യുഎസ് താരിഫ് വിഷയത്തിൽ കൈകോർത്ത് ഓസ്ട്രേലിയൻ ഭരണകൂടവും പ്രതിപക്ഷപാർട്ടിയും
സിഡ്നി: ഓസ്ട്രേലിയൻ ബീഫിന് തിരിച്ചടിയാകാൻ സാധ്യതയുള്ള യുഎസ് താരിഫിന്റെ കാര്യത്തിൽ രാജ്യത്തിന്റെ ദേശീയ താൽപര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും പ്രതിപക്ഷ ലിബറൽ പാർട്ടി നേതാവ് പീറ്റർ ഡുട്ടനും.
യുഎസുമായി വ്യാപാര മിച്ചമുള്ള രാജ്യമാണ് ഓസ്ട്രേലിയ. യുഎസിലേക്കുള്ള കയറ്റുമതിയിൽ ഡ്യൂട്ടി ഫ്രീ പ്രവേശനം അനുവദിക്കുന്ന സൗജന്യ വ്യാപാര കരാറും ഇരു രാജ്യങ്ങളും തമ്മിലുണ്ട്. അതേസമയം പകരത്തിന് പകരമായി ട്രംപ് ഭരണകൂടത്തിനെതിരെ തീരുവ ചുമത്താൻ തയാറല്ലെന്നും ആൽബനീസ് പറഞ്ഞു.
ഓസ്ട്രേലിയയുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്ന ഓസ്ട്രേലിയൻ നിയന്ത്രണങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ആൽബനീസ് വ്യക്തമാക്കി.
ഓസ്ട്രേലിയയ്ക്ക് മേൽ യുഎസ് ലക്ഷ്യമിടുന്ന പ്രത്യേകിച്ചും ഫാർമസ്യൂട്ടിക്കൽ ബനഫിറ്റ് സ്കീം, ജൈവ സുരക്ഷ, മീഡിയ ബാർഗെയ്നിങ് കോഡ് എന്നീ 3 നിർണായക മേഖലകളിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച ചെയ്യില്ലെന്നും ആൽബനീസ് കൂട്ടിച്ചേർത്തു.
ഇറച്ചി ഉൽപന്നങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുമെന്നതിനാൽ അവയുടെ മേൽ ചുമത്തിയിരിക്കുന്ന കർശന ജൈവ സുരക്ഷാ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തയാറല്ലെന്നും ആൽബനീസ് പറഞ്ഞു.
2003 ൽ യുഎസിലെ കന്നുകാലികളിൽ ബൊവിനോ സ്പോഞ്ചിഫോം എൻസിഫാലോപതി കണ്ടെത്തിയതു മുതൽ യുഎസിന്റെ ഫ്രഷ് ബീഫ് ഉൽപന്നങ്ങൾക്ക് ഓസ്ട്രേലിയ നിരോധനം ഏർപ്പെടുത്തിയതും പട്ടികയിലുണ്ട്.
ഓസ്ട്രേലിയൻ ജനതയ്ക്കൊപ്പം നിലകൊള്ളുകയാണ് തന്റെ ചുമതലയെന്നാണ് പ്രതിപക്ഷ നേതാവ് പീറ്റർ ഡുട്ടൻ പ്രതികരിച്ചത്. ദേശീയ താൽപര്യത്തിന് വേണ്ടി ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോക നേതാക്കളോട് യുദ്ധം ചെയ്യേണ്ടി വന്നാൽ അതിനും മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി രാജ്യങ്ങളാണ് ഓസ്ട്രേലിയയും യുഎസും. യുഎസിന്റെ ബീഫ് ഉൽപാദനത്തിൽ കഴിഞ്ഞ വർഷമുണ്ടായ ഇടിവ് ഓസ്ട്രേലിയയയുടെ കയറ്റുമതി വളർച്ചയ്ക്ക് വഴിയൊരുക്കി.
നോർത്ത് അമേരിക്കയിലും ഏഷ്യയിലുമെല്ലാം ഓസ്ട്രേലിയയുടെ വിപണി വളർച്ചയ്ക്കും കാരണമായി. കഴിഞ്ഞ വർഷം മാത്രം 4 ബില്യൻ ഓസ്ട്രേലിയൻ ഡോളറിന്റെ ബീഫ് ആണ് യുഎസിലേക്ക് കയറ്റുമതി ചെയ്തത്. തെക്കു കിഴക്കൻ ഏഷ്യ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് കയറ്റുമതി വിപുലപ്പെടുത്താനുള്ള നടപടികളിലാണെന്നും ആൽബനീസ് വെളിപ്പെടുത്തി.