ബ്രിസ്‌ബൈനിൽ പ്രാദേശിക കൊവിഡ്ബാധ

ബ്രിസ്‌ബൈനിൽ ഒരാൾക്ക് പ്രാദേശിക കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ഒരാഴ്ചയോളമായി സമൂഹത്തിലുണ്ടായിരുന്ന ഇദ്ദേഹം നിരവധി സ്ഥലങ്ങൾ സന്ദർശിച്ചതായി ക്വീൻസ്ലാൻറ് ആരോഗ്യ വകുപ്പ് അറിയിച്ചു.

ബ്രിസ്‌ബൈനിലെ സ്റ്റാ‌ഫോർഡിലുള്ള 26 കാരനാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചയോളമായി സമൂഹത്തിലുണ്ടായിരുന്ന ഇദ്ദേഹം നിരവധി സ്ഥലങ്ങൾ സന്ദർശിച്ചതായി ക്വീൻസ്ലാൻറ് ആരോഗ്യ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച രോഗലക്ഷണങ്ങൾ കണ്ട ഇയാൾ വ്യാഴാഴ്ചയാണ് പരിശോധന നടത്തിയതും രോഗം സ്ഥിരീകരിച്ചതും.

പ്രാദേശിക ബാധ സ്‌ഥിരീകരിച്ചതിന് പിന്നാലെ ബ്രിസ്‌ബൈൻ സിറ്റി കൗൺസിലിലും മോർട്ടൻ ബേ പ്രദേശങ്ങളിലുമുള്ള ഏജ്ഡ് കെയർ കേന്ദ്രങ്ങൾ, ആശുപത്രികൾ, ജയിലുകൾ എന്നിവിടങ്ങളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. വെള്ളിയാഴ്ച ഉച്ച മുതൽ നിയന്ത്രണം നടപ്പാക്കുന്നതായി പ്രീമിയർ അനസ്താഷ്യ പാലാഷേ അറിയിച്ചു.

മാത്രമല്ല, ഈ പ്രദേശങ്ങളിൽ കൂടുതൽ പേർ ഒത്തുചേരുന്നിടത്ത് മാസ്ക് ധരിക്കണമെന്നും പ്രീമിയർ നിർദ്ദേശം നൽകി.

ലാൻഡ്സ്കേപ്പർ ആയ ഇദ്ദേഹം റോയൽ ബ്രിസ്‌ബൈൻ ആശുപത്രിയിൽ ചികിത്സയിലാണ്.

രോഗം ബാധിച്ചയാൾ സന്ദർശിച്ച ചില സ്ഥലങ്ങളുടെ പട്ടികയും ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

കാറിൻഡെയ്ൽ ഷോപ്പിംഗ് സെന്ററിലും എവെർട്ടോൺ പാർക്കിലുള്ള ബാസ്കിൻ ആൻഡ് റോബിൻസ് ഐസ്ക്രീം സ്റ്റോറിലും മാർച്ച് 20നും, ഒരു സൂപ്പർമാർക്കറ്റിലും ഇറ്റാലിയൻ റെറ്റോറന്റിലും മാർച്ച് 21 നും ഇയാൾ സന്ദർശിച്ചിട്ടുണ്ട്. കൂടാതെ മാർച്ച് 22ന് സ്റ്റാ‌ഫോർഡിലെ ബണ്ണിംഗ്‌സും സന്ദർശിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

ഈ ദിവസങ്ങളിൽ ഇവിടം സന്ദർശിച്ചവർ പരിശോധനക്ക് വിധേയരാവണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ബ്രിസ്‌ബൈൻ-മോർട്ടൻ ബേ എന്നിവിടങ്ങളിൽ താമസിക്കുന്നവർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധനക്ക് വിധേയരാവണമെന്നും സംസ്ഥാന ചീഫ് ഹെൽത്ത് ഓഫീസർ ജാനെറ്റ് യംഗ് പറഞ്ഞു.

ഇയാൾക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് ഇനിയും വ്യക്തമായിട്ടില്ല.

സംസ്ഥാനത്ത് രണ്ടാഴ്ച മുൻപ് വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടറുമായി സമ്പർക്കത്തിലായ ആളാവാം ഇതെന്നാണ് ആരോഗ്യ വകുപ്പ് സംശയിക്കുന്നത്. ഡോക്ടർക്ക് വൈറസ് സ്‌ഥിരീകരിച്ചതിന് പിന്നാലെ പ്രിൻസസ് അലക്‌സാൻഡ്ര ആശുപത്രി ലോക്ക്ഡൗൺ ചെയ്തിരുന്നു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button