ഗാർഹിക പീഡനം നേരിടുന്നവർക്കുള്ള ശമ്പളത്തോടെയുള്ള അവധി കാഷ്വൽ ജീവനക്കാർക്കും

ഗാർഹിക പീഡനം നേരിടുന്നവർക്ക് സർക്കാർ നടപ്പിലാക്കുന്ന ശമ്പളത്തോടെയുള്ള അവധി കാഷ്വൽ ജീവനക്കാർക്കും ലഭ്യമാക്കുമെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കി.

ഗാർഹിക പീഡനം നേരിടുന്ന കാഷ്വൽ ജീവനക്കാർക്കും ശമ്പളത്തോടെ 10 ദിവസം അവധിയെടുക്കാൻ കഴിയുന്ന രീതിയിൽ നിയമനിർമ്മാണം നടത്തുമെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കി.

ഇതിനായുള്ള ബില്ല് ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. 1.1 കോടി പേർക്ക് ഈ മാറ്റം ബാധകമാകും.

10 ദിവസത്തെ അവധി നാഷണൽ എംപ്ലോയ്‌മെന്റ് സ്റ്റാൻഡേർഡ്‌സിന്റെ ഭാഗമായി ഉൾപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസി വ്യക്തമാക്കിയിരുന്നു.

ഗാർഹിക പീഡനം നേരിടുന്നവരുടെ തൊഴിലുകൾ സംരക്ഷിക്കുക എന്നതാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്ന് വർക്ക്പ്ലേസ് റിലേഷൻസ് മന്ത്രി ടോണി ബെർക്ക് പറഞ്ഞു.

അക്രമാസക്തമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരുടെ ജോലി നഷ്ടപ്പെടാതിരിക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം എബിസിയോട് പറഞ്ഞു.

ഫുൾ ടൈം, പാർട്ട് ടൈം ജീവനക്കാരെ മാത്രമല്ല, കാഷ്വൽ ജീവനക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലിബറൽ സഖ്യം നയിച്ചിരുന്ന മുൻ സർക്കാർ, ഗാർഹിക പീഡനം നേരിടുന്നവർക്ക് ശമ്പളമില്ലാതെ അഞ്ചു ദിവസം അവധിയെടുക്കാനുള്ള പദ്ധതി നാഷണൽ എംപ്ലോയ്‌മെന്റ് സ്റ്റാൻഡേർഡ്‌സിന്റെ ഭാഗമായി ഉൾപ്പെടുത്തിക്കൊണ്ട് വിപുലമാക്കിയിരുന്നു.

പുതിയ പദ്ധതി പ്രാബല്യത്തിൽ വരുമ്പോൾ 10 ദിവസം ശമ്പളത്തോടെ അവധി ലഭിക്കും.

2023 ഫെബ്രുവരിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി, 2023 ഓഗസ്‌റ്റോടെ പൂർണമായും പ്രാബല്യത്തിൽ വരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ചെറുകിട ബിസിനസ്സുകൾക്ക് പദ്ധതി നടപ്പിലാക്കാൻ ആറു മാസത്തെ കാലാവധി അനുവദിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കടപ്പാട്: SBS മലയാളം

Related Articles

Back to top button