ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി ബിരുദങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അംഗീകാരം

ഉന്നത വിദ്യാഭ്യാസ യോഗ്യതകൾക്ക് അന്താരാഷ്ട്രതലത്തിൽ കൂടുതൽ അംഗീകാരം നൽകുന്ന UNESCO ഉടമ്പടി ഓസ്ട്രേലിയയിലും പ്രാബല്യത്തിൽ വന്നു.

ഇതോടെ, രാജ്യാന്തര വിദ്യാർത്ഥികളുൾപ്പെടെയുള്ള ഓസ്ട്രേലിയൻ ബിരുദധാരികൾക്ക് കൂടുതൽ രാജ്യങ്ങളിൽ തുടർപഠനത്തിനും ജോലിക്കും വിപുലമായ അവസരങ്ങൾ ലഭിക്കും.

ഉന്നത വിദ്യാഭ്യാസ യോഗ്യതകൾക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നൽകുന്നതിനായി 2019ലാണ് യുനെസ്കോ ഉടമ്പടി കൊണ്ടുവന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് രാജ്യാന്തര സഹകരണം കൂടുതൽ മെച്ചപ്പെടുത്തുകയും, ആഗോളതലത്തിൽ വിദ്യാഭ്യാസ നിലവാരം കൂട്ടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.

ഒരു രാജ്യത്തു നിന്ന് നേടുന്ന ബിരുദങ്ങൾക്കും മറ്റ് ഉന്നത വിദ്യാഭ്യാസ യോഗ്യതകൾക്കും, വിവേചനങ്ങളില്ലാതെ മറ്റ് അംഗരാജ്യങ്ങളിലും അംഗീകാരം നൽകുക എന്നതാണ് ഉടമ്പടിയുടെ ഉദ്ദേശം.

ഓൺലൈൻ വിദ്യാഭ്യാസവും, ഓഫ്ഷോർ ക്യാംപസ് വിദ്യാഭ്യാസവും, സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് കിട്ടുന്ന ക്രെഡിറ്റ് സ്കോറുമെല്ലാം പരസ്പരം അംഗീകരിക്കാനാണ് വ്യവസ്ഥ.

ഇതുവരെ 21 രാജ്യങ്ങളിൽ ഈ ഉടമ്പടി പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ, സ്വീഡൻ, നോർവേ തുടങ്ങിയവ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് ഇവ. എന്നാൽ ഇന്ത്യയും, ചൈനയും, അമേരിക്കയും ഇതുവരെ ഈ ഉടമ്പടി നടപ്പാക്കിയിട്ടില്ല.

ഓസ്ട്രേലിയയും ഈ ഉടമ്പടിയുടെ ഭാഗമായതോടെ, രാജ്യത്തെ വിദ്യാർത്ഥികൾക്ക് ആഗോളതലത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ജേസൻ ക്ലെയർ പറഞ്ഞു.

ഓസ്ട്രേലിയൻ വിദ്യാഭ്യാസ രംഗത്തിന് ഒരു നിർണ്ണായക ചുവടുവയ്പ്പാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓരോ വർഷവും 14 ലക്ഷത്തോളം വിദ്യാർത്ഥികൾ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നുണ്ടെന്നും, അവർ നേടുന്ന യോഗ്യതകൾക്ക് ഇനിമുതൽ മറ്റു രാജ്യങ്ങളിൽ കൂടുതൽ അംഗീകാരം കിട്ടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓൺലൈനായോ, വിദേശത്തു ജീവിച്ചുകൊണ്ടോ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളിൽ നിന്ന് ബിരുദമെടുക്കുന്നവർക്കും ഇതേ അംഗീകാരം ലഭ്യമാകുമെന്നും ജേസൻ ക്ലെയർ പറഞ്ഞു.

ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികളുടെ കൂട്ടായ്മയായ യൂണിവേഴ്സിറ്റീസ് ഓസ്ട്രേലിയയും ഇതിനെ സ്വാഗതം ചെയ്തു.

എന്നാൽ, ഓസ്ട്രേലിയൻ ബിരുദമെടുത്ത ശേഷം ഇന്ത്യയിലേക്ക് തിരിച്ചുപോകുന്ന വിദ്യാർത്ഥികൾക്ക് നിലവിൽ ഇതിന്റെ പ്രയോജനം ലഭിക്കില്ല.

TAFEലോ, മറ്റു സ്ഥാപനങ്ങളിലോ സർട്ടിഫിക്കറ്റ് കോഴ്സുകൾ ചെയ്ത ശേഷം അതിന്റെ ക്രെഡിറ്റ് കൂടി ഉപയോഗിച്ച് ഓസ്ട്രേലിയൻ ബിരുദം പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിൽ തത്തുല്യമായ അംഗീകാരം ലഭിക്കില്ലെന്ന് അസോസിയേഷൻ ഓഫ് ഓസ്ട്രേലിയൻ എജ്യൂക്കേഷൻ റെപ്രസന്റേറ്റീവ്സ് ഇൻ ഇന്ത്യയുടെ പ്രസിഡന്റ് രവി ലോചൻ സിംഗ് ചൂണ്ടിക്കാട്ടി.

അതേസമയം, ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും വിദ്യാഭ്യാസ യോഗ്യതകൾക്ക് പരസ്പര അംഗീകാരം നൽകുന്ന കാര്യം പരിശോധിക്കാൻ കഴിഞ്ഞ വർഷം സർക്കാർ ഒരു കർമ്മസമിതിയെ നിയോഗിച്ചിട്ടുണ്ട്.

സമിതി ഈ വർഷം റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷ.

കടപ്പാട്: SBS മലയാളം

Exit mobile version