ബ്രിസ്‌ബൈനിൽ മൂന്ന് ദിവസത്തെ ലോക്ക്ഡൗൺ
ക്വീൻസ്ലാന്റിൽ ബ്രിട്ടനിൽ നിന്നുള്ള പുതിയ സ്‌ട്രെയിൻ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗ്രെയ്റ്റർ ബ്രിസ്‌ബൈൻ മേഖലയിൽ മൂന്ന് ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
വീടിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകി.
ബ്രിസ്‌ബൈനിൽ ക്വാറന്റൈൻ ഹോട്ടലിലെ ഒരു ജീവനക്കാരിക്ക് വ്യാഴാഴ്ച കൊറോണബാധ സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടനിൽ നിന്നുള്ള പുതിയ സ്‌ട്രെയിൻ വൈറസാണ് ഇവർക്ക് ബാധിച്ചതെന്നാണ് സർക്കാർ അറിയിച്ചത്.
രോഗബാധയൊന്നുമില്ലാത്ത 113 ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഒരു പ്രാദേശിക രോഗബാധ റിപ്പോർട്ട് ചെയ്തത്.
ഈ സാഹചര്യത്തിലാണ് ഗ്രെയ്റ്റർ ബ്രിസ്‌ബൈൻ മേഖലയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മൂന്ന് ദിവസത്തേക്കാണ് ഇവിടെ ലോക്ക്ഡൗൺ.
വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതൽ തിങ്കളാഴ്ച വൈകിട്ട് ആറ് മണി വരെ ബ്രിസ്‌ബൈൻ, ലോഗൻ, ഇപ്സ്വിച്ച്, മോർട്ടൻ, റെഡ്‌ലാൻഡ്‌സ് എന്നീ പ്രദേശത്തുള്ളവർക്ക് സ്റ്റേ ഹോം നിർദ്ദേശം നൽകിയിരിക്കുകയാണ്.
നാല് കാര്യങ്ങൾക്ക് മാത്രമാണ് ഇവിടെയുള്ളവർക്ക് പുറത്തിറങ്ങാവുന്നത്. അവശ്യ സേവനങ്ങളിലെ ജോലിക്കായും, അടുത്തുള്ള കടകളിൽ അവശ്യസാധനങ്ങൾ വാങ്ങാനും, ആരോഗ്യ മേഖലയിലെ ജോലികൾക്കും, വ്യായാമം ചെയ്യാനും മാത്രമേ പുറത്തിറങ്ങാൻ അനുവാദം ഉള്ളു.
ഇപ്പോൾ ഈ ലോക്ക്ഡൗൺ നടപ്പാക്കിയില്ലെങ്കിൽ 30 ദിവസത്തെ ലോക്ക്ഡൗണിലേക്ക് പോകേണ്ടിവരുമെന്ന് പ്രീമിയർ അനസ്താഷ്യ പാലാഷേ പറഞ്ഞു.
രോഗബാധ പടരാൻ ഇടയുള്ളതിനാൽ ബ്രിസ്‌ബൈൻ, ലോഗൻ, ഇപ്സ്വിച്ച്, മോർട്ടൻ, റെഡ്‌ലാൻഡ്‌സ് എന്നീ പ്രദേശങ്ങളിൽ ഉള്ളവർ വീട് വിട്ടു പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും പ്രീമിയർ അറിയിച്ചു.
എന്നാൽ 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് മാസ്ക് നിർബന്ധമല്ല.
കടപ്പാട്: SBS മലയാളം