ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം ആരംഭിച്ചു

നാല് ദിവസത്തെ സന്ദർശനത്തിനായാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്.

വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊർജം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണവും, പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓസ്‌ട്രേലിയയിലെ പ്രമുഖ വ്യവസായികൾ, വിവിധ സർവ്വകലാശാലകളുടെ പ്രതിനിധികൾ, മന്ത്രിമാർ എന്നിവർ ഉൾപ്പെടുന്ന സംഘവും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

ഇന്ത്യാ സന്ദർശനത്തെ വലിയൊരു അവസരമായാണ് കാണുന്നതെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസി പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിലൂടെ ഒരുപാട് കാര്യങ്ങൾ നേടുവാൻ ഓസ്ട്രേലിയ ആഗ്രഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇരു രാജ്യങ്ങളും തമ്മിൽ നിക്ഷേപ സഹകരണം വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ആന്തണി അൽബനീസി വിദ്യാഭ്യാസ, നിക്ഷേപ മേഖലകളിൽ തുറന്ന ചർച്ചകളുണ്ടാകുമെന്നും വ്യക്തമാക്കി.

ഓസ്ട്രേലിയയുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങളിൽ നിലവിൽ ആറാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. എന്നാൽ, ഭാവിയിൽ ഈ സ്ഥാനം കൂടുതൽ മെച്ചപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെത്തുന്ന ഓസ്ട്രേലിയൻ സംഘത്തിന് വെള്ളിയാഴ്ച രാഷ്ട്രപതിഭവനിൽ സ്വീകരണം നൽകും. തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആന്തണി അൽബനീസി കൂടിക്കാഴ്ച നടത്തും.

അഹമ്മദാബാദിൽ ക്രിക്കറ്റ് മത്സരം കാണാനെത്തുന്ന ആന്തണി അൽബനീസി ന്യൂഡൽഹിയിൽ നടക്കുന്ന ഓസ്‌ട്രേലിയ-ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കും.

Exit mobile version