ഓസ്‌ട്രേലിയയിൽ കൊവിഡ് വാക്‌സിൻ ലഭ്യത അറിയാം
ഓസ്‌ട്രേലിയയിൽ ക്ലിനിക്കുകളും വാക്‌സിനേഷൻ ഹബുകൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ നിന്ന് കൊവിഡ് വാക്‌സിനേഷൻ സ്വീകരിക്കാം. ഓരോ സംസ്ഥാനത്തും എങ്ങനെ വാക്‌സിൻ ലഭിക്കുമെന്ന് അറിയാം.
ന്യൂ സൗത്ത് വെയിൽസ്
സംസ്ഥാനത്ത് 18നും 39നുമിടയിൽ പ്രായമായവർക്ക് വെള്ളിയാഴ്ച മുതൽ ആസ്ട്രസെനക്ക വാക്‌സിൻ സ്വീകരിക്കാം.
ചെറുപ്പക്കാരും ആസ്ട്രസെനക്ക വാക്സിനെടുക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഓസ്‌ട്രേലിയൻ ടെക്‌നിക്കൽ ആൻഡ് അഡ്വൈസറി കമ്മിറ്റി (ATAGI) നിർദ്ദേശിച്ചിരുന്നു. സിഡ്നിയിലെ സാമൂഹിക വ്യാപനവും ഫൈസർ വാക്സിന്റെ ലഭ്യതക്കുറവും കണക്കിലെടുത്താണ് ഈ നിർദ്ദേശം.
നിലവിൽ 40 വയസിന് താഴെ പ്രായമായമുള്ളവർ ആസ്ട്രസെനക്ക സ്വീകരിക്കുന്നതിന് ജി പിയുടെ ഉപദേശം തേടണം.
എന്നാൽ ബുധനാഴ്ച മുതൽ 18 വയസ്സിന് മേൽ പ്രായമായ എല്ലാവര്ക്കും ഫാർമസികൾ വഴി ആസ്‌ട്രസെനക്ക വാക്‌സിൻ വിതരണം ചെയ്ത് തുടങ്ങും.
ന്യൂ സൗത്ത് വെയിൽസിൽ ബുധനാഴ്ച മുതൽ 18 വയസ്സിന് മേൽ പ്രായമായ എല്ലാവര്ക്കും ഫാർമസി വഴി ആസ്‌ട്രസെനക്ക വാക്‌സിൻ വിതരണം ചെയ്ത് തുടങ്ങും.
പടിഞ്ഞാറൻ സിഡ്‌നിയിലും തെക്ക്-പടിഞ്ഞാറൻ സിഡ്‌നിയിലും ഉള്ള കൂടുതൽ ഫാർമസികൾ വഴിയും സംസ്ഥാനത്ത് വാക്‌സിനേഷൻ വിതരണം ആരംഭിച്ചിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിലുള്ള നിരവധി ഫാർമസികൽ വഴിയും വാക്സിൻ വിതരണം ചെയ്യുന്നുണ്ട്. അവ ഏതെന്ന് ഇവിടെ അറിയാം.
സംസ്ഥാനത്തെ വലിയ ക്ലിനിക്കുകളിൽ ആസ്ട്രസെനക്കയും ഫൈസർ വാക്‌സിനും നൽകുന്നുണ്ട്. എന്നാൽ ചെറിയ ക്ലിനിക്കുകളിൽ ഫൈസർ മാത്രമാണ് വിതരണം ചെയ്യുന്നത്.
ഇന്ന് (ബുധനാഴ്ച) മുതൽ ബ്ലാക്ക്ടൗൺ, കാന്റർബറി-ബാങ്ക്സ്‌ടൗൺ, കമ്പർലാന്റ്, ഫെയർഫീൽഡ്, ലിവർപൂൾ തുടങ്ങിയ കൗൺസിൽ മേഖലയിൽ ഉള്ള സൂപ്പർമാർക്കറ്റ് ജീവനക്കാർക്ക് ഫൈസർ വാക്‌സിൻ സ്വീകരിക്കാം. ഇതിന് പ്രായപരിധി ബാധകമല്ല.
കൂടാതെ, കാന്റർബറി-ബാങ്ക്സ്‌ടൗൺ, ഫെയർഫീൽഡ്, ലിവർപൂൾ എന്നിവിടങ്ങളിൽ ഉള്ള സ്കൂൾ അധ്യാപകർക്കും ഫൈസർ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.
12 ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകുമെന്നും പ്രീമിയർ അറിയിച്ചു.
40-59 വയസിനുമിടയിൽ പ്രായമായവർക്ക് ഫൈസർ വാക്സിൻ നൽകുന്നതിനാണ് പ്രഥമ പരിഗണനയെങ്കിലും, അതിന്റെ ലഭ്യതക്കുറവ് കാരണം ആസ്ട്രസെനക്ക വാക്സിനെടുക്കുന്നതിനെക്കുറിച്ച് ജി പിയുമായോ, വാക്സിനേഷൻ ക്ലിനിക്കുമായോ, പദ്ധതിയുടെ ഭാഗമായ ഫാർമസിസ്റ്റുമായോ സംസാരിക്കാനാണ് നിർദ്ദേശം.
വിക്ടോറിയ
വിക്ടോറിയയിൽ 40 വയസിന് മേൽ പ്രായമായവർക്ക് ജി പി ക്ലിനിക്കുകളിൽ നിന്നും വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായ ക്ലിനിക്കുകളിൽ നിന്നും കൊവിഡ് വാക്‌സിൻ സ്വീകരിക്കാം.
40 വയസിൽ താഴെ പ്രായമായവർക്ക് ഫൈസർ വാക്‌സിൻ ആണ് നിർദ്ദേശിച്ചിരിക്കുന്നതെങ്കിലും ജി പി യുടെ ഉപദേശം തേടിയ ശേഷം ആസ്ട്രസെനക്ക വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി
ACTയിൽ 40നു മേൽ പ്രായമായവർക്ക് ജി പി ക്ലിനിക്കുകൾ വഴി വാക്‌സിൻ സ്വീകരിക്കാം. 30-39 നുമിടയിൽ പ്രായമുള്ളവർക്ക് സർക്കാർ നടത്തുന്ന ക്ലിനിക്കുകളിൽ റജിസ്റ്റർ ചെയ്യാം.
സൗത്ത് ഓസ്ട്രേലിയ
സൗത്ത് ഓസ്‌ട്രേലിയയിൽ 40 വയസിന് മേൽ പ്രായമായവർക്ക് ജി പി ക്ലിനിക്കുകളിൽ നിന്നും, വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായ ക്ലിനിക്കുകളിൽ നിന്നും കൊവിഡ് വാക്‌സിൻ സ്വീകരിക്കാം.
സൗത്ത് ഓസ്‌ട്രേലിയയുടെ ഉൾപ്രദേശങ്ങളിലുള്ള 16 വയസിന് മേൽ പ്രായമായവർക്കും വാക്‌സിൻ സ്വീകരിക്കാം.
വെസ്റ്റേൺ ഓസ്ട്രേലിയ
സംസ്ഥാനത്ത് 40 വയസിന് മേൽ പ്രായമായവർക്ക് ജി പി ക്ലിനിക്കുകളിൽ നിന്നും, വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായ ക്ലിനിക്കുകളിൽ നിന്നും കൊവിഡ് വാക്‌സിൻ സ്വീകരിക്കാം.
ഫൈസർ വാക്‌സിന്റെ ലഭ്യതക്കുറവ് മൂലം ഈ വർഷം അവസാനം വരെ 30-39നുമിടയിൽ പ്രായമായവർക്ക് വാക്‌സിനേഷൻ ബുക്കിംഗ് നിർത്തിവച്ചിരിക്കുകയാണ് സർക്കാർ.
നോർത്തേൺ ടെറിട്ടറി
ടെറിറ്ററിയിൽ 16 വയസിന് മേൽ പ്രായമായവർ വാക്‌സിൻ സ്വീകരിക്കാൻ അർഹരാണ്.
അബൊറിജിനൽ ഹെൽത്ത് ഓർഗനൈസേഷനുകളുമായി ചേർന്ന് ടെറിട്ടറിയുടെ ഉൾപ്രദേശങ്ങളിലും സർക്കാർ വാക്‌സിൻ വിതരണം ചെയ്യുന്നുണ്ട്.
ക്വീൻസ്ലാൻറ്
സംസ്ഥാനത്ത് 40-59 നുമിടയിൽ പ്രായമായവർക്ക് ഫൈസർ വാക്‌സിനും 60നു മേൽ പ്രായമുള്ളവർക്ക് ആസ്ട്രസെനക്ക വാക്‌സിനും സ്വീകരിക്കാം.
ഫൈസറിന്റെ ലഭ്യതക്കുറവ് മൂലം കൊവിഡ് ബാധിക്കാൻ സാധ്യത കൂടുതലുള്ളവർക്കാണ് മുൻഗണന നൽകുന്നത്.
മുൻഗണനാ പട്ടികയിലുള്ളവർ
ഗർഭിണികൾ, ഏജ്ഡ് കെയറിൽ കഴിയുന്നവർ, ഏജ്ഡ് കെയർ ജീവനക്കാർ, ഡിസബിലിറ്റി കെയർ ജീവനക്കാർ, ഡിസബിലിറ്റി കെയറിൽ താമസിക്കുന്നവർ, അബൊറിജിനൽ-ടോറസ് സ്ട്രൈറ് ഐലന്റുകാർ, 16 വയസിന് മേൽ പ്രായമായവർ എന്നിവരാണ് മുൻഗണനാ പട്ടികയിൽ ഉള്ളത്.
ഈ മാസം അവസാനത്തോടെ ഓസ്‌ട്രേലിയയിൽ 470 കമ്മ്യൂണിറ്റി ഫാർമസികൾ വഴി വാക്‌സിൻ വിതരണം ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. 3,900 ഫാർമസികളോടാണ് വാക്‌സിനേഷൻ പദ്ധതിയിൽ ഭാഗമാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
വാക്സിൻ വിതരണത്തെ സഹായിക്കാനായി ഓസ്ട്രേലിയയിലേക്ക് ഫാർമസിസ്റ്റുകൾക്ക് അതിവേഗം വിസ നൽകുന്നകാര്യം സർക്കാർ പരിഗണിച്ചിട്ടുണ്ട്.
കടപ്പാട്: SBS മലയാളം