യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ ടാക്സി ഡ്രൈവർക്ക് ശിക്ഷ
ടാക്സിയിൽ വച്ച് യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ കെയിൻസിൽ ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർക്ക് കോടതി ആറുമാസത്തെ ജയിൽശിക്ഷ വിധിച്ചു. എന്നാൽ, പ്രതിയുടെ നാടുകടത്തൽ ഒഴിവാക്കുന്നതിനായി വിധി മരവിപ്പിക്കുകയും, ക്രിമിനൽ റെക്കോർഡിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കുകയും ചെയ്തു.
ഹർമീത് സിംഗ് എന്ന 29കാരനെയാണ് യാത്രക്കാരിയെ പീഡിപ്പിച്ചു എന്ന കേസിൽ കെയിൻസ് ജില്ലാ കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ ടാക്സിയിൽ യാത്രക്കെത്തിയ 34കാരിയെ, ബലമായി ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു എന്നാണ് കേസ്.
ഹർമീത് സിംഗ് കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.
ഇതേത്തുടർന്നാണ് ഹർമീത് സിംഗിന് കോടതി ആറു മാസത്തെ തടവുശിക്ഷ വിധിച്ചത്.
ഈ സംഭവത്തിന് മുമ്പ് യാത്രക്കാരി ഹർമീത് സിംഗിന്റെ കവിളിൽ ചുംബിക്കുകയും, ഐ ലവ് യു എന്ന് പറയുകയും ചെയ്തിരുന്നു എന്നത് കോടതി ചൂണ്ടിക്കാട്ടി.
ഹർമീത് ജയിൽ ശിക്ഷ അനുഭവിക്കുന്നത് കോടതി ഒഴിവാക്കിയിട്ടുണ്ട് (സസ്പെൻഡഡ് സെന്റൻസ്).
ക്രിമിനൽ രേഖകളിൽ ഹർമീത് സിംഗിന്റെ പേരുൾപ്പെടുത്തുന്നത് കോടതി ഒഴിവാക്കുകയും ചെയ്തു.
ജയിൽശിക്ഷ അനുഭവിക്കുകയും, ക്രിമിനൽ റെക്കോർഡിൽ പേരു വരികയും ചെയ്താൽ ഹർമീത് സിംഗിനെ നാടു കടത്തും എന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്.
കെയിൻസിലെ ഒരു ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനത്തിൽ ഇയാൾക്ക് ജോലി ഓഫർ ലഭിച്ചിട്ടുണ്ടെന്നും, അത് നഷ്ടമാക്കാൻ കോടതി ഉദ്ദേശിക്കുന്നില്ലെന്നും ജില്ലാ ജഡ്ജി വ്യക്തമാക്കി.
മുമ്പ് ക്രിമിനൽ കേസുകളൊന്നും ഹർമീതിന്റെ പേരിൽ ഇല്ല എന്നതുകൂടി കണക്കിലെടുത്താണ് ഈ നടപടി.
പ്രതി ചെയ്തത് “അവസരം മുതലെടുക്കൽ”
മദ്യപിച്ച ശേഷം കാറിൽ കയറിയ 34കാരി, തന്റെ മുൻ പങ്കാളിയുമായുള്ള പ്രശ്നങ്ങൾ ഡ്രൈവറോട് പറഞ്ഞിരുന്നു.
യാത്രക്കൊടുവിൽ അപ്പാർട്ട്മെന്റിനു മുന്നിൽ ഇറങ്ങാൻ തുടങ്ങിയപ്പോൾ യാത്രക്കാരി ഹർമീതിന്റെ കവിളിൽ ചുംബിക്കുകയും, പല തവണ ഐ ലവ് യു എന്ന് പറയുകയും ചെയ്തു.
ഇതിനു ശേഷം അവർ പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും, ബലമായി ചേർത്തുപിടിച്ച ഹർമീത്, ചുണ്ടിൽ ചുംബിക്കുകയും, സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു എന്ന് കോടതി വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി.
അപ്പോഴത്തെ സാഹചര്യത്തിൽ അവസരം മുതലെടുക്കുകയായിരുന്നു ഹർമീത് ചെയ്തതെന്നും കോടതി വിധിയിൽ പറഞ്ഞു.
യാത്രക്കാരിയാണ് ആദ്യം ചുംബിച്ചത് എന്ന കാര്യം കണക്കിലെടുക്കുന്നു എന്നു പറഞ്ഞ കോടതി, എന്നാൽ അത് ഹർമീതിന്റെ കുറ്റം ചെറുതാക്കുന്നില്ല എന്നും വ്യക്തമാക്കി.
യാത്രക്കാരിക്ക് 2,000 ഡോളർ നഷ്ടപരിഹാരം നൽകാനും ഹർമീതിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കടപ്പാട്: SBS മലയാളം