത കാലാവസ്ഥ വ്യാപകമാകുമെന്നാണ് മീറ്റിയോറോളജി ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കുന്നത്. അടുത്ത ആഴ്ച വരെ തണുപ്പ് നീണ്ടുനില്‍ക്കാനുളള സാഹചര്യങ്ങളാണ് അന്തരീക്ഷത്തില്‍ രൂപപ്പെടുന്നത്.

ടാസ്മാനിയ മുതല്‍ ന്യൂ സൗത്ത് വെയില്‍സ് വരെയുള്ള മേഖലകളില്‍ മഞ്ഞ് വീഴാനുള്ള സാധ്യതയുമുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ടാസ്മാനിയയിലും ഈസ്റ്റേണ്‍ വിക്ടോറിയയിലും മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. തിങ്കളാഴ്ച ഇത് ന്യൂ സൗത്ത് വെയില്‍സിലേക്കും വ്യാപിക്കും.

ന്യൂ സൗത്ത് വെയില്‍സിലെ വിവിധ ഭാഗങ്ങളില്‍ രണ്ട് വര്‍ഷത്തിനിടെ ആദ്യമായി മഞ്ഞ് വീഴ്ച്ചയ്ക്കും സാധ്യതയുണ്ട്.

ഈ വര്‍ഷത്തെ ശരാശരി താപനിലയേക്കാള്‍ 10 ഡിഗ്രി വരെ താഴാന്‍ സാധ്യതയുണ്ടെന്നാണ് വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനും വൈദ്യുതി നിലയ്ക്കാനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണം. ശക്തമായ കാറ്റിനൊപ്പം വ്യാപകമായ മഴയുമുണ്ടാകും. അതേസമയം, വലിയ വെള്ളപ്പൊക്ക ഭീഷണിയില്ലെങ്കിലും നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

മെല്‍ബണിലും അഡ്ലെയ്ഡിലും കാന്‍ബറയിലും സിഡ്നിയിലും വരും ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നാണ് പ്രവചനം. കിഴക്കന്‍ ടാസ്മാനിയയിലെയും ഗിപ്സ്ലാന്‍ഡിലെയും തീരങ്ങളില്‍ അഞ്ച് മുതല്‍ ആറു മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യത കല്‍പിക്കുന്നുണ്ട്.

Related Articles

Back to top button