ഓസ്ട്രേലിയൻ ഹൈക്കമ്മീഷണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിന്റെ മുൻ ഭരണാധികാരി കൂടിയായ ഹൈ ഹൈക്കമ്മീഷണർ ബാരി ഒ ഫെറലുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി.

ഓസ്‌ട്രേലിയയുടെ ഫെഡറൽ സംവിധാനം എന്നും രാജ്യത്തിന് മാതൃകയാണ്. ഓസ്‌ട്രേലിയയിലെ ആഭ്യന്തര സർക്കാരുകളുടെ പ്രവർത്തനരീതി പ്രായോഗികമായി സംസ്ഥാനത്തിന് ഏറെ ഉപകാരപ്പെടും.

ഓസ്‌ട്രേയിലയിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്ന നിരവധി ഇന്ത്യാക്കാരുണ്ട്. മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മ ഓസ്ട്രേലിയയിൽ നിലവിലുണ്ട്. ഇവർക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ സംരക്ഷിക്കുന്നതിനും ഓസ്‌ട്രേലിയൻ ഗവൺമെന്റിനോടുള്ള നന്ദി മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഉന്നതിയിൽ എത്തിക്കാൻ ശാസ്ത്രം, ടെക്നോളജി, ഹ്യൂമാനിറ്റീസ്, ലിബറൽ ആർട്സ് തുടങ്ങിയ വിഷയങ്ങളിൽ മികവിന്റെ കേന്ദ്രങ്ങൾ തുടങ്ങിക്കഴിഞ്ഞു.

കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനത്തിനായി രണ്ടിടത്തെയും നിയുക്ത വ്യക്തികൾ കൂടിക്കാഴ്ച നടത്തി ചർച്ച ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ വിജ്ഞാന സമൂഹമായി വളർത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉദ്യോഗാർഥികളുടെ തൊഴിൽ ക്ഷമത വർധിപ്പിക്കുന്നതിനും സഹകരണം ഏറെ സഹായകരമാകും.

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകാൻ ഒരുങ്ങുകയാണ്. ഇതിനായി നിക്ഷേപ നിയമങ്ങൾ ലളിതമാക്കുമെന്നും ഓസ്‌ട്രേലിയയിലെ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ക്ഷണിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രകൃതി ഭംഗിക്കും ആയുർവേദം പോലെയുള്ള ചികിത്സാ രീതിക്കും ഏറെ പ്രശസ്തമായ കേരളത്തിലേക്ക് ഓസ്‌ട്രേലിയൻ വിനോദസഞ്ചാരികളെയും മുഖ്യമന്ത്രി ക്ഷണിച്ചു.

ഭാവിയിൽ കൂടുതൽ മേഖലകളിൽ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി ഹൈ കമ്മീഷണറെ അറിയിച്ചു.

ഹൈക്കമ്മീഷണർക്കൊപ്പം ഓസ്‌ട്രേലിയൻ കോൺസുലേറ്റിൽ നിന്നും കോൺസുൽ ജനറൽ ഫോർ സൗത്ത് ഏഷ്യ സാറ കിർലിവ്, വൈസ് കോൺസുൽ സാം മൈയേർസ് എന്നിവരും ഓസ്‌ട്രേലിയൻ ഹൈ കമ്മീഷനിൽ നിന്ന് മ്യുറെ ടൈലർ, ജോആൻ പ്രയർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Related Articles

Back to top button