ഓസ്‌ട്രേലിയന്‍ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍; പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന് റിപ്പോര്‍ട്ട്

കാന്‍ബറ: ഓസ്‌ട്രേലിയന്‍ കമ്പനികള്‍ക്കും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ നടന്ന സൈബര്‍ ആക്രമണത്തില്‍ സംശയമുന ചൈനീസ് ഹാക്കര്‍മാരിലേക്ക്.

ഭരണകൂട പിന്തുണയോടെയുള്ള ചൈനീസ് ഹാക്കര്‍മാരുടെ പ്രവൃത്തി ഓസ്‌ട്രേലിയയുടെ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് ഓസ്ട്രേലിയന്‍ സിഗ്‌നല്‍സ് ഡയറക്ടറേറ്റ് (എ.എസ്.ഡി) ആരോപിച്ചു.

ആശുപത്രികളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സേവന സ്ഥാപനങ്ങളും ബിസിനസ് സ്ഥാപനങ്ങളും ഉള്‍പ്പെടെ ഹാക്കര്‍മാരുടെ ഇരകളാണെന്നും ക്വീന്‍സ്ലന്‍ഡിലും വിക്ടോറിയയിലുമാണ് ഭൂരിഭാഗം സൈബര്‍ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും എ.എസ്.ഡി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടുതല്‍ ഓസ്ട്രേലിയക്കാരെ സൈബര്‍ കുറ്റവാളികള്‍ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്.

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഒപ്റ്റസ്, ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ മെഡിബാങ്ക് എന്നിവയ്ക്കു നേരെയാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും വലിയ സൈബര്‍ ആക്രമണമുണ്ടായത്.

നിരവധി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോരുകയും പിന്നീട് ഡാര്‍ക്ക് വെബ്ബിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.

ഓസ്‌ട്രേലിയയിലെ തുറമുഖ കമ്പനിയായ ഡിപി വേള്‍ഡിനു നേരെ കഴിഞ്ഞ ആഴ്ച സൈബര്‍ ആക്രമണമുണ്ടായി.

സര്‍ക്കാര്‍, വ്യവസായം, രാഷ്ട്രീയ സംഘടനകള്‍, വിദ്യാഭ്യാസം, ആരോഗ്യം, അവശ്യ സേവന ദാതാക്കള്‍, മറ്റ് നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

റഷ്യയുമായി ബന്ധമുള്ള ഹാക്കര്‍മാരും ഓസ്ട്രേലിയക്കാരെ ലക്ഷ്യം വെയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

റഷ്യന്‍ അധിനിവേശത്തിനിടെ ഉക്രെയ്‌നിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ റഷ്യന്‍ ഭരണകൂട പിന്തുണയോടെയായിരുന്നുവെന്ന് എ.എസ്.ഡി പറയുന്നു.

സൈനിക സാങ്കേതിക ശക്തിയില്‍ വളര്‍ച്ച കൈവരിച്ചതിനാല്‍, ഭരണകൂട പിന്തുണയുള്ള സൈബര്‍ കുറ്റവാളികളുടെ ലക്ഷ്യമായി ഓസ്ട്രേലിയ മാറിയതായി പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് എബിസിയോടു പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഏകദേശം 94,000 കേസുകളാണ് രാജ്യത്തുടനീളമുള്ള വ്യക്തികളും ബിസിനസുകളും നിയമ നിര്‍വ്വഹണ ഏജന്‍സികളില്‍ റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 23 ശതമാനം വര്‍ധന.

കമ്പനികള്‍ക്കെതിരേയുണ്ടായ സൈബര്‍ ആക്രമണങ്ങളെ തുടര്‍ന്ന് ശരാശരി ചെലവ് 14 ശതമാനം വര്‍ദ്ധിച്ചു.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ മൂലം ചെറുകിട ബിസിനസുകളുടെ നഷ്ടം ഏകദേശം 30,000 ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് ഏകദേശം 46,000 ഡോളറായി വര്‍ദ്ധിച്ചു.

സൈബര്‍ ആക്രമണങ്ങള്‍ സംഭവിക്കുന്ന നിമിഷത്തില്‍തന്നെ കമ്പനികള്‍ ഓസ്ട്രേലിയന്‍ സിഗ്‌നല്‍സ് ഡയറക്ടറേറ്റുമായി ആശയവിനിമയം നടത്തണമെന്ന് റിച്ചാര്‍ഡ് മാര്‍ലെസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version