ഏജ്ഡ് കെയർ അന്തേവാസിയിൽ നിന്ന് ഒരു ലക്ഷം ഡോളർ കൈക്കലാക്കി: മലയാളി നഴ്‌സിന് വിലക്ക്

മെൽബണിൽ ഏജ്ഡ് കെയറിൽ താമസിച്ചിരുന്ന 76 കാരിയിൽ നിന്ന് തെറ്റായ രീതിയിൽ ഒരു ലക്ഷം ഡോളറിലേറെ സ്വന്തമാക്കിയ മലയാളി നഴ്സിന്റെ റജിസ് ട്രേഷൻ റദ്ദാക്കി. 2024 വരെ ആരോഗ്യ പരിചരണ മേഖലയിൽ ജോലി ചെയ്യുന്നതിനും നിതിൻ കാട്ടാമ്പള്ളി ചെറിയാന് വിക്ടോറിയൻ സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മെൽബണിൽ പ്രമുഖ ഏജ്ഡ് കെയർ കേന്ദ്രത്തിൽ നഴ്‌സായിരുന്ന നിതിൻ കാട്ടാമ്പള്ളി ചെറിയാൻ പല തവണകളായി ഒരു ലക്ഷം ഡോളറിലേറെ കൈക്കലാക്കിയെന്ന് കണ്ടെത്തിയതിന് പിന്നാലെ റജിസ്ട്രേഷൻ റദ്ധാക്കി. 

2014 ജൂണിനും 2016 ഫെബ്രുവരിക്കും ഇടയ്ക്കുള്ള കാലയളവിലാണ് 76 വയസ്സോളം പ്രായമുള്ള സ്ത്രീയിൽ നിന്ന് പണം കൈക്കലാക്കിയത്.

ഏജ്ഡ് കെയർ ജോലിക്ക് പുറമെയുള്ള സമയത്ത് അന്തേവാസിക്കൊപ്പം നിതിൻ ബാങ്കിലും ഷോപ്പിംഗിനും ഭക്ഷണം കഴിക്കുവാനും പോയിരിന്നുവെന്ന് നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി ബോർഡ് ചൂണ്ടിക്കാട്ടി.

ഈ സന്ദർഭങ്ങളിൽ അവരുമായി സ്വന്തം സാമ്പത്തിക സാഹചര്യം ചർച്ച ചെയ്ത നിതിൻ ബാങ്ക് ട്രാൻസ്ഫറായും പണമായും തുക കൈക്കലാക്കിയെന്നാണ് കേസ്.

വിമാന ടിക്കറ്റുകൾ വാങ്ങാനും ബന്ധുക്കളുടെ വിദ്യാഭ്യാസ ചിലവുകൾക്കും പണം ഉപയോഗിച്ചതായാണ് കണ്ടെത്തൽ.

ഈ പണം ഉപയോഗിച്ച് ലോകകപ്പ് ക്രിക്കറ്റിന്റെ ടിക്കറ്റെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.

പല തവണ ബാങ്ക് ട്രാൻസ്ഫറുകളായി നിതിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റി. നിരവധി തവണ ATM ൽ നിന്ന് പണം പിൻവലിക്കുകയും ചെയ്തു. 40,000 ഡോളർ ചിലവിൽ ഏജ്ഡ് കെയർ അന്തേവാസിയുടെ പേരിൽ വാങ്ങിയ കാർ പിന്നീട് നിതിന്റെ പേരിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

ഇവർ പിന്നീട് പണം തിരികെ ചോദിച്ചെങ്കിലും നിതിൻ നൽകിയില്ല എന്ന് കേസിൽ പറയുന്നു.

ഇതേക്കുറിച്ച് പരാതി ഉയർന്നപ്പോൾ ഇവരെ പല തവണ ഫോണിൽ വിളിച്ച് പരാതി പിൻവലിപ്പിക്കാൻ നിതിൻ ശ്രമിച്ചതായി നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ചൂണ്ടിക്കാട്ടി.

നഴ്സിംഗ് ജോലിയുടെ ധാർമ്മികതയ്ക്കും ഉത്തരവാദിത്വത്തിനും നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചതായി നിതിൻ ട്രൈബ്യുണലിൽ സമ്മതിച്ചിട്ടുണ്ട്.

എന്നാൽ ഇവരെ വഞ്ചിച്ചോ ഭീഷണിപ്പെടുത്തിയോ പണം തട്ടിയെടുത്തിട്ടില്ല എന്നായിരുന്നു നിതിന്റെ വാദം.

നിതിന്റെ ഈ പ്രവർത്തികൾ ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് നിരക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നിതിന്റെ റജിസ്ട്രേഷൻ റദ്ധാക്കിയത്. 2024 ഫെബ്രുവരി 17 വരെ ആരോഗ്യ പരിചരണ മേഖലയിൽ ജോലി ചെയ്യുന്നതിനും നിതിന് വിലക്കേർപ്പടുത്തിയിട്ടുണ്ട്.

2009 ൽ സ്റ്റുഡന്റ് വിസയിൽ ഓസ്‌ട്രേലിയയിലെത്തിയ നിതിൻ 2012 മുതലാണ് രജിസ്റ്റേർഡ് നഴ്‌സായി ജോലി ചെയ്യുന്നത്.

കടപ്പാട്: SBS മലയാളം

Related Articles

Back to top button