കോവിഡ് 19 പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയയിൽ വ്യക്തികൾക്കും ബിസിനസുകൾക്കും കൂടുതൽ നികുതി ഇളവുകൾ പ്രഖ്യാപിച്ചു.
“ഓസ്ട്രേലിയ തിരിച്ചുവരുന്നു” ഈ പ്രഖ്യാപനവുമായാണ് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് 2021-22ലേക്കുള്ള ഫെഡറൽ ബജറ്റ് പ്രഖ്യാപിച്ചു തുടങ്ങിയത്.
നൂറ്റാണ്ടിലൊരിക്കലുള്ള മഹാമാരിക്കാലത്ത് ഓസ്ട്രേലിയക്കാരുടെ പോരാട്ടവീര്യം തിളങ്ങി നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പോക്കറ്റിലേക്ക് കൂടുതൽ പണം എത്തിക്കുന്നിനായി നിരവധി നികുതി ഇളവുകൾ പ്രഖ്യാപിക്കുന്നു എന്നാണ് ട്രഷറർ അറിയിച്ചത്.
വ്യക്തികളുടെ ആദായനികുതിയിലും, ബിസിനസുകളുടെ നികുതിയിലും ഇളവുകളുണ്ട്. അടിസ്ഥാന സൗകര്യവികസന രംഗത്തെ കൂറ്റൻ നിക്ഷേപങ്ങൾക്ക് പുറമേയാണ് ഈ നികുതി ഇളവ്.
ആദായനികുതി ഇളവ്
കുറഞ്ഞ വരുമാനക്കാർക്കും ഇടത്തരം വരുമാനക്കാർക്കും പ്രഖ്യാപിച്ചിരുന്ന നികുതി ഇളവ് ഒരു വർഷത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു.
കുറഞ്ഞ വരുമാനവും ഇടത്തരം വരുമാനവുമുള്ള വ്യക്തികൾക്ക് ആദായനികുതിയിൽ 1,080 ഡോളർ വരെയും, രണ്ടു പേരും ജോലി ചെയ്യുന്ന ദമ്പതികൾക്ക് 2,160 ഡോളർ വരെയും ഇളവ് നൽകുന്ന പദ്ധതിയാണ് 2021-22ലേക്ക് കൂടി നീട്ടിയത്.
48,001 മുതൽ 90,000 ഡോളർ വരെ വാർഷിക വരുമാനമുള്ളവർക്കാണ് 1,080 ഡോളർ ഇളവ് ലഭിക്കുന്നത്.
90,000 ഡോളറിന് മേൽ വരുമാനമുള്ളവർക്ക്, ശമ്പളമായി അധികം ലഭിക്കുന്ന ഓരോ ഡോളറിനും മൂന്നു സെന്റ് വീതം ഇളവ് കുറയും.
ചെറുകിട ബിസിനസുകൾക്ക് ഇളവ്
2023-24ഓടെ ചെറുകിട ബിസിനസുകൾക്ക് 16 ബില്യൺ ഡോളറിന്റെ നികുതി ഇളവ് നൽകും എന്നാണ് ബജറ്റിലെ പ്രഖ്യാപനം.
ചെറുകിട-ഇടത്തരം ബിസിനസുകളുടെ നികുതി നിരക്ക് 2021 ജൂലൈ ഒന്നു മുതൽ 25 ശതമാനമായി കുറയുന്നത് ഉൾപ്പെടെയാണ്ഇത്.
ബിസിനസുകൾക്കായി ഉപകരണങ്ങളും മറ്റ് സ്ഥാവരസ്വത്തുക്കളും വാങ്ങുമ്പോൾ നികുത എഴുതിത്തള്ളുന്നത് ഒരു വർഷത്തേക്ക് നീട്ടാനും പ്രഖ്യാപനമുണ്ട്.
അഞ്ചു ബില്യണിൽ താഴെ വിറ്റുവരവുള്ള കമ്പനികൾക്ക് 2023 ജൂൺ 30 വരെ വാങ്ങുന്ന ഉപകരണങ്ങളുടെ നികുതി ഉടനടി എഴുതിത്തള്ളാൻ കഴിയും.
മുമ്പ് ലാഭമുണ്ടായ കമ്പനികൾ വരും വർഷങ്ങളിൽ നഷ്ടത്തിലായാൽ, അത് മുമ്പ് നൽകിയ നികുതിയിൽ ഇളവു നൽകുന്നതിനായും ഉപയോഗിക്കാം. ലോസ് ക്യാരി ബാക്ക് എന്നറിയപ്പെടുന്ന ഈ പദ്ധതിയും 2022-23 വരെ നീട്ടി.
2018-19 മുതലുള്ള ലാഭത്തിൽ ഇത്തരം നികുതി ഇളവ് ലഭിക്കും.
കടപ്പാട്: SBS മലയാളം