ഓസ്‌ട്രേലിയന്‍ പ്രതിരോധസേനയില്‍ പുതുചരിത്രം രചിച്ച് മലയാളി വനിത

ചാപ്ലെയിന്‍ ക്യാപ്റ്റനായി സ്മൃതി എം. കൃഷ്ണ ചുമതലയേറ്റു

ഓസ്‌ട്രേലിയന്‍ പ്രതിരോധസേനയില്‍ പുതുചരിത്രം രചിച്ച് തിരുവനന്തപുരം സ്വദേശിനി സ്മൃതി എം. കൃഷ്ണ (50). യോഗയും ധ്യാനവും പരിശീലിപ്പിച്ചും ആത്മീയമൂല്യങ്ങള്‍ പകര്‍ന്നും ഓസ്‌ട്രേലിയന്‍ സൈനികരുടെ മാനസിക പിരിമുറക്കം കുറയ്ക്കാനുള്ള ദൗത്യവുമാണ് ഈ മലയാളി വനിത ഏറ്റെടുത്തിരിക്കുന്നത്.

മാർച്ച് 19നാണ് സ്മൃതി ഓസ്ട്രേലിയന്‍ പട്ടാളത്തില്‍ ‘ചാപ്ലെയിന്‍ ക്യാപ്റ്റന്‍’ ആയി ചുമതലയേറ്റു. ഓസ്‌ട്രേലിയന്‍ പ്രതിരോധസേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജ ‘ചാപ്ലെയിന്‍ ക്യാപ്റ്റന്‍’ ആയി ചുമതലയേല്‍ക്കുന്നത്.

ജാതി, മത ഭേദമില്ലാതെ എല്ലാ സൈനികര്‍ക്കും ആദ്ധ്യാത്മിക മാനസിക പിന്തുണ നല്‍കുന്നവരാണ് ചാപ്ലെയിന്‍ ക്യാപ്റ്റന്‍. സൈനികരുടെ മാനസിക പിരിമുറക്കം കുറയ്ക്കുക എന്നതാണ് ചുമതല.

സൈനികര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം ക്ലാസെടുക്കണം. യുദ്ധഭൂമിയിലും പോകേണ്ടിവരും. ആയുധപരിശീലനവും നേടണം. യോഗയും ധ്യാനവും പരിശീലിപ്പിച്ചും ആത്മീയമൂല്യങ്ങള്‍ പകര്‍ന്നും ഓസ്‌ട്രേലിയന്‍ സൈനികര്‍ക്കൊപ്പം ഇനി സ്മൃതിയും ഉണ്ടാകും.

എഴുത്തുകാരനും സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലാബ് മുന്‍ ഡയറക്ടറുമായ അന്തരിച്ച ഡോ. മുരളീകൃഷ്ണയുടെയും ശാന്താ ദേവിയുടെയും മകളാണ്. കുടുംബസമേതം ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ്.

ഒന്നരവര്‍ഷം നീണ്ട ഏഴ് ഘട്ടങ്ങള്‍ കടന്നാണ് സ്മൃതിയുടെ നേട്ടം. 165പേരില്‍ നിന്നാണ് തിരഞ്ഞെടുത്തത്. ജിമ്മില്‍ പരിശീലനം നടത്തിയാണ് കായികക്ഷമത പരീക്ഷ കടന്നത്. പതിനഞ്ച് വര്‍ഷമായി തുടരുന്ന സാമൂഹിക സേവനവും കുടിയേറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും വൃദ്ധര്‍ക്കും മെന്ററിംഗ് നല്‍കിയതും ക്യാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമേകിയതും കണക്കിലെടുത്തു.

സുവോളജിയില്‍ എംഫിലും ആര്‍സിസിയില്‍ നിന്ന് ക്യാന്‍സര്‍ ബയോളജിയില്‍ പിഎച്ച്ഡിയും നേടി. 2009ല്‍ ഓസ്‌ട്രേലിയ ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം. സ്‌കൂള്‍ ഓഫ് മെഡിസിനില്‍ അദ്ധ്യാപികയായി. ഇപ്പോള്‍ സ്റ്റെംസെല്‍ ചികിത്സയില്‍ ഗവേഷണം നടത്തുന്നു. ക്ലിനിക്കല്‍ പാസ്റ്റൊറല്‍ എഡ്യുക്കേഷന്‍ കോഴ്‌സും ചെയ്യുന്നു.

പലരാജ്യങ്ങളിലും സൈന്യത്തില്‍ ചാപ്ലെയിന്‍ ക്യാപ്റ്റന്‍ എന്ന തസ്തികയുണ്ട്. ‘സേവനം ചെയ്യുന്നവരെ സേവിക്കാന്‍ എനിക്ക് അവസരം ലഭിച്ചു’ മെല്‍ബണില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം സ്മൃതി പറഞ്ഞു. എഡിഎഫ് ഡയറക്ടര്‍ ജനറല്‍ ഗാരി പോപ്പ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ സ്മൃതിയുടെ അമ്മ ശാന്തയും സുഹൃത്തും സിഡ്നിയിലെ ശിശുരോഗ വിദഗ്ധയുമായ ഡോ. പ്രിയ ശിവദാസും പങ്കെടുത്തു.

സ്റ്റെംസെല്‍ ചികിത്സയെക്കുറിച്ചുള്ള സ്മൃതി ഗവേഷണം തുടരുന്നതിനായി നിലവില്‍ പാര്‍ട്ട് ടൈം ചാപ്ലിനായാണ് സേവനം ചെയ്യുന്നത്.

Related Articles

Back to top button