ഓസ്ട്രേലിയയിൽ ഡെൽറ്റ വേരിയന്റ് കൊറോണവൈറസ് ഭീതി വിതക്കുന്ന സാഹചര്യത്തിൽ രാജ്യത്തേക്ക് എത്താൻ അനുവദിക്കുന്ന രാജ്യാന്തര യാത്രക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കും. എന്നാൽ വാക്സിനെടുത്തവർ തിരിച്ചെത്തുമ്പോൾ ബദൽ ക്വാറന്റൈൻ മാർഗ്ഗങ്ങൾ പരിശോധിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഓസ്ട്രേലിയയുടെ രണ്ടു സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടത്തും ഡെൽറ്റ വേരിയന്റ് കൊവിഡ് വൈറസ് പ്രാദേശികമായി പടർന്നിട്ടുണ്ട്.
ഡെൽറ്റ വൈറസിനെ നിയന്ത്രിക്കാൻ ഏറെ പ്രയാസമാണെന്ന് ചീഫ് ഹെൽത്ത് ഓഫീസർ പോൾ കെല്ലി ചൂണ്ടിക്കാട്ടി.
ആദ്യം ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വേരിയന്റ് വൈറസ്, തിരിച്ചെത്തി ഹോട്ടൽ ക്വാറന്റൈനിൽ കഴിഞ്ഞവരിൽ നിന്നാണ് സമൂഹത്തിലേക്ക് എത്തിയത്.
ക്വാറന്റൈൻ സംവിധാനത്തിൽ അമിതമായ ഭാരമുണ്ടാകുന്നത് നിയന്ത്രണങ്ങൾ നടപ്പാക്കാൻ പ്രയാസം സൃഷ്ടിക്കുന്നതായി വിവിധ സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ സാഹചര്യത്തിലാണ് രാജ്യത്തേക്കുള്ള യാത്രയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ദേശീയ ക്യാബിനറ്റ് യോഗം തീരുമാനിച്ചത്.
വാണിജ്യ വിമാനങ്ങൾ വഴി രാജ്യത്തേക്ക് എത്താൻ അനുവദിക്കുന്നവരുടെ എണ്ണം നിലവിലുള്ളതിന്റെ പകുതിയായി വെട്ടിക്കുറയ്ക്കും.
എന്നാൽ ഈ കുറവ് മറികടക്കാനായി, സർക്കാർ നിയന്ത്രണത്തിൽ ഓസ്ട്രേലിയക്കാരെ തിരിച്ചെത്തിക്കുന്ന റീപാട്രേയിഷൻ വിമാനങ്ങളുടെ എണ്ണം കൂട്ടുമെന്ന് യോഗത്തിനു ശേഷം പ്രധാനമന്ത്രി സ്കോട്ട് മോറിസൻ അറിയിച്ചു.
നിലവിൽ ആഴ്ചയിൽ 6,370 പേരെയാണ് വാണിജ്യവിമാനങ്ങളിൽ രാജ്യത്തേക്ക് എത്താൻ അനുവദിക്കുന്നത്.
ഇത് ആഴ്ചയിൽ 3,185 ആയി കുറയ്ക്കും.
എന്നാൽ റീപാട്രിയേഷൻ വിമാനങ്ങളുടെ എണ്ണം എത്രത്തോളം വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയില്ല. കൂടുതൽ ഓസ്ട്രേലിയക്കാർ വാക്സിനെടുത്ത ശേഷമേ വാണിജ്യ യാത്രക്കാരുടെ എണ്ണം പഴയ നിലയിലേക്ക് വർദ്ധിപ്പിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ഡാർവിനിലെ ഹോവാർഡ് സ്പ്രിംഗ്സിലേക്കും സിഡ്നിയിലേക്കുമാണ് ഈ റീപാട്രിയേഷൻ വിമാനങ്ങൾ വരുന്നത്. യാത്രക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നില്ല എന്ന നിലപാടാണ് NSW പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ സ്വീകരിച്ചിരുന്നത്.
കടപ്പാട്: SBS മലയാളം