ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്കിനെതിരെ കേസ്

ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്കേർപ്പെടുത്തിയിരിക്കുന്ന ഓസ്‌ട്രേലിയൻ സർക്കാർ നടപടിക്കെതിരെ ഓസ്‌ട്രേലിയൻ പൗരൻ നിയമനടപടികൾ ആരംഭിച്ചു.

ഇന്ത്യയിൽ നിന്നുളളവർ ഓസ്‌ട്രേലിയയിലേക്ക് പ്രവേശിച്ചാൽ ജയിൽ ശിക്ഷയും കഠിന പിഴയും ലഭിക്കാമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചിരുന്നു.

പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ ഈ പ്രഖ്യാപനം ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു.

സർക്കാരിന്റെ നടപടി വംശീയവിവേചനമാണെന്നുള്ള ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്.

മാത്രമല്ല ഈ നടപടി കോടതിയിൽ ചോദ്യം ചെയ്യപ്പെടാമെന്നും ഓസ്ട്രേലിയൻ ലോയേഴ്സ് അലയൻസ് ദേശീയ വക്താവ് ഗ്രെഗ് ബാൺസ് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയൻ പൗരൻ കോടതിയെ സമീപിച്ചത്.

ബാംഗളൂരിൽ കുടുങ്ങിക്കിടക്കുന്ന 73 കാരനായ ഓസ്‌ട്രേലിയൻ പൗരനാണ് നിയമനടപടികളുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. കൊവിഡ് യാത്രാ വിലക്ക് നടപ്പാക്കിയ 2020 മാർച്ചിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്തയാളാണ് ഈ 73 കാരൻ.

ഇത് സംബന്ധിച്ച കേസ് സിഡ്‌നിയിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ മൈക്കൽ ബ്രാഡ്‌ലി പറഞ്ഞു.

ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ടിന്റെ നിർദ്ദേശപ്രകാരമുള്ള യാത്രാ വിലക്കും ജൈവസുരക്ഷാ നിയമ പ്രകാരം ക്രിമിനൽ കുറ്റമാക്കുന്ന നടപടിയും നിയമസാധുതയുള്ളതാണോ എന്ന കാര്യമാണ് കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്.

ഈ കേസിന്റെ ഹ്രസ്വമായ വാദം ബുധനാഴ്ച് നടന്നതായി അഭിഭാഷകൻ മൈക്കൽ ബ്രാഡ്‌ലി പറഞ്ഞു. കേസ് അതിവേഗത്തിലാക്കാമെന്ന് സമ്മതിച്ച കോടതി, 48 മണിക്കൂറിനുള്ളിൽ അക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.

ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാൻ ശ്രമിച്ചാൽ അഞ്ച് വര്ഷം വരെ തടവും 66,600 ഡോളർ പിഴയും ലഭിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

മെയ് 15 വരെയാണ് ഇപ്പോൾ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അതിന് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നുമാണ് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചത്.

എന്നാൽ തിരിച്ചെത്താൻ ശ്രമിക്കുന്നതിന്റെ പേരിൽ ആരെങ്കിലും ജയിലിൽ ആകാനുള്ള സാധ്യത വിരളമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കടപ്പാട്: SBS മലയാളം

Related Articles

Back to top button