12 വർഷത്തിനു ശേഷം ഓസ്ട്രേലിയയിൽ ബാങ്കിംഗ് പലിശനിരക്ക് കൂട്ടി

രാജ്യത്തെ ബാങ്കിംഗ് പലിശ നിരക്കിൽ 0.25 ശതമാനത്തിന്റ വർദ്ധനവ് വരുത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചു. ഇതോടെ 0.35 ശതമാനമായാണ് പലിശ ഉയർന്നിരിക്കുന്നത്.

പന്ത്രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഓസ്ട്രേലിയയിൽ ബാങ്കിംഗ് പലിശ നിരക്കിൽ വർദ്ധനവ് ഉണ്ടാകുന്നത്.

2010 നവംബറിലായിരുന്നു ഇതിനു മുമ്പ് അവസാനമായി പലിശ നിരക്ക് കൂടിയത്.

അതിനു ശേഷം പല തവണ പലിശ നിരക്ക് കുറച്ച റിസർവ് ബാങ്ക്, 2020 നവംബറിൽ 0.1 ശതമാനം എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൊണ്ടുവന്നിരുന്നു.

കഴിഞ്ഞ ഒന്നര വർഷമായി 0.1 ശതമാനമാണ് അടിസ്ഥാന പലിശനിരക്ക്.

എന്നാൽ രാജ്യത്തെ നാണയപ്പെരുപ്പവും വിലക്കയറ്റവുമെല്ലാം രൂക്ഷമായ സാഹചര്യത്തിൽ പലിശ നിരക്ക് വീണ്ടും ഉയർത്താനാണ് കേന്ദ്ര ബാങ്ക് തീരുമാനിച്ചത്.

0.35 ശതമാനമാണ് പുതിയ പലിശ നിരക്ക്.

അതായത്, കാൽ ശതമാനം നിരക്ക് വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. നിരവധി സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചതിലും വലിയ വർദ്ധനവാണ് ഇത്.

0.15 ശതമാനം നിരക്ക് വർദ്ധിപ്പിക്കുമെന്നായിരുന്നു സാമ്പത്തിക രംഗത്തിന്റെ വിലയിരുത്തൽ. വരും മാസങ്ങളിലും 0.25 ശതമാനം വീതം നിരക്ക് കൂട്ടിയേക്കും എന്നും നിരവധി വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞയാഴ്ച പുറത്തു വന്ന നാണയപ്പെരുപ്പ നിരക്കും പ്രതീക്ഷയെക്കാൾ കൂടുതലായിരുന്നു. മാർച്ച് മാസത്തിൽ അവസാനിച്ച പാദത്തിൽ 5.1 ശതമാനമായിരുന്നു നാണയപ്പെരുപ്പം.

ഭവനവായ്പകളെ ബാധിക്കും

പലിശ നിരക്കിലെ ഈ വർദ്ധനവ് ബാങ്കുകൾ പൂർണമായും ജനങ്ങളിലേക്ക് കൈമാറും എന്നാണ് കരുതുന്നത്.

അതോടെ, വേരിയബിൾ നിരക്കിലെ ഭവനവായ്പകളെ അത് ബാധിക്കും.

പത്തു ലക്ഷം ഡോളർ (ഒരു മില്യൺ) വായ്പയുള്ള ഒരാൾക്ക്, മാസം 100 ഡോളർ അധിക തിരിച്ചടവ് ഉണ്ടാകും എന്നാണ് വിലയിരുത്തൽ.

റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടുന്നതിന് മുമ്പു തന്നെ പല പ്രമുഖ ബാങ്കുകളും വേരിയബിൾ നിരക്കിൽ വർദ്ധനവ് വരുത്തിയിരുന്നു.

ജൂൺ മാസത്തിൽ 0.25 ശതമാനം കൂടി നിരക്ക് വർദ്ധിപ്പിക്കും എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്.

നാണയപ്പെരുപ്പനിരക്ക് കൂടിയതിനൊപ്പം, രാജ്യത്ത് തൊഴിലില്ലായ്മ കുറഞ്ഞതിനാൽ ജനങ്ങളുടെ വരുമാനം വർദ്ധിച്ചു എന്നതു കൂടി കണക്കിലെടുത്താണ് ഈ നടപടിയെന്ന് റിസർവ് ബാങ്ക് ഗവർണ്ണർ ഫിലിപ്പ് ലോവി പറഞ്ഞു.

നാണയപ്പെരുപ്പ നിരക്ക് പിടിച്ചു നിർത്താൻ ബാങ്കിന് നടപടിയെടുക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കടപ്പാട്: SBS മലയാളം

Exit mobile version