ജോലി ‘അഭിമുഖത്തിന്’ വിളിച്ചുവരുത്തി ലഹരി നൽകി പെൺകുട്ടികളെ പീഡിപ്പിച്ചു; ഇന്ത്യൻ വംശജന് 40 വർഷം തടവ്

സിഡ്നി: വ്യാജ തൊഴിൽ പരസ്യങ്ങളിലൂടെ 5 പെൺകുട്ടികളെ വശീകരിച്ച് ലഹരി മരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യന്‍ വംശജന് 40 വര്‍ഷം തടവ്. ഓസ്‌ട്രേലിയൻ കോടതിയുടേതാണ് വിധി.

സിഡ്നിയിലെ മുൻ ഡേറ്റ വിഷ്വലൈസേഷന്‍ കണ്‍സല്‍റ്റന്റ് ആയിരുന്ന ബലേഷ് ധന്‍കറിനെ (43) യാണ് കോടതി 40 വര്‍ഷത്തെ തടവിന് വിധിച്ചത്. 30 വര്‍ഷം പരോൾ എടുക്കുന്നതിനും വിലക്കുണ്ട്.

21നും 27നും ഇടയില്‍ പ്രായമുള്ള കൊറിയൻ വംശജരായ 5 പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. 13 തവണ ലൈംഗിക പീഡനം, അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തൽ, അപമര്യാദയായുള്ള പെരുമാറ്റം എന്നിവ ഉള്‍പ്പെടെ 39 കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് വിപുലമായി നടപ്പിലാക്കിയ കുറ്റകൃത്യമെന്നാണ് കോടതി പരാമർശിച്ചത്.

ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളിൽ ഒരാളുടെ പരാതിയിൽ 2018 ലാണ് ഓസ്ട്രേലിയൻ പൊലീസ് ധൻകറിനെ അറസ്റ്റ് ചെയ്തത്. 2023 ലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

വ്യാജ തൊഴിൽ പരസ്യങ്ങൾ കണ്ട് അഭിമുഖത്തിനെത്തുന്ന പെൺകുട്ടികൾക്ക് മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. സിഡ്‌നിയിലെ തന്‌റെ വീട്ടില്‍ വച്ചാണ് ഇയാൾ പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത്.

വ്യാജ ജോലി പരസ്യത്തിന്‌റെയും ഇരകളുടെ ദൗര്‍ബല്യത്തെക്കുറിച്ചും വിശദമായുള്ള സ്‌പ്രെഡ് ഷീറ്റും ബ്ലാക്ക്മെയിൽ ചെയ്യാനായെടുത്ത വിഡിയോ ദൃശ്യങ്ങളും പൊലീസ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു.

2006 ല്‍ സ്റ്റുഡന്‍സ് വീസയിലാണ് ഇയാള്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്. ടൊയോട്ട, ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ തുടങ്ങിയ വൻകിട കമ്പനികളിലുൾപ്പെടെ ഡേറ്റ വിഷ്വലൈസേഷൻ കൺസൽറ്റന്റ് ആയി ജോലി ചെയ്തിരുന്നു.

Exit mobile version