ക്രിസ്ത്മസ് പാഴ്സലുകള്‍ നേരത്തെ അയച്ചു തുടങ്ങണമെന്ന് ഓസ്ട്രേലിയ പോസ്റ്റ്

ക്രിസ്ത്മസ് ലക്ഷ്യമിട്ടുള്ള പാഴ്സലുകള്‍ നേരത്തെ അയച്ചു തുടങ്ങാനാണ് ഓസ്ട്രേലിയ പോസ്റ്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പാഴ്സലുകള്‍ ക്രിസ്ത്മസിന് മുന്‍പേ സ്വീകര്‍ത്താവിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് നടപടി.

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പോസ്റ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായത്. ക്രിസ്ത്മസ് സീസണിലുണ്ടാകുന്ന ഗണ്യമായ തിരക്ക് മറികടക്കുന്നതിനാണ് ഓസ്ട്രേലിയ പോസ്റ്റിന്‍റെ നടപടി.

ഓസ്ട്രേലിയയ്കത്തുള്ള ക്രിസ്ത്മസ് കാര്‍ഡുകള്‍ ഡിസംബര്‍ 16നകം അയയ്ക്കണം. ഡിസംബർ 13ന് മുന്‍പ് അയക്കുന്ന പാഴ്‌സൽ പോസ്റ്റുകളും, ഡിസംബര്‍ 20നകം അയക്കുന്ന എക്സ്പ്രസ് പോസ്റ്റുകളും ക്രിസ്ത്മസ് ദിനത്തിന് മുന്‍പ് തന്നെ രാജ്യത്തിനകത്തുള്ള മേല്‍വിലാസങ്ങളില്‍ എത്തിച്ചേരും.

എന്നാല്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയ, നോര്‍ത്തേണ്‍ ടെറിട്ടറി എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ ക്രിസ്ത്മസ് ലക്ഷ്യമിട്ടുള്ള പാഴ്സലുകള്‍ നേരത്തെ അയച്ചു തുടങ്ങണമെന്നും ഓസ്ട്രേലിയ പോസ്റ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലുമുള്ളവർ ഡിസംബർ എട്ടിനകം പാഴ്‌സൽ പോസ്റ്റുകളും, ഡിസംബർ 15നകം എക്സ്പ്രസ് പോസ്റ്റുകളും അയച്ചാല്‍ മാത്രമേ ക്രിസ്ത്മസിന് മുന്‍പ് ഇവ ലഭ്യമാകൂ.

മെട്രോ നഗരങ്ങളിൽ ലഭ്യമാകുന്ന സേവനങ്ങള്‍ക്കാണ് ഈ തീയതികള്‍ ബാധകമാവുകയെന്നും, ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിന്നയക്കുന്നവർ പാഴ്സലുകള്‍ പരമാവധി നേരത്തെ അയക്കണമെന്നും ഓസ്ട്രേലിയ പോസ്റ്റ് നിര്‍ദേശിച്ചിട്ടുണ്ട്.

ക്രിസ്ത്മസ് ലക്ഷ്യമിട്ട് രാജ്യത്തിന് പുറത്തേക്കയക്കുന്ന കത്തുകളും പാഴ്സലുകളും പരമാവധി നേരത്തെയാക്കണമെന്നും ഓസ്ട്രേലിയ പോസ്റ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇന്ത്യയിലേക്കുള്ള കൊറിയര്‍ പാഴ്സലുകളും, എഴുത്തുകളും ഡിസംബര്‍ എട്ടിന് മുന്‍പ് അയയ്ക്കണം. ഇന്ത്യയിലേക്കുള്ള എക്സ്പ്രസ് സേവനങ്ങള്‍ താത്കാലികമായി നിർത്തി വച്ചിരിക്കുകയാണെന്നും ഓസ്ട്രേലിയ പോസ്റ്റ് അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഓസ്ട്രേലിയ പോസ്റ്റിന്‍റെ സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

നിയന്ത്രണങ്ങള്‍ ലഘൂകരിച്ചെങ്കിലും പല സംസ്ഥാനങ്ങളുടെയും അതിർത്തികള്‍ ഇപ്പോഴും അടഞ്ഞു കിടക്കുന്നതിനാലും, ഓൺലൈൻ ഷോപ്പിംഗ് നിരക്ക് വർദ്ധിച്ചതിനാലും ഇത്തവണത്തെ ക്രിസ്ത്മസ് കാലം പതിവിലും കൂടുതല്‍ തിരക്കുള്ളതാകുമെന്നാണ് ഓസ്ട്രേലിയ പോസ്റ്റിന്‍റെ വിലയിരുത്തല്‍.

ക്രിസ്ത്മസ് കാലത്തെ തിരക്ക് മറികടക്കാന്‍ 4,000ലധികം കാഷ്വൽ ജീവനക്കാരെ ഓസ്ട്രേലിയ പോസ്റ്റ് നിയമിച്ചിട്ടുണ്ട്.

Exit mobile version