ഓസ്ട്രേലിയൻ കുടിയേറ്റം 2022 പകുതിയോടെ പുനരാരംഭിക്കും

ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റ വിസകളുടെ പരിധിയിൽ ഈ വർഷം മാറ്റം വരുത്തില്ലെന്ന് ഫെഡറൽ സർക്കാർ ബജറ്റിൽ വ്യക്തമാക്കി.

ഈ വർഷം മുഴുവൻ അതിർത്തി അടഞ്ഞുകിടക്കുമെന്നും, അടുത്ത വർഷം പകുതിയോടെ കുടിയേറ്റം പുനരാരംഭിക്കുമെന്നും ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് പ്രഖ്യാപിച്ചു.

കൊവിഡ് പ്രതിസന്ധി മൂലം അതിർത്തികൾ അടച്ചിട്ടിരിക്കുന്ന നടപടി പിൻവലിച്ചാലും, ഈ സാമ്പത്തിക വർഷം അനുവദിക്കുന്ന കുടിയേറ്റ വിസകളുടെ എണ്ണത്തിൽ മാറ്റം വരുത്തില്ലെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കി.

1,60,000 വിസകളാണ് കഴിഞ്ഞ സാമ്പത്തിക വർഷം പ്രഖ്യാപിച്ചിരുന്ന പരിധി. 2021-22ലും അതേ പരിധി നിലനിൽക്കുമെന്ന് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് അറിയിച്ചു.

നിലവിൽ ഓസ്ട്രേലിയയിൽ തന്നെയുള്ള ഓൺഷോർ അപേക്ഷകർക്കായിരിക്കും ഇത്തവണയും മുൻഗണന നൽകുകയെന്നും ട്രഷറർ അറിയിച്ചു.

പാർട്ണർ വിസകൾക്കുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നത് കുറയ്ക്കാനായിരിക്കും പ്രാധാന്യം നൽകുക.

ഈ വർഷം പൂർണമായും ഓസ്ട്രേലിയൻ അതിർത്തികൾ അടഞ്ഞുകിടക്കും എന്നാണ് ബജറ്റിൽ സർക്കാർ സൂചിപ്പിച്ചത്.

2022 പകുതിയോടെ പെർമനന്റ് കുടിയേറ്റ വിസകളിലും, താൽക്കാലിക വിസകളിലുമുള്ളവർക്ക് ഓസ്ട്രേലിയയിലേക്ക് വീണ്ടുമെത്തിത്തുടങ്ങാൻ കഴിയുമെന്നാണ് ബജറ്റിലെ പ്രതീക്ഷ.

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതിനെക്കാൾ ആറു മാസം വൈകിയാകും കുടിയേറ്റം പുനരാരംഭിക്കുക എന്നാണ് ഇന്നത്തെ ബജറ്റ് വ്യക്തമാക്കുന്നത്.

കൊവിഡിനു മുമ്പുള്ള സാഹചര്യത്തിലേക്ക് കുടിയേറ്റം തിരിച്ചെത്താൻ രണ്ടു വർഷമെങ്കിലുമെടുക്കും എന്നും ബജറ്റ് പേപ്പറുകൾ സൂചിപ്പിക്കുന്നു.

അതേസമയം, രാജ്യാന്തര വിദ്യാർത്ഥികളെ ഈ വർഷം അവസാനത്തോടെ തന്നെ ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തിച്ചു തുടങ്ങുമെന്നും ബജറ്റ് സൂചിപ്പിക്കുന്നുണ്ട്.

താൽക്കാലിക വിസകളിൽ ഇളവ്

അതിനിടെ, താൽക്കാലിക പേരന്റ് വിസകളുടെ കാലാവധി നീട്ടുമെന്നും ട്രഷറർ വ്യക്തമാക്കി.

സ്പോൺസേർഡ് പേരന്റ് (താൽക്കാലിക) വിസകളുടെ കാലാവധി ഒന്നര വർഷത്തേക്കാണ് നീട്ടി നൽകുന്നത്.

കൊവിഡ് നിയന്ത്രണങ്ങൾ മൂലം ഈ വിസ ഉപയോഗിക്കാൻ കഴിയാത്തവർക്കാണ് ഇളവ് ലഭിക്കുക.

സ്റ്റുഡന്റ് വിസകളിലുള്ളവർക്ക് ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ജോലി ചെയ്യാൻ സമയനിയന്ത്രണം എടുത്തുകളയാനും തീരുമാനിച്ചു.

നിലവിൽ ആഴ്ചയിൽ 20 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂ. എന്നാൽ ഈ തൊഴിൽ മേഖലകളിൽ ആ നിയന്ത്രണം ഉണ്ടാകില്ല.

താൽക്കാലികമായാണ് ഈ ഇളവ് നൽകുന്നതെന്നും സർക്കാർ അറിയിച്ചു.

കടപ്പാട്: SBS മലയാളം

Exit mobile version