ഓസ്‌ട്രേലിയൻ യൂണിവേഴ്സിറ്റികൾ ഇന്ത്യയിൽ ക്യാമ്പസുകൾ തുടങ്ങും

വിദ്യാഭ്യാസ രംഗത്ത് ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള സഹകരണം വിപുലമാക്കുന്നതിന്റെ ഭാഗമായി പുതിയ കരാറിലേർപ്പെടാൻ സാധ്യതയെന്ന് ഇന്ത്യ സന്ദർശിക്കുന്ന ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിൽ ഓസ്‌ട്രേലിയൻ സർവകലാശാലകൾക്ക് ക്യാമ്പസുകൾ തുടങ്ങാൻ ഇതുവഴി സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ സർക്കാർ ഇക്കാര്യത്തിൽ ഓസ്‌ട്രേലിയയുമായി സഹകരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശകാര്യ മന്ത്രി പെന്നി വോങ്ങും പതിനൊന്ന് വൈസ് ചാന്സലർമാരും ഉൾപ്പെടെയുള്ള സംഘവുമായാണ് ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ മന്ത്രിയുടെ ഇന്ത്യൻ സന്ദർശനം.

ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ രംഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിപുലമായ കരാറായിരിക്കും ഇതെന്നും ജേസൺ ക്ലെയർ പറഞ്ഞു.

ഇന്ത്യയിൽ ക്യാമ്പസുകൾ തുടങ്ങുന്നത് വഴി ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവതീയുവാക്കൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയൻ വിദ്യാഭ്യാസ രംഗത്തിനും ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ പൂർത്തിയാക്കുന്ന ബിരുദങ്ങൾക്ക് ഓസ്‌ട്രേലിയയിൽ അംഗീകാരം നൽകുന്നത് സംബന്ധിച്ചുള്ള ധാരണയും ഈ സന്ദർശനത്തിൽ പ്രധാനവിഷയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പല സർവകലാശാലകളും ഇന്ത്യയിൽ ക്യാമ്പസുകൾ തുടങ്ങുന്നതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

വോളോങ്കോങ് യൂണിവേഴ്സിറ്റി ഗുജറാത്തിൽ ക്യാമ്പസ് തുടങ്ങാൻ സാധ്യതയുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Exit mobile version