ഓസ്‌ട്രേലിയയിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ വാക്‌സിൻ

രോഗ പ്രതിരോധശേഷി കുറവുള്ള വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് കൊറോണവൈറസിനെതിരെയുള്ള പ്രതിരോധശേഷി ഉറപ്പാക്കുന്നതിനായി അടുത്തയാഴ്ച മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ അവസരമുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

12 വയസിന് മേൽ പ്രായമുള്ളവർക്കാണ് ഇത് ബാധകമാകുക എന്ന് TGA വ്യക്തമാക്കി.

തിങ്കളാളാഴ്ച മുതൽ അഞ്ച് ലക്ഷം ബൂസ്റ്റർ ഡോസുകൾ ലഭ്യമാകും.

അവയവങ്ങളോ ​​മൂലകോശങ്ങളോ മാറ്റിവച്ചിട്ടുള്ളവർ, രക്താർബുദമുള്ളവർ, രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുന്ന ചികിത്സകൾ സ്വീകരിക്കുന്നവർ എന്നിവർക്ക് ബൂസ്റ്റർ വാക്‌സിൻ സ്വീകരിക്കാം.  

തെറാപ്പി സ്വീകരിക്കാത്ത എച്ച്ഐവി ബാധിതർ, സന്ധിവേദനക്കുള്ള ചില മരുന്നുകൾ സ്വീകരിക്കുന്നവർ, ജനിക്കുമ്പോൾ തന്നെ രോഗപ്രതിരോധ ശേഷിക്ക് കുറവുള്ളവർ എന്നിവരും ഇതിൽ ഉൾപ്പെടുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ആരോഗ്യപ്രവർത്തകർ കൂടാതെ പ്രായമേറിയവർ ഉൾപ്പെടെ പൊതുജനത്തിനുള്ള ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് സംബന്ധിച്ച നിർദ്ദേശം ATAGI തയ്യാറാക്കിവരുന്നതായി വിദഗ്ദ്ധ പാനൽ അറിയിച്ചു.  

ഓസ്‌ട്രേലിയയിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ചുള്ള ATAGI നിർദ്ദേശം ഒക്ടോബർ അവസാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇതിന്റെ വിശദാംശങ്ങൾ പൊതുജനത്തിന് ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. 

മൂന്നാമത്തെ ഡോസായി mRNA വാക്‌സിനുകളായ ഫൈസർ അല്ലെങ്കിൽ മോഡേണ ആയിരിക്കും നിർദ്ദേശിക്കാൻ സാധ്യതയെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി പറഞ്ഞു. ഈ ഘട്ടത്തിൽ ഇതായിരിക്കും അവസാന ഡോസെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കടപ്പാട്: SBS മലയാളം

Exit mobile version