വെള്ളമിറങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണം; വീണ്ടും മഴ മുന്നറിയിപ്പ്

ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലും ക്വീന്‍ഡ് ലാന്‍ഡിലും ദുരിതം വിതച്ച മഴക്കെടുതിയില്‍നിന്നും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള തീവ്രയജ്ഞത്തിലാണ് ജനങ്ങള്‍.

പ്രളയത്തെതുടര്‍ന്ന് ഇരുസംസ്ഥാനങ്ങളിലും ചെളി കയറി നശിച്ച വീടുകളിലും തെരുവുകളിലും ശുചീകരണ പ്രവര്‍ത്തങ്ങള്‍ നടക്കുകയാണ്. പല മേഖലകളിലും ജനങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ തുടരുകയാണ്.

പേമാരിയുടെ ഭീഷണി ഇനിയും ഒഴിഞ്ഞിട്ടില്ലെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നിയിപ്പുനല്‍കുന്നു. ഒറ്റപ്പെട്ട മേഖലകളില്‍നിന്ന് ഇനിയും വെള്ളം ഇറങ്ങിയിട്ടില്ല.

മഴ കുറഞ്ഞെങ്കിലും ന്യൂ സൗത്ത് വെയിസിന്റെ ഉള്‍നാടന്‍ മേഖലകളില്‍ ശക്തമായ ഇടിമിന്നല്‍ മുന്നറിയിപ്പ് നിലവിലുണ്ട്. പ്രളയത്തില്‍ ലിസ്മോറിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.

വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ നാശനഷ്ടത്തിന്റെ വ്യാപ്തി കൂടുതല്‍ വ്യക്തമാണ്. ഇവിടെ മുള്ളുംബിമ്പി മേഖലയില്‍ റോഡുകള്‍ ഒലിച്ചുപോയി. മണ്ണിടിച്ചില്‍ മൂലം പല വീടുകളും അപകടഭീഷണിയിലാണ്. കുത്തിയൊലിച്ചു വന്ന വെള്ളത്തില്‍ വാഹനങ്ങള്‍ ഒഴുകിപ്പോയി. പലരും ഭവനരഹിതരായി. നാശനഷ്ടത്തിന്റെ പൂര്‍ണമായ കണക്ക് ശേഖരിക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല.

ക്വീന്‍സ് ലാന്‍ഡിലെ ഗോള്‍ഡ് കോസ്റ്റില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായ ഒരു സ്ത്രീയുടെ മൃതദേഹം ഇന്ന് രാവിലെ പോലീസ് മുങ്ങല്‍ വിദഗ്ധര്‍ വീണ്ടെടുത്തു. മാര്‍ച്ച് ഒന്നിനാണ് 42 കാരിയെ കാണാതായത്.

ക്വീന്‍സ് ലാന്‍ഡില്‍ മാത്രം മഴക്കെടുതിയില്‍ 11 പേര്‍ മരിച്ചതായി ഡെപ്യൂട്ടി പ്രീമിയര്‍ സ്റ്റീവന്‍ മൈല്‍സ് പറഞ്ഞു. ഫെബ്രുവരി 27 ന് ഗോള്‍ഡ് കോസ്റ്റില്‍ കാണാതായ ഒരാള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

രണ്ടു സംസ്ഥാനങ്ങളിലും നടക്കുന്ന ശുചീകരണ ജോലികളില്‍ പോലീസും സൈന്യവും സഹായിക്കുന്നുണ്ട്. ഇലക്ട്രീഷ്യന്‍മാരുടെയും പ്ലംബര്‍മാരുടെയും ക്ഷാമം വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളുടെ വീണ്ടെടുക്കലിനെ ബുദ്ധിമുട്ടിലാക്കുന്നതായി ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഡൊമിനിക് പെറോട്ടേറ്റ് പറഞ്ഞു

ന്യൂ സൗത്ത് വെയില്‍സില്‍ അടുത്ത ദിവസങ്ങളില്‍ വീണ്ടും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ശക്തമായ ഇടിമിന്നലും മഞ്ഞുകട്ട വീഴ്ച്ചയും ഉണ്ടാകും.

വെള്ളം ഇറങ്ങിയിട്ടല്ലാത്ത വില്‍സണ്‍ ക്രീക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ നിരവധി പേര്‍ വീടുകളില്‍ കഴിയുന്നുണ്ട്. വാഹനത്തില്‍ ആ പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ ഭക്ഷണവും ജനറേറ്ററുകള്‍ക്കുള്ള ഇന്ധനവും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ഹെലികോപ്റ്ററുകള്‍ വഴി വിതരണം ചെയ്യുകയാണ്.

സന്നദ്ധപ്രവര്‍ത്തകരും സഹായഹസ്തവുമായി രംഗത്തുണ്ട്. ഇവിടേക്കു വളണ്ടിയര്‍മാര്‍ നടന്നു പോയും ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നുണ്ട്. ആ പ്രദേശങ്ങളിലേക്കുള്ള റോഡുകള്‍ പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. മഴ ദുരിതത്തിനിടെ മില്‍ട്ടണ്‍, ഗുഡ്ന പ്രദേശങ്ങളില്‍ കവര്‍ച്ച നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു.

ക്വീന്‍സ്ലാന്‍ഡില്‍ മഴക്കെടുതിയില്‍ ദുരിതത്തിലായ ചെറുകിട ബിസിനസുകാര്‍, ഉല്‍പാദകര്‍, കര്‍ഷകര്‍ എന്നിവരെ സഹായിക്കാന്‍ സംസ്ഥാന-ഫെഡറല്‍ ഗവണ്‍മെന്റ് സംയുക്തമായി ദുരിതാശ്വാസ ഫണ്ട് പ്രഖ്യാപിച്ചു. 558.5 മില്യണ്‍ ഡോളറിന്റെ പാക്കേജാണ് പ്രഖ്യാപിച്ചത്.

പ്രളയം ബാധിച്ച ചെറുകിട ബിസിനസുകള്‍, കര്‍ഷകര്‍, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങള്‍, കായിക ക്ലബ്ബുകള്‍ എന്നിവയ്ക്ക് സാമ്പത്തിക സഹായം നല്‍കും.

Exit mobile version