കാൻബറയിൽ തമിഴ് വംശജരായ അമ്മയും കുഞ്ഞും കുളത്തിൽ മുങ്ങിമരിച്ചു

കാൻബറയിൽ തമിഴ് വംശജയായ സ്ത്രീയുടെയും രണ്ട് ആൺമക്കളുടെയും മൃതദേഹം കുളത്തിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ മറ്റാർക്കും പങ്കുള്ളതായി സംശയിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

ക്യാൻബറ നഗരപ്രാന്തത്തിലുള്ള യെറാബി പോണ്ടിൽ നിന്ന് ശനിയാഴ്ച രാവിലെയാണ് ഒരു സ്ത്രീയുടെയും ആൺകുട്ടിയുടെയും മൃതദേഹം കണ്ടെത്തിയത്.

മറ്റൊരു ആൺകുട്ടിയെ കാണാനില്ലെന്ന് അറിയിച്ച ACT പൊലീസ്, കുട്ടിയെ കണ്ടെത്താനായി വ്യാപകമായ തെരച്ചിൽ തുടങ്ങിയിരുന്നു.

പ്രണവ് വിവേകാനന്ദൻ എന്നാണ് കുട്ടിയുടെ പേര് എന്ന് വ്യക്തമാക്കിയ പൊലീസ്, ചിത്രവും പുറത്തുവിട്ടു.

എന്നാൽ ഞായറാഴ്ച രാവിലെയോടെ ഈ കുട്ടിയുടെ മൃതദേഹവും കുളത്തിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.

അമ്മയും രണ്ടു മക്കളുമാണ് മരിച്ചത് എന്ന് പൊലീസ് സ്ഥിരീകരിച്ചു.

മറ്റാരും തന്നെ സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ല എന്നാണ് ഈ ഘടത്തിൽ വിശ്വസിക്കുന്നത് എന്നും പൊലീസ് അറിയിച്ചു.

എന്താണ് മരണകാരണം എന്നതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും, കൊറോണർക്കുള്ള റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ ഒരു സ്ത്രീയുടെയും കുട്ടിയുടെയും ശരീരം കുളത്തിൽ കണ്ടതായി പ്രദേശവാസികളിലൊരാൾ അറിയിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്.

ഇവരുടെ കാറും സമീപത്തു നിന്ന് പിന്നീട് കണ്ടെടുത്തു.

പുലർച്ചെ നാലു മണി മുതൽ തന്നെ ഈ കാർ കുളക്കരയിൽ ഉണ്ടായിരുന്നതായി പ്രദേശവാസികൾ വ്യക്തമാക്കി.

കടപ്പാട്: SBS മലയാളം

Exit mobile version