സ്‌കൂള്‍ പ്രവേശനം: സ്വവര്‍ഗ്ഗ ലൈംഗികതയെ അപലപിക്കണമെന്ന നിബന്ധന സ്‌കൂള്‍ പിന്‍വലിച്ചു

സ്‌കൂള്‍ പ്രവേശനം ലഭിക്കാന്‍ സ്വവര്‍ഗ്ഗ ലൈംഗികതയെ അപലപിച്ചുകൊണ്ട് രക്ഷിതാക്കള്‍ പ്രവേശന കരാര്‍ ഒപ്പുവയ്ക്കണമെന്ന വിവാദ വ്യവസ്ഥ ബ്രിസ്‌ബൈനിലെ ക്രിസ്ത്യന്‍ സ്‌കൂള്‍ പിന്‍വലിച്ചു. കഴിഞ്ഞയാഴ്ചയാണ് ബ്രിസ്‌ബൈനിലെ സിറ്റി പോയിന്റ് ക്രിസ്ത്യന്‍ കോളേജ് ഇത്തരമൊരു നിബന്ധന രക്ഷിതാക്കളെ അറിയിച്ചത്.

സ്‌കൂൾ പ്രവേശനത്തിനായി സ്വവർഗ്ഗ ലൈംഗികതയെ അപലപിക്കുന്ന പ്രവേശന കരാറിൽ മാതാപിതാക്കൾ ഒപ്പുവയ്ക്കണമെന്നാവശ്യപ്പെട്ട് ബ്രിസ്‌ബൈനിലെ സിറ്റിപോയിന്റ് ക്രിസ്ത്യൻ കോളേജ് അയച്ച പ്രവേശന കരാർ പിൻവലിക്കുന്നതായി സ്കൂൾ അധികൃതർ വ്യക്തമാക്കി.

സ്കൂളിന്റെ നയത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് നിബന്ധന പിൻവലിക്കുന്ന കാര്യം സ്കൂൾ അധികൃതർ അറിയിച്ചത്.

ക്വീൻസ്ലാന്റ് മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഗ്രേസ് ഗ്രേസും വിമർശനവുമായി രംഗത്തെത്തിയിരുന്നു.

“ജീവശാസ്ത്രപരമായ ലൈംഗികതയുമായി പൊരുത്തപ്പെടുന്ന ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ കോളേജ് വിദ്യാർത്ഥികളെ ചേർക്കൂ” എന്നും ബീസ്റ്റിയാലിറ്റി, ഇൻസെസ്റ്റ്, പീഡോഫീലിയ എന്നിവ പോലെ സ്വവർഗ്ഗലൈംഗികത “പാപമാണ്” എന്നും ബ്രിസ്‌ബൈൻ ക്രിസ്ത്യൻ സ്‌കൂൾ തയ്യാറാക്കിയ എൻറോൾമെന്റ് കരാറിൽ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് സ്കൂൾ ഈ പ്രവേശന കരാർ മാതാപിതാക്കൾക്ക് അയച്ചത്.

“ഒരു നോൺ-ബൈനറി വിദ്യാർത്ഥിയുടെ രക്ഷിതാവ് എന്ന നിലയിൽ”, ഈ ആവശ്യം സ്വീകാര്യമല്ലെന്ന് വിശ്വസിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ഗ്രേസ് പറഞ്ഞു. 

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും കരാറിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. 

പ്രതിഷേധം ശക്തമായതിന് പിന്നാലെ സ്വവർഗ്ഗലൈംഗികതയുമായി ബന്ധപ്പെട്ട പ്രവേശന കരാറിനെക്കുറിച്ച് സ്കൂൾ ക്ഷമാപണം നടത്തി. പ്രവേശന കരാറിൽ മാതാപിതാക്കൾ ഒപ്പുവയ്‌ക്കേണ്ട ആവശ്യമില്ലെന്നും ബ്രിസ്‌ബൈനിലെ സിറ്റിപോയിന്റ് ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ പ്രസ്തവാനയിലൂടെ  വ്യക്തമാക്കി.

“ലൈംഗികത അല്ലെങ്കിൽ ലിംഗ സ്വത്വം കാരണം വിവേചനത്തിന് വിധേയരാകുമെന്ന്” വിശ്വസിക്കുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന ദുരിതം സ്കൂൾ മനസ്സിലാക്കുന്നതായി പ്രസ്താവനയിൽ പറയുന്നു.

സ്കൂളിന്റെ പേരിൽ ഈ വിദ്യാർത്ഥികളോടും കുടുംബങ്ങളോടും ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്കൂൾ എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളാൻ ആഗ്രഹിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു. 

സ്കൂൾ ഒരു വിദ്യാർത്ഥിയോടും അവരുടെ ലൈംഗികതയോ ലിംഗ സ്വത്വമോ കാരണം വിവേചനം കാണിക്കില്ല എന്ന് നേരെത്തെ അറിയിച്ചിരുന്നു. ഇക്കാര്യം പ്രസ്താവനയിലൂടെ വീണ്ടും സ്കൂൾ അറിയിച്ചു. 

Related Articles

Back to top button