ഓസ്‌ട്രേലിയയില്‍ വീടുകളുടെ വിലയിടിവ് തുടരുന്നു

സിഡ്‌നി: കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഓസ്ട്രേലിയയിലെ വീടുകളുടെ വില കുത്തനെ ഇടിയുന്നത് തുടരുന്നു.

പ്രോപ്പര്‍ട്ടി അനലിറ്റിക്സ് സ്ഥാപനമായ കോര്‍ ലോജികിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ വീട് വിലയില്‍ ജൂലൈ മാസത്തില്‍ 2.2 ശതമാനം ശതമാനത്തിന്റെ ഇടിവുണ്ടായി. ഒരു മാസത്തിനിടെ 1.6 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.

ഓസ്ട്രേലിയയിലെ ഏറ്റവും ചെലവേറിയ നഗരമായ സിഡിനിയില്‍ 1.38 ശതമാനത്തിന്റെയും മെല്‍ബണിലും ഹോബാര്‍ട്ടിലും 1.5 ശതമാനത്തിന്റെയും കാന്‍ബെറയില്‍ 1.1 ശതമാനത്തിന്റെയും ബ്രിസ്ബേനില്‍ 0.8 ശതമാനത്തിന്റെയും വിലയിടിവ് ഉണ്ടായി.

അതേസമയം ഡാര്‍വിന്‍, അഡ്ലെയ്ഡ്, പെര്‍ത്ത് എന്നിവിടങ്ങളില്‍ 0.2 മുതല്‍ 0.4 ശതമാനം വരെ വില വര്‍ധനവും കാണിക്കുന്നുണ്ട്.

ഏറ്റവും പുതിയ ഡാറ്റ പ്രകാരം വീടുകളും അപ്പാര്‍ട്ടുമെന്റുകളും ഉള്‍പ്പെടുന്ന രാജ്യത്തിന്റെ ശരാശരി സ്വത്ത് മൂല്യം രണ്ട് ശതമാനം ഇടിഞ്ഞ് 747,182 ഡോളറായി. ഭവന വിപണി തകര്‍ച്ച ആരംഭിച്ചിട്ട് മൂന്നു മാസമേ ആയിട്ടുള്ളു എങ്കിലും 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ അലയടികളും ഇതില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് റിസര്‍ച്ച് ഡയറക്ടര്‍ ടിം ലോലെസ് പറഞ്ഞു.

പണപ്പെരുപ്പം തടയുന്നതിനായി റിസര്‍വ്വ് ബാങ്ക് പലിശ നിരക്കില്‍ വര്‍ധനവ് കൊണ്ടുവന്നതാണ് വീടിന് വില ഇടിയാനുള്ള പ്രധാന കാരണം. പലിശനിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വിലയിടിവ് തുടരാനാണ് സാധ്യത.

അടുത്ത വര്‍ഷം അവസാനത്തോടെ ഭവന വിപണി സ്ഥിരത കൈവരിക്കാന്‍ ആരംഭിക്കുമെന്ന് ബാരെന്‍ജോയില്‍ പ്രവര്‍ത്തിക്കുന്ന ജോ മാസ്റ്റേഴ്സ് പറഞ്ഞു.

ഭവനവിപണയില്‍ കിതപ്പ് രേഖപ്പെടുത്തുമ്പോഴും വാടക വീടുകളുടെ വിപണി കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തുടനീളമുള്ള വാടക വിപണിയില്‍ 0.9 ശതമാനം വര്‍ധനയുണ്ടായെന്ന് കോര്‍ ലോജികിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 9.5 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version