കാന്‍ബറ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സിഡ്നി സന്ദര്‍ശത്തിനിടെ കാന്‍ബറയിലെ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് ഹൗസില്‍ വിവാദ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.
ഒരു കൂട്ടം പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് ‘ഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി മെയ് 24 ന് പ്രദര്‍ശിപ്പിക്കുന്നത്. മൂന്നു ദിവസത്തെ പര്യടനത്തിനായി തിങ്കളാഴ്ച്ച നരേന്ദ്ര മോഡി സിഡ്‌നിയില്‍ എത്തിച്ചേര്‍ന്നു.
മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍, പെരിയാര്‍ അംബേദ്കര്‍ തോട്ട്സ് സര്‍ക്കിള്‍-ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെയുള്ള പ്രവാസി സംഘടനകളാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
മോഡി സര്‍ക്കാരിന്റെ കീഴില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് ഇന്ത്യ പിന്തിരിയുന്നുവെന്ന് ചൂണ്ടിക്കാണിക്കാനാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ഓസ്‌ട്രേലിയയുടെ പാര്‍ലമെന്റ് ഹൗസ് പ്രദര്‍ശനങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കാറുണ്ട്. സ്വകാര്യ പരിപാടിയായാണ് ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ആംനസ്റ്റിക്ക് പുറമെ ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഓസ്‌ട്രേലിയ ആന്‍ഡ് ന്യൂസിലന്‍ഡ്, മുസ്‌ലിം കളക്ടീവ്, ദി ഹ്യൂമനിസം പ്രോജക്റ്റ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി പ്രദര്‍ശനം. അതേസമയം, കാന്‍ബറയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമ്പോഴേക്കും മോഡിയുടെ സന്ദര്‍ശനം കഴിയും.
മൂന്നു ദിവസത്തെ പര്യടനത്തില്‍ നരേന്ദ്ര മോഡി സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. മെഗാ കമ്മ്യൂണിറ്റി പരിപാടിയിലും മോഡി പങ്കെടുക്കും.
ഓസ്‌ട്രേലിയന്‍ സെനറ്റര്‍മാരായ ഡേവിഡ് ഷൂബ്രിഡ്ജ്, ജോര്‍ഡന്‍ സ്റ്റീല്‍ ജോണ്‍ എന്നിവര്‍ ഡോക്യുമെന്ററി പ്രദര്‍ശനത്തിലും ചര്‍ച്ചയിലും പങ്കെടുക്കും. ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നരേന്ദ്ര മോഡിയോട് ആശങ്ക ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
2002ലെ ഗുജറാത്ത് കലാപത്തെ ആസ്പദമാക്കിയുള്ള ‘ഇന്ത്യ: ദി മോഡി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി ജനുവരിയിലാണ് ബിബിസി പുറത്തിറക്കിയത്.
ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയില്‍ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തില്‍ രേഖകളുണ്ടെന്നുമാണു ബി.ബി.സി ഡോക്യുമെന്ററിയില്‍ പറയുന്നത്.
ഡോക്യുമെന്ററി തടഞ്ഞ കേന്ദ്രസര്‍ക്കാര്‍, യൂട്യൂബ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യങ്ങള്‍ വഴി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ പങ്കുവയ്ക്കുന്നതും വിലക്കിയിരുന്നു.