കുട്ടികളെ സോഷ്യല്‍ മീഡിയയില്‍നിന്ന് വിലക്കുന്ന ബില്‍ ഓസ്‌ട്രേലിയന്‍ ജനപ്രതിനിധി സഭ പാസാക്കി

കാന്‍ബറ: പതിനാറ് വയസില്‍ താഴെയുള്ള കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലക്കുന്ന ബില്‍ ഓസ്‌ട്രേലിയയുടെ ജനപ്രതിനിധി സഭ പാസാക്കി.

ടിക് ടോക്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്സ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ക്കാണ് കുട്ടികള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് നിരോധനമേര്‍പ്പെടുത്തിയത്. 13നെതിരെ 102 വോട്ടുകള്‍ക്കാണ് ബില്‍ കഴിഞ്ഞ ദിവസം പാസായത്.

നേരത്തേ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് സജീവമായിരുന്നു. നിയമലംഘനത്തിന് 50 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ പിഴ ചുമത്തുന്ന ബില്ലിനെ പ്രധാന പാര്‍ട്ടികള്‍ പിന്തുണച്ചു. സെനറ്റ് ബില്‍ വിശദമായി പിന്നീട് ചര്‍ച്ച ചെയ്യുമെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി മിഷെല്‍ റോളണ്ട് പറഞ്ഞു.

ഈ ആഴ്ച ബില്‍ നിയമമാകുകയാണെങ്കില്‍, പിഴകള്‍ ഈടാക്കുന്നതിന് മുമ്പ് പ്രായ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഒരു വര്‍ഷം സമയം അനുവദിക്കും. അതിനു ശേഷം ചെറിയ കുട്ടികള്‍ അക്കൗണ്ടുകള്‍ തുറക്കുന്നത് തടഞ്ഞില്ലെങ്കില്‍ ഈ പ്ലാറ്റ്ഫോമുകള്‍ക്ക് നിയമനടപടിയും പിഴയും നേരിടേണ്ടിവരും.

അതേസമയം, വിഷയം സംബന്ധിച്ച പഠനത്തിന്റെ ഫലം പുറത്തുവരുന്നതുവരെ വോട്ടെടുപ്പ് വൈകിപ്പിക്കണമെന്ന് ടെക് കമ്പനികള്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സ്വകാര്യത പരിരക്ഷ വര്‍ധിപ്പിക്കുന്ന സെനറ്റിലെ ഭേദഗതികള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി പ്രതിപക്ഷ നിയമസഭാംഗം ഡാന്‍ തെഹാന്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

പാസ്‌പോര്‍ട്ടുകളോ, ഡ്രൈവിംഗ് ലൈസന്‍സുകളോ ഉള്‍പ്പെടെ സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കാന്‍ പ്ലാറ്റ്‌ഫോമുകളെ അനുവദിക്കില്ല.

ബില്ലിനെതിരെ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. നിരോധനം കുട്ടികളെ ഒറ്റപ്പെടുത്തുമെന്നും സോഷ്യല്‍ മീഡിയയുടെ പോസിറ്റീവ് വശങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും അവരെ ഡാര്‍ക്ക് വെബിലേക്ക് നയിക്കുമെന്നും വിമര്‍ശകര്‍ വാദിക്കുന്നുണ്ട്.

ബില്ലിന് കൗമാരക്കാരുടെ മാതാപിതാക്കളില്‍നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ലൈംഗിക ചൂഷണത്തിന് ഇരയായി ആത്മഹത്യ ചെയ്ത കൗമാരക്കാരന്റെ പിതാവ് നിരോധനത്തെ സ്വാഗതം ചെയ്തു.

മെല്‍ബണ്‍ നിവാസിയായ വെയ്ന്‍ ഹോള്‍ഡ്സ്വര്‍ത്തിന്റെ 17 വയസുള്ള മകന്‍ മാക് കഴിഞ്ഞ വര്‍ഷമാണ് ഓണ്‍ലൈന്‍ സെക്സ്റ്റോര്‍ഷന്‍ ചൂഷണത്തിന് ഇരയായി ആത്മഹത്യ ചെയ്തത്. നഗ്‌ന ചിത്രങ്ങള്‍ ഉപയോഗിച്ച് പണത്തിനോ ലൈംഗികാവശ്യങ്ങള്‍ക്കോ വേണ്ടി ഭീഷണിപ്പെടുത്തുന്ന കുറ്റകൃത്യങ്ങളെയാണ് ”സെക്‌സ്റ്റോര്‍ഷന്‍” എന്ന് പറയുന്നത്.

ബില്ലിനെ ‘നമ്മുടെ കുട്ടികളുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതം’ എന്നാണ് അഭിഭാഷകനായ വെയ്ന്‍ വിശേഷിപ്പിച്ചത്. മകന്റെ മരണശേഷം ഏറെ ദുഃഖിതനായ പിതാവ് തന്റെ ദുരന്തകഥ 20 ഓളം സ്‌കൂളുകളില്‍ എത്തി പങ്കുവെച്ചിരുന്നു.

അതേസയം, കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കാനുള്ള നടപടികള്‍ വൈകിപ്പിക്കണം എന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനോട് ഗൂഗിളും ഫേസ്ബുക്കും ആവശ്യപ്പെട്ടിരുന്നു.

സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കുന്നത് സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് വിലയിരുത്താന്‍ കൂടുതല്‍ സമയം കമ്പനികള്‍ക്ക് ആവശ്യമാണ് എന്നതാണ് ഗൂഗിളും ഫേസ്ബുക്കും ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് മുന്നില്‍ ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ നിയമനിര്‍മ്മാണം എല്ലാ ഓസ്‌ട്രേലിയക്കാരുടെയും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള പിന്‍വാതില്‍ നടപടിയാണെന്ന് എക്‌സ്’ ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് കുറ്റപ്പെടുത്തിയിരുന്നു. മസ്‌ക്കിന്റെ ആരോപണത്തെ ഫെഡറര്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.

Exit mobile version