ഓസ്‌ട്രേലിയൻ പൗരത്വം ചിലവേറും; അപേക്ഷാ ഫീസിൽ 72% വർദ്ധനവ്

ഓസ്‌ട്രേലിയൻ പൗരത്വത്തിനായുള്ള അപേക്ഷയുടെ ഫീസ് 72 ശതമാനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. ജൂലൈ ഒന്ന് മുതൽ പുതുക്കിയ ഫീസ് പ്രാബല്യത്തിൽ വരും.

ഓസ്‌ട്രേലിയൻ പൗരത്വം എടുത്താൽ നിരവധി ഗുണങ്ങളാണ് ഉള്ളത്. അതിനാൽ നിരവധി പേരാണ് ഓരോ വർഷവും ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിക്കുന്നത്.

എന്നാൽ ഓസ്‌ട്രേലിയൻ പൗരത്വത്തിനായുള്ള അപേക്ഷയുടെ ഫീസിൽ വൻ വർദ്ധനവ് വരുത്തുമെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചിരിക്കുന്നത്.

പൗരത്വത്തിനായി അപേക്ഷകൾ സമർപ്പിക്കുന്നതിന് നിലവിൽ 285 ഡോളർ ആയിരുന്നു ഫീസ്. ഇത് 490 ആയി ഉയരും.

ഇതുവഴി അപേക്ഷാ ഫീസ് 72 ശതമാനമാണ് വർദ്ധിപ്പിക്കുന്നത്.

ജീവനക്കാരുടെ ശമ്പള വർദ്ധനവും, നാണയപ്പെരുപ്പവും, സങ്കീർണമായ അപേക്ഷകൾ മൂലം നടപടിക്രമങ്ങൾക്ക് കൂടുതൽ സമയം ആവശ്യമായി വരുന്നതും കണക്കിലെടുത്താണ് ഫീസ് വർദ്ധിപ്പിക്കുന്നതെന്ന് കുടിയേറ്റകാര്യ മന്ത്രി അലക്സ് ഹോക്ക് വ്യക്തമാക്കി.

2016 നു ശേഷം ഇതാദ്യമായാണ് പൗരത്വത്തിനായുള്ള അപേക്ഷാ ഫീസ് കൂട്ടുന്നത്.

ജൂലൈ ഒന്ന് മുതലാണ് പുതുക്കിയ ഫീസ് നൽകേണ്ടത്.

അതേസമയം, മാതാപിതാക്കൾക്കൊപ്പം അപേക്ഷ സമർപ്പിക്കുന്ന 15 വയസിൽ താഴെയുള്ള കുട്ടികളുടെ അപേക്ഷകൾ സൗജന്യമായി തുടരും.

എന്നാൽ കുട്ടികൾക്ക് മാത്രമായി അപേക്ഷ സമർപ്പിക്കുമ്പോൾ 300 ഡോളർ ആകും ഫീസ്. നിലവിൽ ഇതിന്റെ ഫീസ് 180 ഡോളറാണ്.

കൂടാതെ, ഓസ്‌ട്രേലിയൻ പൗരന്മാരുടെ വിദേശത്തു ജനിക്ക് മക്കൾക്കുള്ള അപേക്ഷാ നിരക്കും വർദ്ധിപ്പിക്കും. ഇത് നിലവിലെ 230 ഡോളറിൽ നിന്ന് 315 ഡോളർ ആയി ഉയർത്തും.

നിലവിലെ ഫീസിൽ നിന്ന് 50 ശതമാനം മാത്രമാണ് സർക്കാരിന് ലഭിക്കുന്നതെന്നും, ബ്രിട്ടൻ, അമേരിക്ക, കാനഡ പോലുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഫീസ് കുറവാണെന്നും മന്ത്രി അലക്സ് ഹോക്ക് ചൂണ്ടിക്കാട്ടി.

കടപ്പാട്: SBS മലയാളം

Exit mobile version