ഓസ്‌ട്രേലിയയിൽ കൊവിഡ് വാക്‌സിൻ എടുക്കുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ്

ഓസ്‌ട്രേലിയയിൽ കൊവിഡ് വാക്‌സിൻ എടുക്കുന്നവർക്ക് വാക്‌സിൻ എടുത്തു എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആപ്പ് വഴി നൽകുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു.

രാജ്യത്ത് ഈ മാസം കൊവിഡ് വാക്‌സിൻ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഫെഡറൽ സർക്കാർ. വാക്‌സിൻ നൽകുന്നതിനുള്ള മുൻഗണന പട്ടികയും കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് വാക്‌സിൻ പദ്ധതിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളും സർക്കാർ വെളിപ്പെടുത്തിയത്.

കൊവിഡ് വാക്‌സിൻ എടുക്കുന്നവർക്ക് വാക്‌സിൻ എടുത്തു എന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ആപ്പ് വഴി നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

ആരൊക്കെ വാക്‌സിൻ എടുത്തു എന്നത് സംബന്ധിച്ച ഒരു റെക്കോർഡ് ഓസ്‌ട്രേലിയൻ ഇമ്മ്യൂണൈസേഷൻ രജിസ്റ്ററിൽ സൂക്ഷിക്കും.

ഇത് പിന്നീട് MyGov വെബ്സൈറ്റിലും Express Plus Medicare ആപ്പിലും നൽകുമെന്ന് ഗവണ്മെന്റ് സർവീസസ് മന്ത്രി സ്റ്റുവർട്ട് റോബർട്ട് പറഞ്ഞു.

എല്ലാ വാക്‌സിനേഷൻ എടുക്കുമ്പോഴും ഈ വിവരങ്ങൾ ഇവിടെ സൂക്ഷിക്കാറാണ് പതിവ്.

ആവശ്യമുള്ളവർക്ക് ഇവിടെ നിന്നും ഇത് പ്രിന്റ് ഔട്ട് എടുക്കുകയും ചെയ്യാം. കൂടാതെ, പ്രിന്റ് ഔട്ടിനായി സർവീസസ് ഓസ്‌ട്രേലിയയുടെ സഹായവും തേടാം.

ഈ സർട്ടിഫിക്കറ്റ് എല്ലായിടത്തും സ്വീകാര്യമായതിനാൽ വാക്‌സിൻ എടുക്കുന്ന ഓസ്‌ട്രേലിയക്കാർക്ക് വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ് ഇതെന്ന് മന്ത്രി സ്റ്റുവർട്ട് റോബർട്ട് ചൂണ്ടിക്കാട്ടി.

രോഗബാധ പടരാൻ കൂടുതൽ സാധ്യതയുള്ള ഏജ്ഡ് കെയർ കേന്ദ്രങ്ങളും മറ്റും സന്ദർശിക്കാൻ ഈ സർട്ടിഫിക്കറ്റ് ആവശ്യമായേക്കാം.

ഏതൊക്കെ മേഖലകളിൽ വാക്‌സിൻ സർട്ടിഫിക്കറ്റ് വേണമെന്ന് കാര്യത്തിൽ ഫെഡറൽ സർക്കാർ തീരുമാനമെടുക്കില്ല. മറിച്ച് ഓരോ സംസ്ഥാനങ്ങളും ടെറിറ്ററികളുമാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കുക.

ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി തുറന്ന ശേഷം രാജ്യത്തേക്കെത്തുന്ന സന്ദർശകർക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ് ആവശ്യമായേക്കാം. എന്നാൽ ഇത് സംബന്ധിച്ച കാര്യങ്ങൾ മറ്റ് രാജ്യങ്ങളുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനം എടുക്കയുള്ളുവെന്നും മന്ത്രി പറഞ്ഞു.

എന്നാൽ സർക്കാരിന്റെ കൊവിഡ് സേഫ് ആപ്പ് കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്നും അതിനാൽ ഇത് കൃത്യമായി നടപ്പാക്കുമെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നും പ്രതിപക്ഷ നേതാവ് ആന്തണി അൽബനിസി പറഞ്ഞു.

തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ച ഫൈസർ വാക്‌സിനാണ് രാജ്യത്ത് ആദ്യം വിതരണം ചെയ്യുന്നത്. ഓസ്‌ട്രേലിയയിലുള്ള എല്ലാ വിസക്കാർക്കും സൗജന്യമായി വാക്‌സിൻ നൽകുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചിട്ടുണ്ട്. ഫൈസർ വാക്‌സിന്റെ പത്ത് മില്യൺ അധികം ഡോസുകൾ കൂടി സർക്കാർ ഓർഡർ ചെയ്തതായി ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞിരുന്നു.

ആഴ്ചകൾക്കുള്ളിൽ ആസ്ട്ര സെനക്ക വാക്‌സിന് അനുമതി ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

കടപ്പാട്: SBS മലയാളം

Related Articles

Back to top button