രാജ്യാന്തര വിദ്യാർത്ഥികൾക്ക് കൂടുതൽ കാലം ജോലി ചെയ്യാൻ അനുവാദം നൽകുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ

രാജ്യാന്തര വിദ്യാർത്ഥികൾക്ക് പഠനത്തിന് ശേഷം കൂടുതൽ കാലം ജോലി ചെയ്യാൻ അനുവാദം നൽകുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ വ്യക്തമാക്കി. തൊഴിലാളി ക്ഷാമം രൂക്ഷമായി ബാധിച്ചിരിക്കുന്ന മേഖലകളിൽ ബിരുദങ്ങൾ പൂർത്തിയാക്കുന്നവർക്കായിരിക്കും അവസരം.

ഓസ്‌ട്രേലിയയിലെ കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി രാജ്യാന്തര വിദ്യാർത്ഥികൾക്ക് പഠനത്തിന് ശേഷം കൂടുതൽ കാലം ജോലി ചെയ്യാൻ അനുമതി നൽകുമെന്ന് സർക്കാർ വ്യക്തമാക്കി.

തൊഴിലാളി ക്ഷാമം രൂക്ഷയമായിരിക്കുന്ന മേഖലകളിലെ ചില കോഴ്‌സുകൾക്കാണ് ഇത് ബാധകമാകുകയെന്ന് ആഭ്യന്തര മന്ത്രി ക്ലെയർ ഒനീൽ പ്രസ്താവനയിലൂടെ അറിയിച്ചു.

നഴ്സിംഗ്, എഞ്ചിനീയറിംഗ്, IT മേഖലകളിലെ കോഴ്‌സുകൾക്ക് മുന്ഗണന ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി ക്ലെയർ ഒനീലിന്റെ വക്താവ് വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച സമാപിച്ച ജോബ്സ് ആൻഡ് സ്‌കിൽസ് സമ്മിറ്റിന്റെ ഭാഗമായാണ് പുതിയ പദ്ധതി സർക്കാർ അവതരിപ്പിച്ചത്.

ഈ മാറ്റങ്ങൾ ബാധകമാകുന്ന കോഴ്‌സുകൾ ഏതൊക്കെയായിരിക്കുമെന്നത് ഒക്ടോബർ മാസത്തിൽ സർക്കാർ വ്യക്തമാക്കും.

പുതിയ പദ്ധതി നടപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശങ്ങൾ നല്കാൻ ഒരു വർക്കിംഗ് ഗ്രൂപ്പിനെ നിയോഗിക്കുമെന്നും സർക്കാർ പറഞ്ഞു.

കൗൺസിൽ ഓഫ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ, നാഷണൽ ടെർഷ്യറി എഡ്യൂക്കേഷൻ യൂണിയൻ, യൂണിവേഴ്സിറ്റീസ് ഓസ്‌ട്രേലിയ, ഡിപ്പാർട്മെന്റ്റ് ഓഫ് ഓഫ് ഹോം അഫ്ഫയെർസ് ആൻഡ് എഡ്യൂക്കേഷൻ എന്നിവ ഉൾപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് ഈ വർഷം ഒക്ടോബർ 28ന് ആഭ്യന്തര മന്ത്രി ക്ലെയർ ഒനീലിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

ഇതിന് പുറമെ വിസ പ്രോസസ്സിങ്ങിൽ നേരിടുന്ന കാലതാമസം പരിഹരിക്കാൻ 500 ജീവനക്കാരെ അധികമായി നിയോഗിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

വിസ കാലാവധിയിൽ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ 36.1 മില്യൺ ഡോളർ ചിലവിടുമെന്നും സർക്കാർ പറഞ്ഞു.

കടപ്പാട്: SBS മലയാളം

Exit mobile version