ഓസ്‌ട്രേലിയയിൽ കൊവിഡ് പ്രതിസന്ധി മൂലം നഷ്ടത്തിലായ ടൂറിസം-വ്യോമയാന മേഖലകളെ ഉത്തേജിപ്പിക്കാൻ എട്ട് ലക്ഷം വിമാന ടിക്കറ്റുകളുടെ വില പകുതിയായി കുറയ്ക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ഇതിനായി 1.2 ബില്യൺ ഡോളറിന്റെ പാക്കേജ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചു.
കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതലായി ബാധിച്ച മേഖലകളാണ് ടൂറിസവും വ്യോമയാനവും. രാജ്യത്ത് ജോബികീപ്പർ പദ്ധതികൂടി ഈ മാസം അവസാനിക്കാനിരിക്കെ നഷ്ടത്തിലായ ഈ മേഖലകളെ പുനരുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി.
രാജ്യാന്തര യാത്രാ വിലക്കുകൾ നിലനിൽക്കുന്നതിനാൽ ആഭ്യന്തര യാത്രകൾ പ്രോത്സാഹിപ്പിക്കുകയും ഇതുവഴി മേഖലയെ ഉത്തേജിപ്പിക്കുകയും ചെയ്യാനാണ് ലക്ഷ്യമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു.
ഇതിനായി 1.2 ബില്യൺ ഡോളറിന്റെ പാക്കേജാണ് ബുധനാഴ്ച പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചത്.
ഏപ്രിൽ ഒന്ന് മുതൽ എട്ട് ലക്ഷം വിമാനടിക്കറ്റുകൾ പകുതി വിലക്ക് വില്പനക്കിടുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു
അതായത് ഏപ്രിലിനും ജൂലൈക്കുമിടയിൽ ഓസ്‌ട്രേലിയ്ക്കുള്ളിലുള്ള 13 പ്രദേശങ്ങളിലേക്ക് യാത്രചെയ്യുന്നതിനുള്ള വിമാനടിക്കറ്റുകളുടെ വില 50 ശതമാനമായി കുറയ്ക്കും.
രാജ്യാന്തര ടൂറിസത്തെ കൂടുതലായി ആശ്രയിച്ചിരുന്ന പ്രദേശങ്ങളിലേക്കുള്ള ടിക്കറ്റുകൾക്കാണ് ഇളവ്.
ഗോൾഡ് കോസ്റ്റ്, കെയിൻസ്, വിറ്റ് സൻഡേയ്‌സ്, സൺഷൈൻ കോസ്റ്റ്, ലസെറ്റർ, ഉലുരു, ആലിസ് സ്‌പ്രിംഗ്‌സ്, ലാൻസെസ്റ്റൻ, ഡെവൻപോർട്ട്, ബേണി, ബ്രൂം, ആവലോൺ, മെറിമ്പുല, കാംഗരൂ ഐലന്റ് എന്നീ പ്രദേശങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾക്കാണ് ഇളവ് ബാധകം.
ക്വാണ്ടസ്, വിർജിൻ, ജെറ്റ്സ്റ്റാർ എന്നീ വിമാനങ്ങളുടെ ടിക്കറ്റുകൾക്കാണ് പ്രധാനമായും ഇളവ് ബാധകമാകുന്നത്.
ഓരോ സ്ഥലത്തേക്കുമുള്ള ടിക്കറ്റുകളുടെയും വിമാന സർവീസുകളുടെയും എണ്ണം സംബന്ധിച്ച കാര്യത്തിൽ വിമാനക്കമ്പനികളുമായി ചേർന്ന് ചർച്ചകൾ നടത്തിവരികയാണെന്നും ആവശ്യാനുസരണമാകും ടിക്കറ്റുകളുടെ എണ്ണം തീരുമാനിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.
പദ്ധതി നടപ്പിലാകുന്നതോടെ കൂടുതൽ ഓസ്‌ട്രേലിയക്കാർക്ക് അവധിയാഘോഷിക്കാൻ രാജ്യത്തിനകത്തും തന്നെയുള്ള പ്രദേശങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാൻ അവസരം ലഭിക്കും.
ഇതിന് പുറമെ രാജ്യാന്താര വ്യോമയാന മേഖലയിൽ ജോലി ചെയ്യുന്ന 8,600 ജീവനക്കാർക്ക് പിന്തുണനൽകാനും ഈ പാക്കേജുകൊണ്ട് സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
കടപ്പാട്: SBS മലയാളം