മുൻ ലോക്ക്ഡൗണുകളെക്കാൾ കൂടുതൽ പ്രതിസന്ധി ബിസിനസ് ഉടമകൾക്ക് സൃഷ്‌ടിക്കുമെന്നു വിലയിരുത്തൽ
ജോബ്കീപ്പർ പദ്ധതിയുടെ പിന്തുണയില്ലാതെയുള്ള വിക്ടോറിയയിലെ ലോക്ക്ഡൗൺ, ബിസിനസ് ഉടമകൾക്ക് മുൻ ലോക്ക്ഡൗണുകളെക്കാൾ കൂടുതൽ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ലക്ഷകണക്കിന് ഡോളറിന്റെ നഷ്ടമായിരിക്കും ഏഴ് ദിവസം നീളുന്ന ലോക്ക്ഡൗൺ മൂലം പല വിക്ടോറിയൻ ബിസിനസുകൾക്കും ഉണ്ടാവുക.
കൊവിഡ് സാഹചര്യത്തിൽ ആവർത്തിച്ചുള്ള ലോക്ക്ഡൗൺ ബിസിനസ് ഉടമകൾക്ക് പ്രതിസന്ധിയാകുന്ന കാര്യമാണ് മെൽബണിൽ ബാറും റെസ്റ്റോറന്റും നടത്തുന്ന ഗ്രെഗ് സാന്ഡേഴ്സണ് ചൂണ്ടികാട്ടിയത്.
ഇതുവരെയും സർക്കാർ പിന്തുണ ഉണ്ടാകുമോ എന്ന കാര്യത്തിൽ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല എന്നതും ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് പുറമെ, ലോക്ക്ഡൗൺ ഏഴ് ദിവസം കൊണ്ട് അവസാനിക്കുമോ എന്ന കാര്യവും ഉറപ്പില്ലാത്തത് കൂടുതൽ വെല്ലുവിളി ഉയർത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിസിനസുകൾക്കായി ഒരു സഹായ പാക്കേജ് വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ആക്റ്റിംഗ് പ്രീമിയർ ജെയിംസ് മെർലിനോ പറഞ്ഞിരുന്നു. എന്നാൽ എന്തായിരിക്കും പാക്കേജിൽ അടങ്ങുക എന്നത് വ്യക്തമാക്കിയിട്ടില്ല.
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് റെസ്റ്റോറന്റ് ബിസിനസ് തിരിച്ചുവരവ് നടത്തുന്ന സാഹചര്യത്തിലാണ് തിരിച്ചടിയായി പുതിയ രോഗബാധയും ലോക്ക്ഡൗണുമെന്ന് സാന്ഡേഴ്സൺ പറഞ്ഞു.
വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയുന്ന കുറച്ച് പേർ ഒഴികെ 110 ലേറെ വരുന്ന നാല് റെസ്റ്റോറന്റുകളിലെ തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാത്ത അവസ്ഥയാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജോബ്കീപ്പർ പിന്തുണ ലഭ്യമല്ലാത്തത് വലിയ തിരിച്ചടിയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിസിനസ് ഉടമകളും തൊഴിലാളികളും ആവർത്തിച്ചുള്ള ലോക്ക്ഡൗൺ കാരണം മാനസികമായി സമ്മർദ്ദം നേരിടുന്നതായും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗൺ സമയത്ത് ടേക്ക് എവേ സേവനമായി ചുരുങ്ങിയിരിക്കുകയാണ് സൗത്ത് മെൽബണിലെ കെറ്റിൽ ബ്ലാക്ക് കഫേ.
യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ ഉൾപ്പെടെ 20 ഓളം തൊഴിലാളികളെ പിരിച്ചുവിടേണ്ടി വന്നതായി കഫേ അസിസ്റ്റന്റ് മാനേജർ ജോർജിയ ഓസള്ളിവൻ പറഞ്ഞു.
ഓരോ ലോക്ക്ഡൗൺ നടപ്പിലാക്കുമ്പോഴും തൊഴിലാളികളെ ജോലിയിൽ നിന്ന് മാറ്റേണ്ടി വരുന്ന അവസ്ഥ ദുഃഖകരമാണ്.
മഹാമാരിക്കിടയിൽ പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിൽ പലരും വിജയിച്ചതായി ജോർജിയ ചൂണ്ടിക്കാട്ടി. എന്നാൽ വീണ്ടും ഒരു ലോക്ക്ഡൗൺ പലരെയും തളർത്താൻ സാധ്യതയുള്ളതായി ആശങ്ക പ്രകടിപ്പിച്ചു.
ഏഴ് ദിവസത്തെ ലോക്ക്ഡൗണിൽ വിക്ടോറിയയിലെ ബിസിനസുകൾക്ക് നേരിട്ടുള്ള വില്പനയിൽ ഒരു ബില്യൺ ഡോളറും നേരിട്ടല്ലാതെയുള്ള വില്പനയിൽ 1.5 ബില്യൺ ഡോളറും നഷ്ടമാകുമെന്നാണ് മേഖലയിലെ വിദഗ്‌ധരുടെ കണക്കുകൂട്ടല്‍.
മുൻ ലോക്ക്ഡൗണുകളിൽ പ്രതിസന്ധി നേരിട്ട നിരവധി ബിസിനസുകൾ പൂട്ടി പോകാനുള്ള സാധ്യത കൂടുതലാണെന്ന് ഓസ്‌ട്രേലിയൻ ഇൻഡസ്ട്രി ഗ്രൂപ്പിലെ ടിം പൈപ്പർ അഭിപ്രായപ്പെട്ടു.
കടപ്പാട്: SBS മലയാളം